|    Apr 21 Sat, 2018 5:23 pm
FLASH NEWS

ശുഭപ്രതീക്ഷയില്‍ മുന്നണി നേതാക്കള്‍

Published : 17th May 2016 | Posted By: SMR

ആലപ്പുഴ: പോളിങ് ശതമാനം ഉയര്‍ന്നതോതില്‍ രേഖപ്പെടുത്തിയ ജില്ലയില്‍ മുന്നണിസ്ഥാനാര്‍ഥികളും നേതാക്കളും ശുഭപ്രതീക്ഷയിലാണ്.
വി എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ, വയലാര്‍ രവി, വെള്ളാപ്പള്ളി നടേശന്‍, തോമസ് ഐസക് എംഎല്‍എ, ജി സുധാകരന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖരാണ് ജില്ലയില്‍ ശുഭപ്രതീക്ഷ പങ്കുവച്ചത്. വിവിധ മണ്ഡലങ്ങളിലെ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളും തികഞ്ഞ പ്രതീക്ഷയിലാണ്.
പുന്നപ്ര പറവൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 63ാം ബൂത്തിലാണ് വി എസ് അച്യുതാനന്ദന്‍ വോട്ടുചെയ്യാനെത്തിയത്. കേരളത്തിലും ആലപ്പുഴയിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തും. മലമ്പുഴയില്‍ തന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ചെന്നിത്തല തൃപ്പെരുന്തുറ ഗവ. സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയ്‌ക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തില്‍ താമരവിരിയില്ല. ഭാര്യ അനിത രമേശ് മക്കളായ ഡോ. രോഹിത്, രമിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വയലാര്‍ ലിറ്റില്‍ഫഌവര്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വയലാര്‍ രവി എംപി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്ന് പറഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരാറുള്ള സാധാരണ ആരോപണങ്ങളൊന്നും ഇക്കുറി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങര സ്‌കൂളിലാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബവും വോട്ട് ചെയ്യാനെത്തിയത്. 19 ന് വോട്ടെണ്ണുമ്പോള്‍ താമര വിരിയും. താമരവാടുമെന്നും കുടം ഉടയുമെന്ന പ്രചാരണവും തെറ്റാണെന്നു തിരഞ്ഞെടുപ്പ് വിധി തെളിയിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികരിച്ചു.
കിടങ്ങാംപറമ്പ് എല്‍പി സ്‌കൂളിലാണ് ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി തോമസ് ഐസക് വോട്ട്‌ചെയ്തത്. തന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും ബിഡിജെഎസിന്റെ ബിജെപിയുടെയും അവസ്ഥ പരിതാപകരമായിരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ആലപ്പുഴ എസ്ഡിവി ഗേള്‍സ് എച്ച്എച്ച്എസില്‍ വോട്ടുചെയ്യാനെത്തിയ ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ കേരളം ആരെങ്കിലും ഭരിക്കട്ടെ എന്നുപ്രതികരിച്ചു. കേരളത്തില്‍ എല്‍ഡിഎഫാണോ യുഡിഎഫാണോ വിജയിക്കുകയെന്ന ചോദ്യത്തിനു സ്ഥാനാര്‍ഥികളോട് ചോദിക്കണമെന്നു അവര്‍ പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി ജി സുധാകരന്‍ പറവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ രണ്ടുയുഡിഎഫ് മണ്ഡലങ്ങള്‍ കൂടി എല്‍ഡിഎഫിനു ലഭിക്കും. മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നതിന്റെ സൂചനയാണ് ഉയര്‍ന്ന പോളിങെന്ന് അദ്ദേഹം പറഞ്ഞു. തിരുവാമ്പാടി ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയാണ് കെ സി വേണുഗോപാല്‍ എംപി വോട്ട് രേഖപ്പെടുത്തിയത്.
സംവിധായകന്‍ ഫാസില്‍ മകന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. അരൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി ആര്‍ ജയപ്രകാശ് കായംകുളം ടൗണ്‍ യുപി സ്‌കൂളിലും അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ഥി ഷെയ്ക്ക് പി ഹാരിസ് എംഎസ്എം കോളജിലും ഹരിപ്പാട് എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വനിദേവ് ഇത്തവണ കോട്ടക്കല്‍ യുപി സ്‌കൂളിലുമാണ് വോട്ട്‌ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss