|    May 25 Thu, 2017 2:12 pm
FLASH NEWS

ശ്രവണ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം : സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

Published : 20th March 2017 | Posted By: fsq

അടൂര്‍: മണക്കാല സിഎസ്‌ഐ ഭാഗിക ശ്രവണ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കി.
അടൂര്‍ ഡിവൈഎസ്പി., കൊല്ലം ജില്ലാ കലക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, കേരള ഗവര്‍ണര്‍ എന്നിവര്‍ക്കാണ് ശനിയാഴ്ച പരാതി നല്‍കിയത് കൊല്ലം കിഴക്കേകല്ലട ഗോവിന്ദവിലാസത്തില്‍ പരേതനായ മുരളിയുടെയും ലതയുടെയും മകളായ മായയെ(17) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മണക്കാലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ കട്ടിലിനു താഴെ മരിച്ചനിലയില്‍ കണ്ടത്.
ബുധനാഴ്ച കുട്ടിയെ കാണാന്‍ അമ്മ ഹോസ്റ്റലില്‍ എത്തിയിരുന്നു. ഇനി ഇവിടെ പഠിക്കാന്‍ വയ്യ എന്ന് ആംഗ്യഭാഷയില്‍ മകള്‍ അറിയിച്ചതായി ലത പരാതിയില്‍ പറയുന്നു. പരീക്ഷ കഴിയുമ്പോള്‍ കൊണ്ടുപോകാമെന്ന് ഉറപ്പു നല്‍കിയാണ് അന്നുപോയത്.
വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍നിന്ന് വിളിച്ച് മായയ്ക്ക് അസുഖം കൂടുതലാണ്, വീട്ടില്‍നിന്ന് ആരെങ്കിലും വരണമെന്നും പറഞ്ഞു. ലതയും ബന്ധുക്കളും കൂടി അടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ കാണുന്നത് മായയുടെ മൃതദേഹമാണ്.
അണുബാധ കാരണമാണ് മായ മരിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. ബുധനാഴ്ച അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മായയെ ചികില്‍സിച്ചിരുന്നു. അവിടെ 130 രൂപയുടെ മരുന്നിനുള്ള ചികില്‍സ മാത്രമാണ് നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഹോസ്റ്റലിലെ വാര്‍ഡന്‍ മായയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും സഹോദരി മഞ്ജിമയോടും അറിയിച്ചിട്ടുണ്ടായിരുന്നു. മായയുടെ മരണാനന്തര കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ വന്ന സഹപാഠികള്‍ വാര്‍ഡനാണ് കാരണം എന്ന് എഴുതി കാണിച്ചതും സംഭവത്തെപ്പറ്റി ദുരൂഹത വര്‍ധിക്കുകയാണ്. ചടങ്ങുകള്‍ക്ക് വാര്‍ഡന്‍ എത്തിയില്ല. സ്‌കൂളില്‍നിന്നുവന്നവരെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. പിന്നീട് കൊല്ലം കലക്ടര്‍ ഇടപെട്ടാണ് വിട്ടയച്ചത്. സംഭവത്തില്‍ ദുരൂഹത ഉള്ളതിനാല്‍ പ്രത്യേക കല്ലറ കെട്ടിയാണ് മൃതദേഹം അടക്കംചെയ്തത്. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി സംഭവത്തിലെ ദുരൂഹത മാറ്റണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day