|    Nov 13 Tue, 2018 6:30 am
FLASH NEWS

ശ്രീകൃഷ്ണ- ചട്ടമ്പി സ്വാമി ജയന്തി ആഘോഷം; പോലിസ് കാവലില്‍ റാലികള്‍ സമാധാനപരം

Published : 25th August 2016 | Posted By: SMR

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസിന്റെ ബാലസംഘടനയായ ബാലഗോകുലവും വര്‍ഗീയ വിരുദ്ധ കാംപയിന്റെ ഭാഗമായി സിപിഎം പോഷക സംഘടനകള്‍ നടത്തിയ റാലികളും സമാധാനപരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലയിടത്തും വന്‍ പോലിസ് സന്നാഹത്തോടെ അരങ്ങേറിയ റാലികള്‍ ചിലയിടത്ത് ഗതാഗതക്കുരുക്കിനു കാരണമായി.
പരിപാടി നടക്കുന്ന സ്ഥലങ്ങളിലും റൂട്ടുകളിലുമെല്ലാം സായുധ പോലിസ് ഉള്‍പ്പെടെയുള്ളവരെ വിനിയോഗിച്ച് പോലിസ് സജ്ജമായിരുന്നു. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ ഇരുറാലികളും പങ്കെടുത്തു. ശ്രീകൃഷ്ണ ജയന്തി ആഘോഷഭാഗമായാണു ബാലഗോകുലം 200ഓളം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടത്തിയത്. നമ്മുക്ക് ജാതിയില്ല എന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സിപിഎം എല്ലാ ലോക്കല്‍ കമ്മിറ്റികളിലും സാംസ്‌കാരിക റാലികളും പരിപാടികളും നടത്തിയത്.
ജില്ലയില്‍ 207 ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിയില്‍ റാലി നടത്തിയതായാണു സിപിഎം വാദം. ഇരുറാലികളും മുഖാമുഖം എത്തുന്നത് ഒഴിവാക്കിയാണ് പോലിസ് റൂട്ടുകള്‍ നല്‍കിയത്. ഇത് സംഘര്‍ഷസാധ്യത ഇല്ലാതാക്കി. അതേസമയം, മത ചടങ്ങായി ആഘോഷിക്കുന്ന ബാലഗോകുലം റാലിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ആരോപണമുണ്ട്. കണ്ണൂരില്‍ ശോഭായാത്രയ്ക്ക് സ്വാമി അമൃത കൃപാനന്ദപുരി, അഡ്വ. കെ കെ ബലറാം, എ ദാമോദരന്‍, കെ വി ജയരാജന്‍ നേതൃത്വം നല്‍കി.
സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി, ചട്ടമ്പി സ്വാമി അനുസ്മരണത്തിന്റെയും ഭാഗമായി ബാലസംഘം, മഹിളാ അസോസിയേഷന്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സിപിഎം സംസ്‌കാരിക ഘോഷയാത്ര നടത്തിയത്.
ഇരിട്ടിയില്‍ നടന്ന ഘോഷയാത്രയ്ക്ക് പി പി ഉസ്മാന്‍, കെ വിജയന്‍, സദാനന്ദന്‍ മാസ്റ്റര്‍, പി എ സൗദാമിനി നേതൃത്വം നല്‍കി.
കുട്ടികളും സ്ത്രീകളുമടക്കം നൂറു കണക്കിനാളുകള്‍ അണിനിരന്ന ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങളും കൊഴുപ്പേകി. തില്ലങ്കേരി പഞ്ചായത്തില്‍ രണ്ടു മേഖലകളില്‍ ഘോഷയാത്ര നടന്നു. ഉളിക്കല്‍, എടുര്‍, കീഴ്പള്ളി, കരിക്കോട്ടക്കരി, വാണിയപ്പാറ, ചാവശ്ശേരി എന്നിവടങ്ങളിലും ഘോഷയാത്ര നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസ് മുന്‍കൂട്ടി നിശ്ചയിച്ച് സമയക്രമം അനുസരിച്ചായിരുന്നു ടൗണിലെ ഘോഷയാത്ര. പാനൂര്‍ ഏരിയയില്‍ 15 കേന്ദ്രങ്ങളില്‍ സിപിഎം സംസ്‌കാരിക ഘോഷയാത്രകള്‍ നടന്നു. തലശ്ശേരി ടൗണില്‍ സംഘടിപ്പിച്ച കാഴ്ച 2016 കലാ-കായിക സംഗമം സാംസ്‌കാരിക സമ്മേളനം അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു.
പ്രസിദ്ധ സിനിമാ താരം മിത്രാകുര്യന്‍, കെഎസ്ടിഎ സംസ്ഥാന കൗണ്‍സില്‍ അംഗം ബീന, പുഞ്ചയില്‍ നാണു, റസാഖ്, വാസു, കെ കെ ബിജു, ആമിന മാളിയേക്കല്‍ സംസാരിച്ചു.
കൂത്തുപറമ്പില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
കൂത്തുപറമ്പ്: സിപിഎമ്മിന്റെ ‘നമ്മളൊന്ന്’ ഘോഷയാത്രയും ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും കൂത്തുപറമ്പ് നഗരത്തില്‍ നടന്നതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഗതാഗത ക്കുരുക്ക്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ കുടുങ്ങി. ഇന്നലെ വൈകീട്ട് നാലോടെയാണ് സിപിഎമ്മിന്റെ ഘോഷയാത്ര നഗരത്തിലൂടെ കടന്നുവന്നത്. അത് അവസാനിക്കുമ്പോഴേക്കും ബാലഗോകുലത്തിന്റെ ശോഭയാത്രയും നഗരത്തിലെത്തി. രണ്ട് ഘോഷയാത്രകളും കടന്നുപോവുന്നത് വരെ ഗതാഗതം നിലച്ചു. ഈ സമയം ഇതുവഴിയെത്തിയ രണ്ട് ആംബുലന്‍സുകളും അല്‍പനേരം കുരുക്കില്‍ കുടുങ്ങി.
രണ്ട് ഘോഷയാത്രകള്‍ക്കും നഗരത്തില്‍ തന്നെ പരിപാടി നടത്താന്‍ അനുമതി നല്‍കിയ പോലിസ് നടപടിയില്‍ അമര്‍ഷമുയര്‍ന്നിട്ടുണ്ട്. ഘോഷയാത്രകളില്‍ പെട്ട് ചില ബസുകളും ഏറെ പ്രയാസപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss