|    May 27 Sat, 2017 3:43 pm
FLASH NEWS

ശുചിമുറി മാലിന്യ നിക്ഷേപം: ജനജീവിതം ദുസ്സഹമാവുന്നു

Published : 14th July 2016 | Posted By: SMR

മട്ടാഞ്ചേരി: ശുചിമുറി മാലിന്യ നിക്ഷേപം വ്യാപകമായതോടെ പശ്ചിമകൊച്ചിയില്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. മാലിന്യ ശേഖരണ ഏജന്‍സികള്‍ വര്‍ധിച്ചതോടെ തോന്നിയ പോലെയാണ് മാലിന്യം തള്ളുന്നത്.
ജനവാസ കേന്ദ്രങ്ങളിലും തെരുവുകളിലും വരെ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. ഹാര്‍ബര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് ശുചിമുറി മാലിന്യം കൂടുതലായും തള്ളുന്നത്.
കുണ്ടന്നൂര്‍ റോഡില്‍ പലയിടങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇതിന് പുറമേ കായലുകളില്‍ ശുചിമുറി മാലിന്യം തള്ളുന്നത് മല്‍സ്യമേഖലയേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പെരുമ്പടപ്പ്, ഇടക്കൊച്ചി, കുണ്ടന്നൂര്‍ മേഖലയിലെ കായലുകളിലാണ് ശുചിമുറി മാലിന്യം വ്യാപകമായി തള്ളുന്നത്. പശ്ചിമകൊച്ചിയില്‍ ചില ഗുണ്ടാ സംഘങ്ങളും ഇപ്പോള്‍ ശുചിമുറി മാലിന്യ ശേഖരണ കരാറെടുത്ത് നടുത്തന്നവരാണത്രേ. ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നത് ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണത്രേ. പലയിടങ്ങളിലും നാട്ടുകാര്‍ തന്നെ കാത്തിരുന്ന് മാലിന്യ നിക്ഷേപകരെ പിടികൂടി പോലിസിന് കൈമാറുകയാണ്. കുണ്ടന്നൂര്‍ മേഖലയില്‍ ശുചിമുറി മാലിന്യം തള്ളാന്‍ പോവുന്നതിന് മുന്നോടിയായി കരാറുകാരന്റെ ആളുകള്‍ പോലിസുണ്ടോയെന്ന് പരിശോധിക്കുന്നതും പതിവാണ്.
തോപ്പുംപടി ബിഒടി പാലത്തിന് സമീപം ലോറി നിര്‍ത്തിയിട്ടശേഷമാണ് പോലിസുണ്ടോയെന്ന് അന്വേഷിക്കുക. പലപ്പോഴും ഇത്തരക്കാര്‍ക്ക് പോലിസിന്റെ സഹായവും ലഭിക്കാറുണ്ടെന്നും പരാതിയുണ്ട്. നേരത്തേ ഹാര്‍ബര്‍ എസ്‌ഐയായിരുന്ന സാജന്‍ ജോസഫ് നിരവധി വാഹനങ്ങള്‍ പിടികൂടി കോടതിക്ക് കൈമാറിയിരുന്നു. കര്‍ശനമായി നടപടിയുണ്ടായതോടെ കരാറുകാര്‍ മാലിന്യ നിക്ഷേപത്തിന് മറ്റിടങ്ങള്‍ തേടി പോയി. എന്നാല്‍ എസ്‌ഐ സ്ഥലം മാറിയതോടെ ഇപ്പോള്‍ വീണ്ടും മാലിന്യ നിക്ഷേപം ആരംഭിച്ചിരിക്കുകയാണ്.
കായലുകളില്‍ ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ മല്‍സ്യങ്ങളും കൂട്ടത്തോടെ പാലായനം ചെയ്യുന്ന അവസ്ഥയാണ്.
ഇടക്കൊച്ചി, പെരുമ്പടപ്പ് കായലുകളില്‍ ചീനവല, നീട്ടുവല തൊഴിലാളികള്‍ക്ക് ഇപ്പോള്‍ മല്‍സ്യം കിട്ടാത്ത അവസ്ഥയാണ്. മല്‍സ്യങ്ങളുടെ ആവാസ വ്യവസ്ഥക്ക് ശുചിമുറി മാലിന്യ നിക്ഷേപം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതിനുപുറമേ ചിറക്കല്‍ കായലിലും പല ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. മാലിന്യ നിക്ഷേപകരെ കൈയോടെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day