|    Nov 13 Tue, 2018 8:34 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ശൈഖ് മുഹമ്മദിന്റെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വിതരണം തുടങ്ങി

Published : 23rd August 2018 | Posted By: ke

ദുബയ്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിറഞ്ഞു നില്‍ക്കുന്നു. 700 കോടി രൂപയുടെ സഹായ വാഗ്ദാനത്തിന് പുറമെ, ദുരിത ക്യാമ്പുകള്‍ക്കായി 195 ടണ്‍ അരിയും 35 ടണ്‍ ധാന്യപ്പൊടികളും ശൈഖ് മുഹമ്മദിന്റെ ചാരിറ്റി ഫണ്ടില്‍ നിന്ന് അനുവദിച്ചിരിക്കുകയാണിപ്പോള്‍. അരിയുടെയും ധാന്യപ്പൊടികളുടെയും ആദ്യ ഘട്ട വിതരണം ഇന്നലെ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നടന്നു. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ക്യാമ്പുകളെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 12,000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ എത്തിച്ച് വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കുമെന്ന് തണല്‍ കല്‍പ്പകഞ്ചേരി ചെയര്‍മാന്‍ എ.പി അബ്ദുസ്സമദും റീജന്‍സി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീനും അറിയിച്ചു.

കെഎന്‍എമ്മിന് കീഴിലുള്ള ഐഎസ്എം, എംഎസ്എം വളണ്ടിയര്‍മാര്‍ ഇതിന്റെ സേവന രംഗത്തുണ്ട്. കള്ളിയത്ത് നൂരിഷ, ഫാറൂഖ് ആലപ്പുഴ, അബ്ദുന്നാസര്‍ പൂനൂര്‍, മാഹിന്‍ ആലുവ, ഷുക്കൂര്‍ സ്വലാഹി, അഹ്മദ് അനസ് മൗലവി, ഹാഷിം ആലപ്പുഴ, ജമാല്‍ കൈപ്പമംഗലം, അബ്ദുല്‍ ഹസീബ് മദനി, ജാഫര്‍ കൈപ്പമംഗലം തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഈ മഹത്തായ സേവനം നിര്‍വഹിച്ചതിന് ശൈഖ് മുഹമ്മദ് ബിന്‍ ബിന്‍ റാഷിദ് ഹ്യുമാനിറ്റേറിയന്‍ ആന്റ് ചാരിറ്റബ്ള്‍ എസ്റ്റാബഌഷ്‌മെന്റ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹക്ക് കേരള ജനതയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഇന്ത്യയിലെങ്ങുമുള്ള നിരാശ്രയരും നിലാരംബരുമായ പട്ടിണിപ്പാവങ്ങള്‍ക്ക് നിരവധി വര്‍ഷങ്ങളായി കൈത്താങ്ങായി പ്രവര്‍ത്തിച്ചു വരികയാണ് തണല്‍ കല്‍പ്പകഞ്ചേരി. തണലിന്റെ അവസരോചിതമായ ഇടപെടലാണ് ദുരിത ക്യാമ്പുകളില്‍ ഇത്ര പെട്ടെന്ന് സഹായമെത്താന്‍ കാരണമായത്. മുഹമ്മദ് ബിന്‍ റാഷിദ് ഗ്‌ളോബല്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ ഫണ്ട് അനുവദിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss