|    Jan 18 Wed, 2017 11:32 am
FLASH NEWS

ശ്രദ്ധിക്കുക, നിങ്ങളും എടിഎം കവര്‍ച്ചക്ക് ഇരയായേക്കാം

Published : 10th August 2016 | Posted By: Navas Ali kn

തിരുവനന്തപുരത്ത് എടിഎമ്മിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന പ്രതികളെ തിരിച്ചറിയുകയും പ്രധാന പ്രതി പിടിയിലാകുകയും ചെയ്‌തെങ്കിലും താരതമ്യേന സുരക്ഷിതമെന്നു കരുതിയ എടിഎം ഉപയോഗം ഏറെ ജാഗ്രത ആവശ്യപ്പെടുന്നുവെന്ന് ഈ സംഭവം ഓര്‍മപ്പെടുത്തുന്നു. കേവലം 2000 രൂപ മുടക്കിയാല്‍ ലഭിക്കുന്ന മാഗ്നറ്റിക് ക്രെഡിറ്റ് കാര്‍ഡ് റീഡറും ആയിരം രൂപയില്‍ താഴെ വിലയുള്ള രഹസ്യ കാമറയുമുണ്ടെങ്കില്‍ ആരുടെ എടിഎം വിവരങ്ങളും മോഷ്ടാക്കള്‍ക്ക് ശേഖരിക്കാനാകും എന്നതാണ് വാസ്തവം. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ട ആദ്യ ഹൈടെക് കവര്‍ച്ചാ സംഭവം ആണ് തിരുവവന്തപുരത്തേതെങ്കിലും പല രാജ്യങ്ങളിലും ഇത്തരം കവര്‍ച്ചകള്‍ ആവര്‍ത്തിക്കാറുണ്ട്.
ക്രെഡിറ്റ് , ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സ്ഥലത്ത് മാഗ്‌നറ്റിക് ക്രെഡിറ്റ് കാര്‍ഡ് റീഡര്‍ ആരെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും അതില്‍ പതിയും. അതോടെ മോഷ്ടാക്കള്‍ക്ക് നിഷ്പ്രയാസം അതേ വിവരങ്ങളുള്ള കാര്‍ഡ് നിര്‍മാക്കാനാകും. കാര്‍ഡ് ഉണ്ടാക്കിയാല്‍ പിന്‍ നമ്പര്‍ കണ്ടെത്തുകയാണ് പണം പിന്‍വലിക്കുന്നതിന് അവര്‍ക്ക് വേണ്ടത്. അതിനാണ് കീബോര്‍ഡിലേക്കു കാണുന്നവിധത്തില്‍ രഹസ്യ കാമറ പിടിപ്പിക്കുന്നത്. ഇതിലൂടെ നമ്മള്‍ ടൈപ്പ് ചെയ്യുന്ന നമ്പര്‍ കണ്ടുപിടിക്കാനാകും. നമ്മുടെ എടിഎം കാര്‍ഡിലെ എല്ലാ വിവരങ്ങളുമുള്ള ഡ്യൂപ്ലിക്കറ്റ് കാര്‍ഡും പിന്‍ നമ്പറും ലഭിച്ചാല്‍ പിന്നെ എവിടെ നിന്നും അവര്‍ക്ക് പണം പിന്‍വലിക്കാന്‍ ഒരു തടസ്സവുമുണ്ടാകില്ല. എടിഎം കൗണ്ടറിലൂടെ മാത്രമല്ല, സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളും ഏറെയാണ്. ചെറിയ മുന്‍കരുതലുകളെടുത്താല്‍ ഈ കവര്‍ച്ചയില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാകും. ഇതാണ് അതിനുള്ള വഴികള്‍.

എടിഎമ്മിന്റെ പിന്‍ നമ്പര്‍ വളരെയധികം പ്രാധാനപ്പെട്ട വിവരമാണെന്ന നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. എടിഎം കൗണ്ടറിലോ, സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ് കൗണ്ടറിലോ, എവിടെയായാലും പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കൈ കൊണ്ട് കീബോര്‍ഡിനു മുകളില്‍ മറച്ചുപിടിക്കുക, മുകളിലെ കാമറയില്‍ നമ്മള്‍ ടൈപ്പ് ചെയ്യുന്നത് പതിയുന്നത്് തയാനാണ് ഇത്. പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നത് മറ്റാരും കാണുന്നില്ലെന്നും ഉറപ്പുവരുത്തുക.
വിശ്വാസ്യത ഇല്ലാത്ത സ്ഥാപനങ്ങളില്‍ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് പര്‍ച്ചേസ് നടത്താതിരിക്കുക, പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളില്‍. ഉപയോഗിക്കേണ്ടി വന്നാല്‍ തന്നെ പിന്‍ നമ്പര്‍ ഉടന്‍ മാറ്റുക. മാസത്തില്‍ ഒരിക്കലെങ്കിലും പിന്‍ നമ്പര്‍ മാറ്റുക . പിന്‍ നമ്പര്‍ മാറ്റുന്നതിന് പ്രത്യേക കോഡ് ശീലിച്ചാല്‍ ഇത് എളുപ്പം ചെയ്യാം. ഉദാഹരണത്തിന് 2255 എന്ന നമ്പര്‍ മാറ്റുമ്പോള്‍ മൂന്നു വീതം കൂട്ടി 5588 എന്നാക്കുക തുടങ്ങിയ രീതികള്‍. മൊബൈല്‍ നമ്പറിലെയോ വീട്ടിലെ ലാന്റ് ഫോണിലെയോ അവസാന അക്കങ്ങള്‍ പിന്‍ നമ്പറാക്കാതിരിക്കുക. പിന്‍ നമ്പര്‍ എഴുതി പഴ്‌സില്‍ സൂക്ഷിക്കുന്നതും പിന്‍ നമ്പര്‍ എന്ന പേരില്‍ മൊബൈലില്‍ സേവ് ചെയ്യുന്നതും ഒഴിവാക്കുക.
കൂടുതല്‍ തുകയുള്ള അകൗണ്ട് തന്നെ ഓണ്‍ലൈന്‍ പര്‍ച്ചേസിനും, സ്ഥിരമായി പണം പിന്‍വലിക്കാനും ഉപയോഗിക്കാതിരിക്കുക. മിനിമം ബാലന്‍സുള്ള മറ്റൊരു അകൗണ്ട് തുടങ്ങി ആവശ്യാനുസരണം അതിലേക്ക് പണം മാറ്റിയ ശേഷം അതിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുക.ക്രെഡിറ്റ് കാര്‍ഡ് ആണു ഉപയോഗിക്കുന്നതെങ്കില്‍ , ബാങ്കില്‍ നിന്നും ഒരു സപ്ലിമെന്ററി കാര്‍ഡ് കൂടി വാങ്ങുക. ഇതിന്റെ പരിധി കുറഞ്ഞ തുക ആക്കി ക്രമീകരിക്കുക.
ഒര്‍ക്കുക, ഓണ്‍ ലൈന്‍ ബാങ്കിങും, എടിഎമ്മും ആര് വിവരങ്ങള്‍ നല്‍കിയാലും പണം പിന്‍വലിക്കാന്‍ സാധിക്കുന്നവയാണ്. നമ്മളാണോ മോഷ്ടാവാണോ എടിഎം കാര്‍ഡ് ഉപയോഗിച്ച് വിവരങ്ങള്‍ നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള സൗകര്യം ഇപ്പോള്‍ നമ്മുടെ നാട്ടിലെ എടിഎമ്മുകളില്‍ ഇല്ല. എടിഎമ്മില്‍ വിരലടയാളത്തിനും മൊബൈല്‍ ഫോണ്‍ എസ്എംഎസ് വെരിഫൈ കോഡിനും ശേഷം മാത്രം പണം പിന്‍വലിക്കാവുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ വരുകയാണെങ്കില്‍ ഇത്തരം തട്ടിപ്പ് ഒരു പരിധിവരെ ഇല്ലാതെയാക്കാം. അതിന് ബാങ്കുകള്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. അതുവരെ നമ്മുടെ ജാഗ്രത മാത്രമേ തട്ടിപ്പില്‍ നിന്നും സംരക്ഷിക്കുകയുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,896 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക