|    Oct 21 Sun, 2018 8:53 pm
FLASH NEWS

ശുദ്ധജലം വിതരണം ചെയ്തില്ലെങ്കില്‍ പട്ടാമ്പി താലൂക്ക് ഓഫിസ് സ്തംഭിപ്പിക്കും : എംഎല്‍എ

Published : 8th May 2017 | Posted By: fsq

 

പട്ടാമ്പി: പട്ടാമ്പി താലൂക്കില്‍ വരള്‍ച്ച അതി രൂക്ഷമായതിനാല്‍  അടിയന്തരമായി ശുദ്ധജല വിതരണം നടത്തിയില്ലെങ്കില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയിയിരുന്നു അദ്ദേഹം. ചൊവ്വാഴ്ച മുതല്‍ പട്ടാമ്പി താലൂക്കില്‍ കുടിവെള്ളം വിതരണം ചെയ്തില്ലെങ്കില്‍ പട്ടാമ്പി താലൂക്ക് ഓഫീസിന്റെ പ്രവൃത്തനം സ്തംഭിപ്പിക്കാന്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ പിന്തുണയും സഹകരണവൂം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലൂമാസം മുമ്പ് വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിട്ടും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തെ പററി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിയോസ്‌കുള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍  ടാങ്കറില്‍ ശുദ്ധജലം വിതരണം നടത്തുകയാണ് അഭികാമ്യമെന്നും യോഗം ശുപാര്‍ശ ചെയ്തു. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂരില്‍ റോഡിന് തീരെ വീതിയില്ലാത്ത കനറാ ബേങ്ക് മുതല്‍ ഗവ: ഹൈസ്‌കൂള്‍ വരെ യുള്ള സ്ഥലത്തെ അനധികൃത ഓട്ടോ പാര്‍ക്കിങ്ങ് മൂലം പകല്‍ സമയങ്ങളില്‍ ടൗണില്‍ ഗതാഗതക്കുരുക്കാണെന്ന് കപ്പൂരിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഈ വിഷയം മാസങ്ങള്‍ക്ക് മുമ്പ് താലൂക്ക് സഭയില്‍ അവതരിപ്പിച്ചിട്ടും ഇതു വരെ നടപടി ഉണ്ടായില്ലെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പിയുടെ പ്രതിനിധി ഓര്‍മ്മപ്പെടുത്തി. അശാസ്ത്രീയമായ ഈ ഓട്ടോറിക്ഷ പാര്‍ക്കിങ്ങിനെതിരെ അടിയന്തിര നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ താലൂക്ക് സഭക്ക് ഉറപ്പ് നല്‍കി. വരള്‍ച്ച അതി കഠിനമായ ഈ സമയത്ത് പോലും താലൂക്ക് സഭയില്‍ പങ്കെടുക്കാത്ത പഞ്ചായത്ത് ഭാരവാഹികളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ യോഗം ഉദ്കണ്ഠ രേഖപെടുത്തി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കമ്മൂകുട്ടി ഹാജി എടത്തൊള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എം.രജിഷ, കെ.ശാന്ത കുമാരി, തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി കേശവന്‍, അലി കുമരനെല്ലൂര്‍ സംസാരിച്ചു. കൊപ്പത്ത് പുതിയ വില്ലേജ് ഓഫീസും വിശ്രമ കേന്ദ്രവും നിര്‍മ്മിക്കാന്‍ എം. എല്‍.എ മുഹമ്മദ്  മുഹസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനൂവദിച്ചതായും എം. എല്‍. എ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss