|    Jan 24 Tue, 2017 12:26 am

ശ്മശാനത്തിലേക്ക് വഴിയില്ല; മൃതദേഹവുമായി റോഡ് ഉപരോധിച്ചു

Published : 30th July 2016 | Posted By: SMR

മഞ്ചേരി: ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവാന്‍ വേണ്ടത്ര വഴിയില്ലെന്നാരോപിച്ച് മൃതദേഹവുമായി റോഡ് ഉപരോധിച്ചു. മുള്ളമ്പാറ വാക്കെതൊടിയിലെ ചോഴിയാംകുന്ന് ശ്മശാനത്തിലേക്കാണു വഴിയില്ലെന്നു പറഞ്ഞ് പുലയ ശ്മശാന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിച്ചത്.
ഇന്നലെ രാവിലെ 10.30ന് കക്കാട്ട് കുന്നിലെ പുലയകോളനിയിലെ രാധാകൃഷ്ണന്റെ മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തതോടെ ഗതാഗതം തടസ്സപ്പെട്ടു. വഴി പ്രശ്‌നം പരിഹരിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. തുടര്‍ന്ന് സബ് കലക്ടര്‍ ജാഫര്‍മാലിക്കും കലക്ടറുടെ നിര്‍ദേശ പ്രകാരം അഡീഷനല്‍ പോലിസ് സൂപ്രണ്ട് പ്രതീഷ് കുമാറും സ്ഥലത്തെത്തി.
ശേഷം പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഇന്‍ ചാര്‍ജ്ജ് പി ടി ബാലന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, ഏറനാട് തഹസില്‍ദാര്‍ പി സുരേഷ്, വില്ലേജ് ഓഫിസര്‍, സിപിഎം ഏരിയാ സെക്രട്ടറി വി എം ഷൗക്കത്ത്, നഗരസഭ കൗണ്‍സിലര്‍ പി ജി ഉപേന്ദ്രന്‍, കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. എന്നാല്‍, മൂന്ന് മാസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന സബ് കലക്ടറുടെ ഉറപ്പില്‍ ഉപരോധ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ വരിയാല്‍ ചെറുകാട് വേണുഗോപാലിന്റെ മുതദേഹംവച്ചും നാട്ടുകാര്‍ സമാനമായ രീതിയില്‍ പ്രതിഷേധിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍, എഡിഎം, തഹ്‌സില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞിരുന്നുവെങ്കിലും ശ്രമിച്ചില്ലെന്നു പട്ടികജാതി ക്ഷേമ സമിതി മഞ്ചേരി ഏരിയാ കമ്മിറ്റി ആരോപിച്ചു.
യോഗത്തില്‍ കൊരമ്പയില്‍ ശങ്കരന്‍, രാജന്‍ പരുത്തിപറ്റ, വി വേലായുധന്‍, സി നീലകണ്ഠന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക