|    Dec 14 Fri, 2018 4:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശോഭാ സുരേന്ദ്രന്റെ ഹരജി തള്ളി; 25,000 രൂപ കെട്ടിവയ്ക്കണം

Published : 5th December 2018 | Posted By: kasim kzm

കൊച്ചി: ശബരിമല വിഷയത്തില്‍ ഭക്തരെ പോലിസ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹരജി 25,000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി തള്ളി. ഹരജി ദുരുദ്ദേശ്യപരമാണെന്നും പ്രശസ്തി നേടാനുള്ള ശ്രമമാണെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പണം നല്‍കണം. അല്ലാത്തപക്ഷം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികളെ വെറുതെവിട്ട കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന സുപ്രിംകോടതി വിധി കേരളത്തില്‍ നടപ്പാക്കിയില്ലെന്നും പോലിസ് അതിക്രമം കൂടാന്‍ കാരണം ഇതാണെന്നുമായിരുന്നു ഹരജിയിലെ വാദം.
പ്രതികളെ വെറുതെവിട്ട കേസുകളുടെ 2017 വരെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തേടിയെങ്കിലും ലഭിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു. ഇതോടൊപ്പമാണ് ശബരിമല വിഷയത്തില്‍ 5000ഓളം പേരെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്‌തെന്നും ഈ കേസിലെ വിവരങ്ങള്‍ കൂടി ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടത്.
എന്തുകൊണ്ടാണ് ഹരജിയില്‍ ഈ ആവശ്യം കൂട്ടിച്ചേര്‍ത്തതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വാദങ്ങളില്‍ ജാഗ്രത പാലിക്കണം. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിത്. വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഇതോടെ ഹരജി പിന്‍വലിച്ച് നിരുപാധികം മാപ്പുപറയാമെന്ന് ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ അപേക്ഷിച്ചെങ്കിലും കോടതി കൂട്ടാക്കിയില്ല. അനാവശ്യ വ്യവഹാരക്കാര്‍ക്കുള്ള മുന്നറിയിപ്പാണിതെന്ന് വ്യക്തമാക്കിയാണ് കോടതിച്ചെലവ് കെട്ടിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss