|    Sep 26 Wed, 2018 2:11 am
FLASH NEWS

ശുചീകരണം നടത്താത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

Published : 19th January 2017 | Posted By: fsq

 

വടകര: ജോലിക്കായി നഗരസഭ പരിധിയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട-സ്ഥാപനങ്ങള്‍ ദിവസങ്ങളായി നടക്കുന്ന പരിശോധനയില്‍ ശുചീകരിക്കാതെ കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന നടപടിക്കായി നഗരസഭ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം വടകര നഗരസഭാ പ്രദേശത്ത് വിവിധ കെട്ടിടങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുമായി വിളിച്ചു ചേര്‍ത്ത യോത്തിലാണ് തീരുമാനമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുടിവെള്ള സൗകര്യം മാലിന്യ സംസ്‌കരണ സംവിധാനം എന്നിവ ഇല്ലാത്തതും കൂടാതെ മയക്കുമരുന്ന്, പാന്‍മസാല, ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതുമൂലവം ഉണ്ടാവുന്ന ആരോഗ്യപരവും പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. നഗരസഭാ പ്രദേശത്ത് മാലിന്യ പ്രശ്‌നം ഒഴിവാക്കി വൃത്തിയുള്ളതും സുന്ദരവുമായ നഗരമാക്കി മാറ്റുന്നതിന് മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കാളികളാക്കികൊണ്ട് കര്‍മ 2016 എന്ന പേരില്‍ വന്‍ ശുചീകരണ യജ്ഞം നടത്തിയിട്ടും ചില പ്രദേശങ്ങളില്‍ ഇപ്പോഴും മാലിന്യം വലിച്ചെറിയപ്പെടുന്നതായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും അന്വേഷണത്തിലും ഇത്തരം താമസ സ്ഥലങ്ങളില്‍ യാതൊരു വിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കാത്തതിന്റെ ഫലമായി താമസക്കാര്‍ പൊതു റോഡിലും മറ്റുമായി മാലിന്യം വലിച്ചെറിയുന്നതായാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കൂടാതെ  പല കെട്ടിടങ്ങളുടെയും ഭൗതിക സാഹചര്യം വളരെ മോശവും കാലപ്പഴക്കം കാരണം അപകടകരമായ അവസ്ഥയിലുള്ളതും ആണെന്നും ഇവയില്‍ മനുഷ്യര്‍ താമസിക്കുന്നത് ജീവനുതന്നെ അപകടഭീഷണിയുള്ളതാണെന്നും പരിശോധനകളില്‍ വ്യക്തമായിരുന്നു. പകര്‍ച്ചവ്യാധികളായ മലേറിയ, മഞ്ഞപ്പിത്തം ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്നതിനും കാരണമാവുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ അടിയന്തരമായി ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഖര-ദ്രവ്യ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ശുദ്ധജലം എന്നിവ ഏര്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട  കെട്ടിട ഉടമകള്‍ 31 നകം നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഫെബ്രുവരി 1 മുതല്‍ കര്‍ശന പരിശോധനകള്‍ നടത്തി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ച് അടച്ചുപൂട്ടുന്നതും, കെട്ടിട ഉടമകള്‍ക്കെതിരേയും തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരേയും ശക്തമായ  നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന  സ്ഥലങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്നുവരുന്ന പലവിധ സാമൂഹിക പ്രശ്‌നങ്ങള്‍ പരാതികള്‍ എന്നിവ സംബന്ധിച്ച് വടകര പോലിസ് സ്റ്റേഷനിലെ പി.ആര്‍.ഒ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സുനില്‍ കുമാര്‍ സംസാരിച്ചു. മയക്കുമരുന്ന് കൊലപാതകം, മോഷണം തുടങ്ങിയ പലവിധ സാമൂഹികദ്രോഹപരമായിട്ടുള്ള പ്രവര്‍ത്തികളിലും കുറ്റകൃത്യങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കാളികളാണെന്നും ഇവരെ കുറിച്ചുള്ള യഥാര്‍ഥമായ ഒരു കണക്കും എവിടെയും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് പോലിസ് അറിയിച്ചത്. ഇതിന് പരിഹാരമായി നഗരസഭയും പോലിസ് സേനയും സംയുക്തമായി  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്യുന്നത് ഗുണപ്രദമായിരിക്കും എന്ന് അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍, കൗണ്‍സിലര്‍ വ്യാസന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഷജില്‍കുമാര്‍, കെട്ടിട ഉടമകള്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss