|    Nov 21 Wed, 2018 1:02 am
FLASH NEWS

ശുഹൈബ് വധക്കേസ്: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം; സതീശന്‍ പാച്ചേനിയുടെ നിരാഹാരം നാളെ തുടങ്ങും

Published : 8th August 2018 | Posted By: kasim kzm

കണ്ണൂര്‍: കരുണാനിധിയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താന്‍ തീരുമാനിച്ച ഡിസിസി പ്രസിഡന്റിന്റെ 48 മണിക്കൂര്‍ സത്യാഗ്രഹം മാറ്റി. പകരം നാളെ രാവിലെ 10നു തുടങ്ങി 11നു രാവിലെ അവസാനിക്കുന്ന വിധത്തിലേക്കാണ് മാറ്റിയതെന്ന് ഡിസിസ ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, കൊലപാതകത്തിലെ ഗൂഢാലോചനയും സിപിഎം നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കാന്‍ തുടരന്വേഷണം നടത്തുക, മട്ടന്നൂര്‍ സിഐ ഓഫിസ് മാര്‍ച്ചിന്റെ പേരില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരം. രാവിലെ 10നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ശുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തിയതിനാലാണ് പോലിസ് ആദ്യഘട്ടത്തില്‍ കൃത്യതയാര്‍ന്ന അന്വേഷണം നടത്തിയതെന്നും ഇത് പിന്നീട് ക്രമേണ അവസാനിപ്പിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കേസിലെ 16ാം പ്രതിയായ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണ്. ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന വിധത്തില്‍ പോലിസിനും സിപിഎമ്മിനും ഹിഡന്‍ അജണ്ടയുണ്ട്. ശുഹൈബ് വധത്തിനു പിറ്റേന്ന് തന്നെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രക്ഷോഭം തുടങ്ങിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം കെ സുധാകന്‍ നിരാഹാരം ഏറ്റെടുക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതിനിടെ നടന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയായെത്തിയ മന്ത്രി എ കെ ബാലന്‍ സിബിഐ ഉള്‍പ്പെടെ ഏതന്വേഷണവും നടത്താമെന്ന് അറിയിച്ചെങ്കിലും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിസമ്മതിക്കുകയായിരുന്നു.
ഇപ്പോള്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ സിപിഎം പ്രാദേശിക നേതാവിന്റെ പേരുള്‍പ്പെടെ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെതിരേയാണ് കോണ്‍ഗ്രസ് വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss