|    Apr 30 Sun, 2017 6:45 am
FLASH NEWS

ശുചിത്വ പെരുമ്പാവൂര്‍ പദ്ധതിയുമായി നഗരസഭ

Published : 12th November 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയെ അടിമുടി മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ  ശുചിത്വ പെരുമ്പാവൂര്‍ എന്ന പദ്ധതിക്കൊരുങ്ങുന്നു. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വളമാക്കുന്നതിനും പ്ലാസ്റ്റിക്ക്, ഇ വേസ്റ്റുകള്‍ സ്വരൂപിച്ച് ഇതരസംസ്‌ക്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുമായി തയ്യാറാക്കിയ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ 50 ലക്ഷം രൂപയോളം മുതല്‍മുടക്കിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജൈവമാലിന്യങ്ങള്‍ സ്വരൂപിച്ച് കമ്പോസ്റ്റ് വളമാക്കി കൃഷിക്ക് ഉപയോഗിക്കുന്ന രീതിയിലാക്കും. ഇതിന്റെ ഭാഗമായി കാര്‍ഷിക മേഖലയെ വളര്‍ത്തുന്നതിന് 15 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടെ ബയോഗ്യാസ് പ്ലാന്റ്, പോട്ട് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ് തുടങ്ങിയ ശാസ്ത്രീയ മാലിന്യസംസ്‌ക്കരണ സാമഗ്രികള്‍ നല്‍കും. വീടുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരം തിരിച്ച് സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് നല്‍കും. ഇതിനായി 15 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. പൊതുഇടങ്ങളായ മാര്‍ക്കറ്റ്, ബസ്് സ്റ്റാന്റുകള്‍, ഷോപ്പിങ് കോംപഌക്‌സുകള്‍, നിരത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി തുമ്പൂര്‍മുഴി മോഡല്‍ വികേന്ദ്രീകൃത മാലിന്യസംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 50 മൈക്രോണിന് താഴെയുളള പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ നിരോധിക്കും, 50 മൈക്രോണില്‍ മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ മാസം നാലായിരം രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി നഗരസഭ സീല്‍ ചെയ്ത് നല്‍കുന്ന ക്യാരിബാഗുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും. പ്ഌസ്റ്റിക്ക് ക്യാരി ബാഗിന്റെ ഉപയോഗം കുറയ്ക്കാനായി എല്ലാ വീടുകളിലും ഉന്നതഗുണമേന്‍മയുളള ചണ ഉത്പന്നം കൊണ്ടുളള ഷോപ്പിംഗ് ബാഗുകള്‍ സൗജന്യമായി നല്‍കും. ഇത്തരം പരിസ്ഥിതി സൗഹൃദബദല്‍ ഉല്‍പന്നങ്ങള്‍ക്കായി കുടുംബശ്രീയുടെ സഹായത്തോടെ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യമുക്തിക്കായി മുഴുവന്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ഡിസംബര്‍ 31 ന് മുമ്പായി മുഴുവന്‍ വീടുകള്‍ക്കും ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി പട്ടണത്തെ വെളിയിട വിസര്‍ജ്ജന വിമുക്ത നഗരസഭയായി പ്രഖ്യാപിക്കും. ഇതിനോടകം നൂറ് കുടുംബങ്ങള്‍ക്ക് ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കിയതായി ഭരണസമിതി അറിയിച്ചു.വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ അണിനിരക്കുന്ന ശുചിത്വവിളംബര ജാഥ സുഭാഷ്‌മൈതാനിയില്‍ ഒന്‍പതിന് ചെയര്‍പെഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്യുമെന്ന് ഭരണസമിതി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day