|    Aug 19 Sat, 2017 9:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശുഭപ്രതീക്ഷയായി പുതുസര്‍വീസുകള്‍

Published : 7th August 2017 | Posted By: fsq

 

എച്ച്  സുധീര്‍

പെന്‍ഷനും ശമ്പളത്തിനും മറ്റു ചെലവുകള്‍ക്കുമായി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വകയില്‍ നിലവില്‍ കോര്‍പറേഷന്റെ ബാധ്യത 2,996 കോടിയാണ്. ഈ ലോണിന്‍മേല്‍ ദിനംപ്രതിയുള്ള തിരിച്ചടവ് 3.1 കോടിയും. ഈ സാഹചര്യത്തില്‍നിന്നു കരകയറാന്‍ 3,000 കോടി രൂപ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പയെടുക്കാന്‍ കോര്‍പറേഷന്‍ എസ്ബിഐയെ സമീപിച്ചിട്ടുണ്ട്. ദിനംപ്രതി ഒരുകോടി തിരിച്ചടവ് എന്ന വ്യവസ്ഥയിലാവും ലോണെടുക്കുക. ലഭിക്കുന്ന 3,000 കോടി രൂപ ഉപയോഗിച്ച് നിലവിലെ ബാധ്യത തീര്‍ക്കുന്നതിലൂടെ പ്രതിദിനം മൂന്നുകോടി തിരിച്ചടച്ചിരുന്നത് ഒരു കോടിയായി കുറയും. ഇതുവഴി ഒരുമാസം 60 കോടി രൂപ കോര്‍പറേഷന് ലാഭിക്കാനാവും. ഈ തുകയിലൂടെ പ്രതിമാസം 90 ശതമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും സാധിക്കും. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടിയും മാനേജ്‌മെന്റും 3,000 കോടി രൂപയുടെ വായ്പ നേടിയെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. പ്രതിസന്ധിയില്‍നിന്നു കരകയറാനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ കോര്‍പറേഷന്‍ മികവു പുലര്‍ത്താറുണ്ടെങ്കിലും സ്വീകാര്യത നിലനിര്‍ത്തിപ്പോരുന്നതില്‍ വലിയ പാളിച്ച നേരിടുകയാണ്. ദീര്‍ഘദൂര സര്‍വീസുകള്‍ പരിപാലിക്കുന്നതിലുള്ള പാളിച്ച തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. കൊട്ടിഘോഷിച്ചു തുടങ്ങിയ പല ദീര്‍ഘദൂര സര്‍വീസുകളിലും ഉപയോഗിക്കുന്നത് കാലപ്പഴക്കവും തകരാറുകളുമുള്ള ബസ്സുകളാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ സൂപ്പര്‍ ഡീലക്‌സ് ബസ്സുകള്‍ ഏറെയും ഓര്‍ഡിനറി ബസ്സുകളേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണ്. ആഘോഷപൂര്‍വം നടപ്പാക്കിയ ട്രാവല്‍ കാര്‍ഡ്, കൊറിയര്‍ സര്‍വീസ് പദ്ധതികളും വേണ്ടരീതിയില്‍ പരിപാലിക്കുന്നതില്‍ വീഴ്ചയുണ്ടായി.  അതേസമയം, കോര്‍പറേഷന്‍ അടുത്തിടെ ആരംഭിച്ച സില്‍വര്‍ ജെറ്റ്, മിന്നല്‍ പോലെയുള്ള സര്‍വീസുകള്‍ക്ക് മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. കെഎസ്ആര്‍ടിസിയെ ലാഭത്തിന്റെ പാതയിലെത്തിക്കാന്‍ മന്ത്രി തോമസ് ചാണ്ടിയും സിഎംഡി എം ജി രാജമാണിക്യവും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി അടുത്തിടെയാണ് മിന്നല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. വരുമാനത്തിന്റെ കാര്യത്തിലും മിന്നല്‍ മുന്നോട്ടു കുതിക്കുകയാണ്. സര്‍വീസ് തുടങ്ങിയ ജൂണ്‍ 28 മുതലുള്ള കണക്കുപ്രകാരം ഓരോ ദിനം കഴിയുമ്പോഴും കാര്യമായ വരുമാനവര്‍ധന എല്ലാ സര്‍വീസിനും ലഭിക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതാണ് മിന്നല്‍ സര്‍വീസിനെ ആകര്‍ഷകമാക്കുന്നത്. രാത്രി മാത്രമാണ് ഇവയുടെ സര്‍വീസ്. സര്‍വീസ് ലാഭകരമായി മുന്നോട്ടുപോയാല്‍ മിന്നല്‍ എസി ബസ് ഇറക്കാനും ആലോചനയുണ്ട്. എന്നാല്‍, മിന്നല്‍ സര്‍വീസുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ലോബിക്കു വേണ്ടി ഒരുവിഭാഗം ജീവനക്കാരെ കൂട്ടുപിടിച്ചാണ് തല്‍പരകക്ഷികളുടെ നീക്കം. ഇതിനായി സോഷ്യല്‍ മീഡിയകളിലൂടെ പോലും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. മിന്നല്‍ സര്‍വീസുകള്‍ക്ക് യാത്രക്കാരുടെ ഭാഗത്തുനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് അട്ടിമറിശ്രമങ്ങള്‍ ആരംഭിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാണ് മിന്നല്‍ സര്‍വീസുകള്‍ കൂടുതലായി ഓപറേറ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള സ്വകാര്യ അന്തര്‍സംസ്ഥാന സര്‍വീസുകളാണ് മിന്നലിനെതിരേ കരുക്കള്‍ നീക്കുന്നത്. എന്നാല്‍, മിന്നല്‍ സര്‍വീസ് സൂപ്പര്‍ഹിറ്റായതോടെ കൂടുതല്‍ റൂട്ടുകളില്‍ മിന്നല്‍ ഓടിക്കാനാണ് കോര്‍പറേഷന്റെ നീക്കം. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാനും കോര്‍പറേഷന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പോയിന്റ്് ടു പോയിന്റ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ ഡീലക്‌സ് ബസ്സുകളാവും പുതിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുക. ഒരുവര്‍ഷത്തിനുള്ളില്‍ 850 പുതിയ ബസ്സുകള്‍ വാങ്ങാനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. അതിനിടെ, സര്‍വീസ് ഷെഡ്യൂള്‍ ചെയ്യുന്നതു മുതല്‍ ട്രാഫിക് സിഗ്നലിലെ ഇന്ധനനിയന്ത്രണം വരെയുള്ള ചെറിയ കാര്യങ്ങളില്‍പോലും കൃത്യമായ ആസൂത്രണം നടത്തി പണം മിച്ചംപിടിക്കാനാണ് കോര്‍പറേഷന്റെ ശ്രമം. സര്‍വീസ് ഓപറേഷനുകള്‍ കാര്യക്ഷമമാക്കിയതോടെ ടിക്കറ്റ് വരുമാനത്തില്‍ വര്‍ധനയുണ്ടായെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ടിക്കറ്റിതര വരുമാനം കോര്‍പറേഷന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ക്ക് ഏറക്കുറേ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, ഇവയിലും കുടിശ്ശിക വരുന്നത് ഒഴിവാക്കാന്‍ നീക്കം തുടങ്ങി. തമ്പാനൂര്‍, തിരുവല്ല, അങ്കമാലി ഡിപ്പോകളിലെ വാണിജ്യസമുച്ചയങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമാവുന്നതോടെ വാടകവരുമാനം വര്‍ധിക്കുമെന്നാണു പ്രതീക്ഷ. കോര്‍പറേഷനു കീഴിലുള്ള സ്റ്റാളുകളുടെ വാടക, ലൈസന്‍സ് ഫീസ്, കൊറിയര്‍-പാഴ്‌സല്‍ സര്‍വീസുകള്‍, പാര്‍ക്കിങ്-വാടക തുടങ്ങിയ ടിക്കറ്റിതര വരുമാനത്തിലൂടെ പ്രതിമാസം 1,54,51,332 രൂപയാണ് കെഎസ്ആര്‍ടിസിയുടെ അധികവരുമാനം. കാന്റീന്‍ വാടക- 78,9043 രൂപ, പരസ്യവരുമാനം- 77,14,050, എടിഎം കൗണ്ടര്‍ വാടക- 94,1177, കോഫി വെന്റിങ് മെഷീന്‍ വാടക- 6,05,000, കൊറിയര്‍-പാഴ്‌സല്‍ സര്‍വീസ്- 2,0000, ഷോപ്പിങ് കോംപ്ലക്‌സുകളിലെ ലൈസന്‍സ് ഫീസ് ഇനത്തില്‍ 15,18,969 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ലഭ്യമാവുന്ന ടിക്കറ്റിതര തുക. വാഹന പാര്‍ക്കിങ് വരുമാനമായി ലഭിക്കുന്ന 8,98,952 രൂപയും ശുചിമുറികളുടെ വാടകയിനത്തില്‍ ലഭ്യമാവുന്ന 6,24,100 രൂപയും ഇതില്‍പ്പെടും. ഇവയ്ക്കു പുറമേ ഉപയോഗശൂന്യമായ ബസ്സുകളുടെ ഭാഗങ്ങള്‍, ബാറ്ററി, ടയര്‍ എന്നീ സ്‌ക്രാപ്പ് ഉല്‍പന്നങ്ങളുടെ വില്‍പന വഴി ഈ വര്‍ഷം 6.48 കോടി രൂപയുടെ വരുമാനവും കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ ഇനത്തില്‍ 6.08 കോടിയാണ് നേടാനായത്. ഇതോടൊപ്പം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിെല മരങ്ങളുടെ കായ്ഫലങ്ങള്‍ ലേലം ചെയ്ത ഇനത്തില്‍ ഈ വര്‍ഷം 1,97,993 രൂപയും ലഭിച്ചു.           (അവസാനിക്കുന്നില്ല)നാളെ: സര്‍ക്കാര്‍ വകുപ്പാക്കി മാറ്റിയാലോ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക