|    Nov 22 Thu, 2018 1:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശൈലിയും കസേരയും മാറാതെ വീണ്ടും ഇ പി ജയരാജന്‍

Published : 15th August 2018 | Posted By: kasim kzm

കണ്ണൂര്‍: ജാഗ്രതക്കുറവ് തിക്തമായ രാഷ്ട്രീയാനുഭവങ്ങള്‍ സമ്മാനിച്ചെങ്കിലും ശൈലിയോ കസേരയോ മാറാതെ ഇ പി ജയരാജന് ഇടതുസര്‍ക്കാരില്‍ മന്ത്രിയായി രണ്ടാമൂഴം. അതും മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ പിന്തുണയോടെ, സര്‍ക്കാരിലെ രണ്ടാമനായി.
പലവിധ വിവാദങ്ങളില്‍ കുരുങ്ങി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റ നിലവിലെ സാഹചര്യത്തില്‍ ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം സര്‍ക്കാരിനും പാര്‍ട്ടിക്കും പുതിയ ഊര്‍ജം പകരുമെന്നാണ് നേതൃത്വത്തില്‍ വിലയിരുത്തല്‍. സ്ഥാനമൊഴിഞ്ഞ് 22 മാസത്തിനു ശേഷമാണ് സിപിഎം കണ്ണൂര്‍ ലോബിയിലെ പ്രമുഖന്റെ തിരിച്ചുവരവ്. ബന്ധുനിയമന വിവാദമാണ് 2016 ഒക്ടോബര്‍ 14ന് പിണറായി വിജയന്റെ വിശ്വസ്തനായ ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം തെറുപ്പിച്ചത്. ജയരാജന്റെ ഭാര്യാ സഹോദരിയും എംപിയുമായ പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വിനയായതോടെ മന്ത്രിയായി 142ാം ദിവസം പുറത്തേക്ക്.
അങ്ങനെ പുതിയ മന്ത്രിസഭയിലെ ആദ്യം പുറത്താവുന്ന മന്ത്രിയെന്ന റെക്കോഡ് ഇ പിക്ക് സ്വന്തമായി. സിപിഎം കണ്ണൂര്‍ ലോബിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. ജയരാജന്റെ പ്രവൃത്തിയില്‍ കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതും വിജിലന്‍സ് നിയമനടപടികള്‍ തുടങ്ങിയതും പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍, തങ്ങളുടെ ചെയ്തികള്‍ക്ക് ഇ പി ജയരാജന്റെയും പി കെ ശ്രീമതിയുടെയും ന്യായീകരണം ഏറെ ചര്‍ച്ചയ്ക്കിടയാക്കി. പ്രതിസന്ധി ഘട്ടത്തില്‍ മറ്റു പോംവഴികളില്ലാതെ മുഖ്യമന്ത്രി തന്റെ വിശ്വസ്തനായ ഇ പി ജയരാജനെ തള്ളിപ്പറഞ്ഞപ്പോഴും അദ്ദേഹത്തെ അകറ്റിനിര്‍ത്തിയിരുന്നില്ല. ബന്ധുനിയമന വിവാദത്തില്‍ ഇ പി ആടിയുലഞ്ഞപ്പോള്‍ പൂര്‍ണ സംരക്ഷണം നല്‍കിയത് പിണറായി ആയിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തുകയും കോടതി ജയരാജനെ കുറ്റവിമുക്തനാക്കുകയും ചെയ്തതോടെ ബന്ധം ഒന്നുകൂടി ദൃഢമായി.
ഒരുകാലത്ത് കണ്ണൂരിലെ പാര്‍ട്ടിയെ എം വി രാഘവന്‍ നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി നിലകൊണ്ടത് ഇ പിയായിരുന്നു. രാഘവന്‍ പാര്‍ട്ടിയില്‍ നിന്നു പോയപ്പോള്‍ ഇ പി പിണറായി വിജയന്റെ വലതുകൈയായി. മൂന്നു ജയരാജന്മാരാണ് പിണറായിയുടെ ശക്തിയെന്നു വിശേഷിക്കപ്പെടുന്നു. അതില്‍ ഏറ്റവും വിശ്വസ്തനും പ്രിയപ്പെട്ടവനും ഇ പി ജയരാജന്‍ തന്നെ. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ഇ പി ജയരാജന്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss