|    Mar 23 Thu, 2017 5:59 am
FLASH NEWS

ശോഭ ടീച്ചര്‍ക്കും ഇന്ന് പെരുന്നാള്‍

Published : 6th July 2016 | Posted By: G.A.G

sobhateacher

 

നഹാസ് എം നിസ്താര്‍                      

പെരിന്തല്‍മണ്ണ:  30 ദിവസത്തെ നോമ്പിന് ശേഷം ശോഭട്ടീച്ചര്‍ ഭര്‍ത്താവിനോടും മക്കള്‍ക്കുമൊപ്പം ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരിന്തല്‍മണ്ണ ഓസ്ലോവ കോഓപറേറ്റീവ് കോളേജിലെ പ്രധാനാധ്യാപിക കെ ശോഭനയും കുടുംബവും  കഴിഞ്ഞ 21 വര്‍ഷമായി ഇതു തുടരുന്നു.
സഹപ്രവര്‍ത്തകരും അയല്‍ക്കാരും പകലന്തിയോളം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുമ്പോള്‍ താന്‍ മാത്രമെന്തിന് മാറി നില്‍ക്കണമെന്ന് ചോദിച്ച് 21 വര്‍ഷമായി റമദാനില്‍ ഇവര്‍ നോമ്പനുഷ്ഠിക്കുന്നുണ്ട്.ക്രൈസ്തവര്‍ക്കൊപ്പം സെപ്റ്റംബറിലെ എട്ട് നോമ്പ് കൂടി എടുക്കുന്നതോടെ സഹമതാചാരങ്ങളോടുള്ള ബഹുമാനത്തിന്റെ നല്ലപാഠം പകരുകയാണ് ടീച്ചര്‍.
മങ്കട സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് ഒലിങ്കരയിലാണ്.   1995 മുതലാണ് നോമ്പെടുക്കാന്‍ തുടങ്ങിയത്. അയല്‍വാസികളില്‍ കൂടുതലും മുസ്ലിംകളാണ്. ഇവര്‍ റമദാനില്‍ നോമ്പെടുക്കുന്നത് കണ്ടിട്ട് തനിക്കും നോമ്പെടുക്കണമെന്ന് ടീച്ചര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ് റമദാനിലെ നോമ്പ്. യോഗയും ധ്യാനവും ടീച്ചറുടെ പതിവില്‍പെട്ടതാണ്. ഒരുമാസം ഉപവാസം കൂടിയാകുമ്പോള്‍ മാനസികവും ശാരീരികവുമായ ശുദ്ധത കൂടി ആര്‍ജിക്കാനും കഴിയുന്നു. 50 പിന്നിട്ട ടീച്ചര്‍ക്ക് ഇതുവരെ കാര്യമായ അസുഖങ്ങളൊന്നുമില്ല. തനിക്ക് നോമ്പെടുക്കാന്‍ കഴിയുന്നത്രയും കാലം നോമ്പ് പിടിക്കുമെന്ന് ടീച്ചര്‍ പറയുന്നു.
നോമ്പെടുക്കുന്നതിന് ടീച്ചറുടെ കുടുംബത്തിലുള്ളവര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. എല്ലാ ദിവസവും രാവിലെ നാലിന് എഴുന്നേറ്റ് ഇടയത്താഴം കഴിച്ചു കൊണ്ടാണ് നോമ്പെടുക്കല്‍ ആരംഭിക്കുന്നത്. അത്താഴത്തിന് ഓട്ട്‌സ് ആണ് ഭക്ഷണം. സന്ധ്യയാകുമ്പോള്‍ ഒരു ക്ലാസ് ചായയോടെ നോമ്പ് തുറക്കും. ശേഷം രാമായണ പാരായണം. എട്ട് മണിയോടെ അല്‍പം കഞ്ഞി. ഇതാണ് ടീച്ചറുടെ നോമ്പ് കാലത്തെ പതിവ്. റമദാനിനിടെ ഓണമടക്കമുള്ള ഉല്‍സവങ്ങള്‍ വന്നപ്പോഴല്ലാതെ നോമ്പ് മുടങ്ങിയിട്ടില്ല.
1986ല്‍ പെരിന്തല്‍മണ്ണയില്‍ കോഓപറേറ്റീവ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ക്കെ ഇവിടത്തെ കൊമേഴ്‌സ് അധ്യാപികയാണ് ശോഭ ടീച്ചര്‍. പ്രധാനാധ്യാപികയായിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. 29 വര്‍ഷത്തോളമായി ഇവിടെ വിശിഷ്ട സേവനം നടത്തുന്ന ടീച്ചര്‍ ഇന്ന് ഇവിടത്തുകാരുടെ പ്രിയപ്പെട്ട അധ്യാപിക കൂടിയാണ്.
കണ്ണൂര്‍ പാനൂരിലെ എല്‍.ഐ.സി ബ്രാഞ്ച് മാനേജറായ യദുകുമാരനാണ് ഭര്‍ത്താവ്. ഏകമകന്‍ യദീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്‌

(Visited 94 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക