|    Sep 23 Sat, 2017 3:55 am
FLASH NEWS

ശുചിത്വമിഷന് നല്‍കിയ സ്ഥലത്ത് മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞു

Published : 20th October 2016 | Posted By: SMR

വടകര: കര്‍മ്മ പദ്ധതിയുടെ ഭാഗമായി നഗരസഭ ഓഫിസ് കോംപൗണ്ടില്‍ നിന്നും നീക്കം ചെയ്ത പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ ശുചിത്വ മിഷന് നല്‍കിയ സ്ഥലത്ത് എത്തിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. വടകര നഗരം സുന്ദര നഗരം എന്ന പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത കര്‍മ്മയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കുളത്തിന്റെവിടയുള്ള നഗരസഭയുടെ അധീനതയിലുള്ള സ്ഥലം ശുചിത്വമിഷന് നല്‍കിയത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭ ഓഫീസ് കോംപൗണ്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാനാണ് ഈ കേന്ദ്രത്തിലെത്തിച്ചത്. മാലിന്യം ഇവിടെ തള്ളുന്നതാണെന്ന് കണ്ട നാട്ടുകാര്‍ നഗരസഭ വാഹനം തടയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തുടര്‍ന്ന് നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്ന് പ്രദേശവാസികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അനുവദിക്കുകയും ഇന്നലെ എത്തിച്ച മാലിന്യം നഗരസഭ ഓഫീസിലേക്ക് തിരികെ അയക്കുകയും ചെയ്തു. നേരത്തെ നഗരസഭ കൗണ്‍സില്‍ ഐഖ്യകണ്‌ഠേനയാണ് സ്ഥലം ശുചിത്വമിഷന് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധക്കാരോടൊപ്പം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് അംഗവുമായ എ.പ്രേമകുമാരി ചേര്‍ന്നത് വിവാദമായിരിക്കുകയാണ്. ചര്‍ച്ചയില്‍ നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍, സെക്രട്ടറി അരുണ്‍ രംഗന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.അശോകന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷജില്‍ കുമാര്‍, പ്രതിഷേധക്കാരുടെ പ്രതിനിധി പ്രൊഫ.അബ്ദുല്‍ന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക