|    Feb 21 Wed, 2018 11:09 am
FLASH NEWS

ശുഹൈബിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Published : 14th February 2018 | Posted By: kasim kzm

മട്ടന്നൂര്‍: എടയന്നൂരിനടുത്ത തെരൂരില്‍ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും എസ്‌വൈഎസ് പ്രവര്‍ത്തകനുമായ എസ് വി ശുഹൈബി(30)ന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അരയ്ക്കു താഴെ 37 മാരക വെട്ടുകളേറ്റ ശുഹൈബിനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകവെയായിരുന്നു മരണം. പരിയാരം മെഡിക്കല്‍ കോളജിലെ പോലിസ് സര്‍ജന്‍ അവധിയായതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ വൈകീട്ട് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മയ്യിത്ത് ഏറ്റുവാങ്ങി. ഖത്തറിലായിരുന്ന മുന്‍മന്ത്രി കെ സുധാകരന്‍ സംഭവമറിഞ്ഞയുടന്‍ നാട്ടിലേക്കു മടങ്ങുകയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പി രാമകൃഷ്ണന്‍, വി എ നാരായണന്‍, സുമ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, എ ഡി മുസ്തഫ, സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ അനുഗമിച്ചു. വിലാപയാത്രയായി രാത്രിയോടെ നാട്ടിലെത്തിച്ച മയ്യിത്ത് എടയന്നൂര്‍ തര്‍ബിയ്യത്തുല്‍ ഉലൂം മദ്‌റസയിലും പരേതന്റെ വസതിയിലും പൊതുദര്‍ശനത്തിന് വച്ചു. കോണ്‍ഗ്രസ്, എസ്‌വൈഎസ് നേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് എടയന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss