|    Oct 22 Mon, 2018 9:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശുഹൈബ് വധം: നിയമസഭ സ്തംഭിച്ചു

Published : 27th February 2018 | Posted By: kasim kzm

തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ സ്തംഭിച്ചു. കൊലപാതകത്തിനു പിന്നിലുള്ള യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യം മുഖ്യമന്ത്രി തള്ളിയതോടെയാണു സഭാ നടപടികള്‍ സ്്തംഭിപ്പിച്ചത്. വിഷയം ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്‍കവേയാണു മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി.
രാവിലെ എട്ടരയ്ക്കു ചോദ്യോത്തര വേള ആരംഭിച്ചപ്പോ ള്‍ തന്നെ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെയും കെ കെ ശൈലജയുടെയും മറുപടി പ്രസംഗങ്ങളും തടസ്സപ്പെട്ടു. ചോദ്യോത്തരം നിര്‍ത്തി വച്ച് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാ ല്‍, ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്നും ശൂന്യവേളയില്‍ വിഷയം പരിഗണിക്കാമെന്നുമുള്ള സ്പീക്കറുടെ നിര്‍ദേശം തള്ളിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു.
ഇതോടെ 8.40നു ചോദ്യോത്തരവേള ഒഴിവാക്കിയ സ്പീക്കര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ന്ന് നടുത്തളത്തില്‍ കുത്തിയിരുന്ന പ്രതിപക്ഷാംഗങ്ങളെ വിമര്‍ശിച്ച് ഭരണപക്ഷത്തു നിന്ന് എ എന്‍ ഷംസീര്‍, കെ ബാബു, എ കെ ശശി എന്നിവര്‍ രംഗത്തുവന്നതു പരസ്പരമുള്ള വാക്കേറ്റത്തിനും കാരണമായി.    തുടര്‍ന്നു 9.30ന് ശൂന്യവേളയ്ക്കായി സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷത്തിനു സ്പീക്കര്‍ താക്കീത് നല്‍കി. ചെയറിന്റെ മുഖം മറച്ച് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയ നടപടിയിലായിരുന്നു താക്കീത്. സഭയില്‍ ശക്തമായ പ്രതിഷേധത്തിന് അവകാശമുണ്ടെന്നും അതു പ്രാഥമിക അന്തസ്സ് പാലിച്ചാവണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഭയോട് അവഹേളനം കാട്ടാറില്ലെന്നും സംസ്ഥാനം നേരിടുന്ന ഗുരുതരമായി പ്രശ്‌നങ്ങളിലുള്ള പ്രതിഷേധങ്ങള്‍ സഭയിലും പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ താക്കീത് ഖേദകരമാണെന്നും ചെന്നിത്തല പറഞ്ഞു.തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചു.
ശുഹൈബിന്റേത് ക്രൂരമായ കൊലപാതകമാണെന്നു നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. വൈകാരികമായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്. മരംവെട്ടുകാരന്‍ മഴു കൊണ്ട് വിറക് വെട്ടും പോലെ ആഴത്തിലാണ് ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണം. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ടെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. തുടര്‍ന്നു 2017-18 വര്‍ഷത്തെ ഉപധനാഭ്യര്‍ഥനകള്‍ പാസാക്കി സഭ നേരത്തെ പിരിയുകയായിരുന്നു.സഭ പിരിഞ്ഞ ശേഷം പ്രതിപക്ഷം സഭാകവാടം വരെ ധര്‍ണ നടത്തി. നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. അതിനിടെ ചോദ്യോത്തരവേളയില്‍ ബഹളം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗാലറിയില്‍ നിന്നു കാമറാമാന്‍മാരെ പുറത്താക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss