|    May 25 Thu, 2017 1:21 am
FLASH NEWS

ശുദ്ധീകരണം: മോദി അര്‍ഥമാക്കുന്നതെന്ത്?

Published : 9th October 2016 | Posted By: SMR

slug-enikku-thonnunnathuമുസ്തഫ കൊണ്ടോട്ടി, മേലങ്ങാടി

നമ്മുടെ ലോകത്ത് ഏറ്റവുമധികം വ്യവഹരിക്കപ്പെടുന്നത് വാക്കുകളാണ്. അതു മാന്യന്മാരുടേതാവുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ ശ്രദ്ധിക്കപ്പെട്ട പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതു തന്നെയായിരുന്നു. കാരണം, മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാട് ആദ്യമായി പ്രധാനമന്ത്രി മോദി വെളിപ്പെടുത്തി. 50 വര്‍ഷം മുമ്പ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ന്യൂനപക്ഷങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും മുസ്‌ലിംകളെക്കുറിച്ച് എന്തു പറഞ്ഞുവോ അതുതന്നെയാണ് മുസ്‌ലിംകളെക്കുറിച്ചുള്ള ബിജെപിയുടെ ഇപ്പോഴത്തെയും നയമെന്നാണ് പ്രധാനമന്ത്രി           നരേന്ദ്ര മോദി പറഞ്ഞത്.
50 വര്‍ഷം മുമ്പ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ന്യൂനപക്ഷങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും മുസ്‌ലിംകളെക്കുറിച്ച് എന്താണ് പറഞ്ഞതെന്നു കൃത്യമായി ആര്‍ക്കെങ്കിലും അറിയാമോ എന്നറിഞ്ഞുകൂടാ. ഉപാധ്യായ ഇങ്ങനെ പറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അറിവേയുള്ളൂ. അതായത്, വസ്തുതയ്ക്കു പകരം വ്യാഖ്യാനം മാത്രം. എല്ലാവരുടെയും ക്ഷേമവും എല്ലാവരുടെയും സന്തോഷവുമായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായ 50 വര്‍ഷം മുമ്പ് കോഴിക്കോട് നഗരത്തില്‍ വച്ച് മുമ്പോട്ടുവച്ച നയം എന്നാണ് പ്രധാനമന്ത്രി പറയുന്നത്.
യഥാര്‍ഥത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞ ‘എല്ലാവരും’ എന്ന സംജ്ഞയില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മുസ്‌ലിംകളും ഉള്‍പ്പെടുമോ? ഇനി അങ്ങനെ ഉള്‍പ്പെടുമെങ്കില്‍ കഴിഞ്ഞ 50 വര്‍ഷം ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്വപ്‌നം നടപ്പാക്കാന്‍ നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്? 50 വര്‍ഷമായി ചെയ്യാന്‍ ശ്രമിക്കാതിരുന്നത് ഇനി ചെയ്യുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? അങ്ങനെ വിശ്വസിക്കാനാവുമോ?
മുസ്‌ലിംകളെ ശുദ്ധീകരിക്കണമെന്നും ദീന്‍ദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ടെന്നാണ് മോദി പറയുന്നത്. ഈ ശുദ്ധീകരണം എന്താണെന്നു മോദി വിശദീകരിച്ചിട്ടില്ല. വിശദീകരിക്കാത്തതിന്റെ കാരണം പലതായിരിക്കാം. ഒന്നുകില്‍ ദീന്‍ദയാല്‍ ഉപാധ്യായ ഉദ്ദേശിച്ച ശുദ്ധീകരണം എന്താണെന്നു കൃത്യമായി മോദിക്കും മനസ്സിലായിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ദാര്‍ശനികാചാര്യനായ ദീന്‍ദയാല്‍ ഉപാധ്യായ മനസ്സില്‍ കണ്ട ശുദ്ധീകരണമെന്ന സ്വപ്‌നം ദാര്‍ശനികമായാണോ താത്ത്വികമായാണോ സാങ്കല്‍പികമായാണോ പ്രായോഗികമായാണോ വിശദീകരിക്കേണ്ടതെന്ന പ്രശ്‌നം മോദിയെയും അലട്ടിയിരിക്കും.
ഒരു കാര്യത്തില്‍ ഒരാള്‍ക്ക് കൗതുകം തോന്നുന്നത് അതിന്റെ വിശേഷഗുണങ്ങള്‍ കൊണ്ടോ വിശേഷദോഷങ്ങള്‍ കൊണ്ടോ ആവാം. കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ ശ്രദ്ധേയമാവാന്‍ കാരണം മുസ്‌ലിം ന്യൂനപക്ഷത്തോട് ബിജെപി സ്വീകരിക്കാന്‍ പോവുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി എന്നതിനാല്‍ കൂടിയാണ്. ശുദ്ധീകരണം എന്ന ഇരട്ടത്തലയുള്ള പദമാണ് മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മോദി ഉപയോഗിച്ചത്. ആരെയും തൃപ്തിപ്പെടുത്താന്‍ പോന്ന പദം. ഏതിടത്തിനും താന്‍ അനുയോജ്യനാണെന്നു തെളിയിക്കുന്ന പദം. ആര്യസമാജത്തിന്റെ ശുദ്ധീകരണമായോ ഘര്‍വാപസിയായോ കടുത്ത ഹിന്ദുത്വവാദികള്‍ക്ക് മോദി പറഞ്ഞ ശുദ്ധീകരണത്തെ വ്യാഖ്യാനിക്കാം. ഒരിക്കലും വസ്തുതയായി വെളിപ്പെടാത്ത ദീന്‍ദയാല്‍ ഉപാധ്യായ പറഞ്ഞ ശുദ്ധീകരണത്തെ ‘പരിഷ്‌കാര്‍’ ആയി മിതവാദികള്‍ക്കും വേണമെങ്കില്‍ മുസ്‌ലിംകള്‍ക്കും വായിച്ചെടുക്കാം.
സോവിയറ്റ് റഷ്യ വിപ്ലവപ്പിറ്റേന്ന് രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും സോഷ്യലിസ്റ്റ് പൗരന്മാരായാണ് കണ്ടത്. പിന്നെ എല്ലാവരെയും സോഷ്യലിസ്റ്റുകളാക്കാനായുള്ള പ്രവര്‍ത്തനങ്ങളായിരുന്നു റഷ്യയില്‍ നടന്നത്. സ്റ്റാലിനും ഫ്രാങ്കോയും ഹിറ്റ്‌ലറുമൊക്കെ നടത്തിയ            ശുദ്ധീകരണക്രിയകള്‍ ചരിത്രം കണ്ടതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day