
‘വാര്‍ത്തകള്‍’ കെട്ടിയുണ്ടാക്കുന്നതിനെക്കുറിച്ചും ‘ജനസമ്മതി’ നിര്മിച്ചെടുക്കുന്നതിനെക്കുറിച്ചും നാം നിരവധി കേട്ടിട്ടുണ്ട്. അമേരിക്കന്‍ വിദേശനയത്തില്‍ ഇത്തരം വാര്‍ത്തകള്‍ക്കും ജനസമ്മതിക്കുമുള്ള പങ്കിനെക്കുറിച്ച് നോം ചോംസ്കി പറയുന്നുണ്ട്. പുതിയ ലോകക്രമം എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു ഗദ്യകവിതയില്‍ ഇറാഖ് ആക്രമണത്തിന് അമേരിക്ക എങ്ങനെയാണ് ന്യായീകരണം കണ്ടുപിടിച്ചതെന്ന് എഴുത്തുകാരന് നമുക്ക് ഇങ്ങനെ പറഞ്ഞുതരുന്നു: ‘ഇന്ന് അമേരിക്കയും ബ്രിട്ടനും ഇറാഖിന്റെ ആയുധപ്പുരകള്‍ ബോംബിട്ടു തകര്‍ത്തു. എട്ടുവര്‍ഷം നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്ക് ശേഷവും യുഎന്‍ സംഘത്തിന് കണ്ടെത്താന്‍ കഴിയാതിരുന്ന, ലോകത്തിന്റെ കണ്ണില്‍നിന്നും ഇറാഖ് മറച്ചുവച്ചിരുന്ന ആയുധകേന്ദ്രങ്ങളാണ് ബോംബിട്ടു നശിപ്പിച്ചത്. തകര്‍ക്കപ്പെട്ടത് ആയുധകേന്ദ്രങ്ങളാണ്. എന്നാല്‍ അവ പാല്‍പ്പൊടി നിര്‍മാണശാലയുടെയും സ്കൂളിന്റെയും റെയില്‍വേയുടെയും മറവില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിന് അമേരിക്കന്‍ അധികൃതരുടെ കൈയില്‍ തെളിവുകളുണ്ട്. പക്ഷേ, അവ അതീവ രഹസ്യങ്ങളാകയാല്‍ പുറംലോകം അറിയാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല. ലോകസമാധാനത്തിനുവേണ്ടിയുള്ള അമേരിക്കന്‍ സൈനികരുടെ ത്യാഗപരിശ്രമങ്ങളില്‍ പ്രസിഡന്റ് സംതൃപ്തി പ്രകടിപ്പിച്ചു’.ഭൂമിയിലെ സ്വര്‍ഗം എന്നാണ് കശ്മീരിന്റെ മറ്റൊരു പേര്. പക്ഷേ, ഇന്ന് അത് യുദ്ധഭൂമിയായി പരിണമിച്ചിരിക്കുകയാണ്. കൂട്ടബലാല്‍സംഗം, കൂട്ടക്കൊലകള്‍, തട്ടിക്കൊണ്ടുപോവല്‍, കര്‍ഫ്യൂ എന്നിവയാണ് കശ്മീരില്‍നിന്ന് എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. സുരക്ഷിതത്വം നിഷേധിക്കപ്പെട്ട, ജനാധിപത്യാവകാശങ്ങള്‍ നിരസിക്കപ്പെട്ട ഒരു ജനതയാണ് ഇന്ന് കശ്മീരികള്‍. പക്ഷേ, അവര്‍ തീവ്രവാദികളും ഭീകരവാദികളുമായാണ് വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ അവരെ എവിടെവച്ചും വെടിവച്ചു കൊല്ലാം. അവരുടെ ഗ്രാമങ്ങള്‍ ഏതു സമയത്തും വളയാം. 2009ല്‍ നടന്ന ഷോപിയാന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അനിരുദ്ധ ഭാസിന്, ജമാല്‍ അജിത, സീമ മിശ്ര, ഉമാ ചക്രവര്‍ത്തി, വൃന്ദഗോവര്‍ തുടങ്ങിയവര്‍ അംഗങ്ങളായി രൂപീകരിച്ച ഇന്‍ഡിപെന്‍ഡന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ജസ്റ്റിസ് തയ്യാറാക്കിയ ലഘുലേഖയുടെ പേര് ‘മാനുഫാക്ചറിങ് എ സ്യൂട്ടബിള്‍ സ്റ്റോറി’ എന്നായിരുന്നു. നിലോഫര്ജാന്, അവരുടെ ഭര്‍തൃസഹോദരി ആഇ ശജാന് എന്നിവരെ 2009 മെയ് 29നു കാണാതായി. അവര്‍ കൃഷിയിടത്തിലേക്കു പോയതായിരുന്നു. രാത്രിയാവാറായിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ അവരെ തേടി പുറപ്പെട്ടു. അവരുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ പോലിസില്‍ വിവരമറിയിച്ചു. എന്നാല്‍, അന്വേഷണത്തിനൊടുവില്‍ അവരുടെ ശവശരീരങ്ങളാണ് കണ്ടുകിട്ടിയത്. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു പോലിസിന്റെ വിശദീകരണം. അന്വേഷണസംഘത്തിന് പാറാവുനിന്ന പോലിസുകാര്‍ പറഞ്ഞത്, തങ്ങള്‍ അന്വേഷണസംഘത്തെ കണ്ടതല്ലാതെ മറ്റൊന്നും അറിയില്ല എന്നായിരുന്നു. നിലോഫര്ജാന് ഗര്‍ഭിണിയായിരുന്നു. അവരുടെയും ആഇശജാനിന്റെയും ശരീരങ്ങളില്‍ മുറിപ്പാടുകളും പരിക്കുകളുമുണ്ടായിരുന്നു. എന്നാല്‍, മരണകാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ ഒരന്വേഷണവും നടന്നില്ല. യഥാര്‍ഥത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ശേഷം അവര്‍ കൊല്ലപ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയല്ല അവര്‍ മരണപ്പെട്ടതെന്ന് സാക്ഷിമൊഴി പറഞ്ഞവര്‍ മര്‍ദ്ദിക്കപ്പെട്ടു. ശ്വാസംമുട്ടിയല്ല അവര്‍ മരിച്ചതെന്ന് റിപോര്‍ട്ട് ചെയ്ത ഡോക്ടര്‍മാര്‍ പീഡിപ്പിക്കപ്പെട്ടു. എന്നാല്‍, പിന്നീട് സത്യം പുറത്തുവന്നു.ഇത് കശ്മീരിന്റെ ചരിത്രത്തിലെ ഒരു ദുരന്തം. ഇത് ആദ്യത്തേതോ അവസാനത്തേതോ അല്ല. സ്വാതന്ത്ര്യത്തോടെ ആരംഭിച്ചതാണ് കശ്മീര്‍പ്രശ്നം. അന്നു മുതല്‍ യുദ്ധത്തിന്റെ ഗന്ധം ഇന്ത്യ ഉപഭൂഖണ്ഡത്തിലാകെ പരക്കാന്‍ കശ്മീര്‍ കാരണമായിട്ടുണ്ട്. ഇന്ന് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളാല്‍ കശ്മീര്‍ സംഘര്‍ഷഭരിതമാണ്. ദുരന്തങ്ങള്‍ ഒന്നൊന്നായി കശ്മീരിനെ പിന്തുടരുകയാണ്. ഉമര്‍ ഖുറൈശി ചോദിക്കുന്നു: ‘ഈ രാജ്യത്തെ ഒരു അംഗമെന്ന നിലയ്ക്ക് ഞാന്‍ ചോദിക്കുകയാണ്. ഇവിടെ വ്യവസ്ഥയും ഭരണസംവിധാനങ്ങളുമില്ലേ? പുതിയ പുതിയ ശവമാടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ശവമാടങ്ങളില്‍ നിന്നു ശവശരീരങ്ങള്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ജീവിച്ചിരിക്കുന്നവരും ശവമാടങ്ങളില്‍ അടക്കപ്പെടാതിരിക്കുന്നവരും എന്നിട്ടും എന്തുകൊണ്ട് ശബ്ദിക്കുന്നില്ല’. 1947ല്‍ കശ്മീരില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമുണ്ട്. ഷേര്‍-ഇ-കശ്മീര്‍ കാ ക്യാ ഇര്ശാദ? ഹിന്ദു-മുസ്ലിം-സിഖ് ഇത്തിഹാദ് (കശ്മീര്‍ സിംഹത്തിന്റെ സന്ദേശമെന്ത്? ഹിന്ദു-മുസ്ലിം-സിഖ് സൗഭ്രാത്രം). ശെയ്ഖ് അബ്ദുല്ലയുടെ (കശ്മീര്‍ സിംഹം) നാട്ടില്‍ ഇതേ മുദ്രാവാക്യം ഇനിയും ഉയര്‍ന്നു കേള്‍ക്കുമെന്നുള്ള പ്രതീക്ഷ സഫലമാവുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.