|    Mar 23 Thu, 2017 7:37 am
FLASH NEWS

ശുചിത്വ ഭവനം സുന്ദര നഗരം; നഗരസഭയുടെ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് ആരോപണം

Published : 18th October 2016 | Posted By: Abbasali tf

മുക്കം: നഗരസഭ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ശുചിത്വ ഭവനം സുന്ദര നഗരം പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും അജൈവ മാലിന്യം ശേഖരിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ കൊണ്ട് പോയി നല്‍കുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ വന്‍ വിജയമായിരുന്ന പദ്ധതിയിലാണിപ്പോള്‍ വന്‍ തുക ക്രമക്കേട് നടന്നതായി ആരോപണമുയ ര്‍ന്നിരിക്കുന്നത്. പദ്ധതി പ്രകാരം 33ലോഡ് മാലിന്യങ്ങള്‍ നഗരസഭയില്‍ നിന്ന് മാണ്ഡ്യയിലെത്തിച്ചെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. ഒരു ലോഡിന് 25,000 രൂപ വെച്ച് നല്‍കിയതായും പറയുന്നു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ ചിലര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടി അഴിമതി വ്യക്തമാക്കുന്നതാണ്. ഏതൊക്കെ വണ്ടിയിലാണ് മാലിന്യങ്ങള്‍ കയറ്റി അയച്ചതെന്നും പ്രസ്തുത വാഹനങ്ങളുടെ നമ്പര്‍ ലഭിക്കണമെന്നും കാണിച്ച് നല്‍കിയ അപേക്ഷക്ക് ലഭിച്ച വണ്ടി നമ്പര്‍ പരിശോധിച്ചപ്പോ ള്‍ മിക്കവയും ബൈക്ക്, ജീപ്പ്, ഗുഡ്‌സ് ഓട്ടോ തുടങ്ങിയവയുടേതായിരുന്നു. മാത്രമല്ല മുത്തങ്ങ ചെക് പോസ്റ്റില്‍ നിന്ന് ലഭിച്ച രേഖകളാവട്ടെ നഗരസഭാധികൃതര്‍ നല്‍കിയ 33 വാഹനങ്ങളില്‍ 18 വാഹനങ്ങള്‍ മാത്രമേ ചെക്ക് പോസ്റ്റ് കടന്ന് പോയിട്ടുള്ളൂ എന്നും വ്യക്തമാക്കുന്നു. ഇത്തരത്തില്‍ 15 വാഹനങ്ങളുടെ കുറവാണ് കാണുന്നത്. 15 വാഹനങ്ങള്‍ക്ക് 25,000 രൂപ വെച്ച് കണക്കാക്കിയാല്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപയുടെ അഴിമതി നടന്നതായി വ്യക്തമാവും.മാത്രമല്ല ചെക്ക് പോസ്റ്റ് കടന്നു പോയ 18 വാഹനങ്ങളില്‍ മുഴുവനായും മുക്കത്തെ മാലിന്യമല്ലെന്നും ആരോപണമുണ്ട്. ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യവും ഈ വണ്ടികളില്‍ കയറ്റി പോവുന്നുണ്ടന്നും അത് കൊണ്ട് തന്നെ 25,000 രൂപയുടെ കണക്കിലും അഴിമതി നടന്നതായും പറയപ്പെടുന്നു. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ആദ്യ ആറ് മാസത്തിനുള്ളില്‍ നഗരസഭയില്‍ നടമാടിയിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത മാസം തുടങ്ങാനിരിക്കേ ആദ്യഘട്ടത്തിലെ അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നഗരസഭയിലെ ഓരോ വീട്ടില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ വാര്‍ഡ് കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്ന് മൊത്തമായി കയറ്റി പോവുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയില്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നഗരസഭയിലെ ജനങ്ങളും ആശങ്കയിലാണ്.

(Visited 21 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക