|    Feb 24 Fri, 2017 2:33 pm
FLASH NEWS

ശുക്ര ദൗത്യവുമായി ഐഎസ്ആര്‍ഒ ; നാസ പങ്കാളിത്തം വാഗ്ദാനം ചെയ്തതായി റിപോര്‍ട്ട്

Published : 13th February 2017 | Posted By: fsq

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ചരിത്രത്തില്‍ പുതിയ നാഴികക്കല്ലുകള്‍ കുറിക്കുന്ന ബൃഹത് പദ്ധതികള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ. 2022ഓടെ ഒരുക്കുന്ന രണ്ടാം ചൊവ്വാ ദൗത്യത്തിനൊപ്പം ശുക്ര സന്ദര്‍ശനത്തിനും ഐഎസ്ആര്‍ഒ തയ്യാറാവുകയാണ്. ലോകചരിത്രത്തിലാദ്യമായി 104 ഉപഗ്രഹങ്ങളുമായി വരുന്ന പതിനഞ്ചിന് ഇന്ത്യയുടെ പിഎസ്എല്‍വിസി 37 ഭ്രമണപഥത്തിലേക്ക് കുതിക്കാനൊരുങ്ങുന്നതിനു പിറകെയാണ് പുതിയ ദൗത്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തല്‍. ലോകത്താദ്യമായാണ് ഒരു രാജ്യം ഇത്രയധികം ഉപഗ്രഹങ്ങള്‍ ഒറ്റവിക്ഷേപണത്തില്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്തെ അതികായന്‍മാരായ അമേരിക്കയേയും റഷ്യയേയും വെല്ലുന്ന ദൗത്യങ്ങളാണ് പുത്തന്‍ നീക്കങ്ങള്‍. 37 ഉപഗ്രഹങ്ങള്‍ 2014ല്‍ ഒന്നിച്ചു വിക്ഷേപിച്ച റഷ്യയാണ് ഒറ്റ ദൗത്യത്തില്‍ കുടുതല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്.  20 ഉപഗ്രഹങ്ങ ള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഐഎസ്ആര്‍ഒ തങ്ങളുടെ ശക്തി കാട്ടിയിരുന്നു. നാസ 29 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു.മംഗള്‍യാനിലുടെ ചൊവ്വയെ തൊടാനുള്ള രാജ്യത്തിന്റെ ആദ്യ ശ്രമംതന്നെ വിജയകരമായി പുര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ  ഏഷ്യയില്‍ ആദ്യമായി ഇതിന്റെ രണ്ടാം ഘട്ടത്തിനു ശ്രമിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ഒരുക്കം നടത്തിവരുകയാണ്. ഇതോടൊപ്പമാണ്  ശുക്രനെയും ലക്ഷ്യംവയ്ക്കുന്നത്. ഒന്നാം മംഗള്‍യാനെപ്പോലെ ഭ്രമണപഥത്തില്‍ ചുറ്റി നിരീക്ഷിക്കുന്നതും ശുക്രനില്‍ ഇടിച്ചിറങ്ങാന്‍ കഴിയുന്ന തരത്തിലുമുള്ള സാങ്കേതികവിദ്യയായിരിക്കും ഐഎസ്ആര്‍ഒ ഉപയോഗപ്പെടുത്തുകയെന്നും സുചനകളുണ്ട്.ബഹിരാകാശ ഗവേഷണ വിഹിതത്തില്‍ ഇത്തവണ 23 ശതമാനം വര്‍ധനവ് വരുത്തിയ കേന്ദസര്‍ക്കാര്‍ നടപടിയും ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്നു. ഇത്തവണ അവതരിപ്പിച്ച  ബജറ്റിലും ഇന്ത്യയുടെ ചൊവ്വ, ശുക്ര ദൗത്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.പൂര്‍ണമായും ഇന്ത്യന്‍ നിയന്ത്രണത്തില്‍ വിജയകരമായി പുര്‍ത്തിയാക്കിയതായിരുന്നു മംഗള്‍യാന്‍ ഒന്ന്. എന്നാല്‍, ഇതിന്റ രണ്ടാംഘട്ടത്തില്‍ പങ്കാളിയാവാന്‍  ഫ്രാ ന്‍സ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മാസം ഇന്ത്യ സന്ദര്‍ശിച്ച നാസയുടെ ജറ്റ് പ്രൊപ്പലേഷന്‍ ഡയറക്ടര്‍ മൈക്കിള്‍ എം വാക്കിങ് ദിശാനിയന്ത്രണ സാങ്കേതികവിദ്യകളില്‍ ഇന്ത്യയുമായി സംയുക്ത സംരഭങ്ങള്‍ക്ക് ഒരുക്കമാണെന്ന് അറിയിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ ശുക്രദൗത്യത്തിലും നാസ പങ്കാളിത്തവും വാഗ്ദാനം ചെയ്തതായി റിപോര്‍ട്ടുണ്ട്. ബഹിരാകാശ ദൗത്യങ്ങള്‍ക്കായി വൈദ്യുതോര്‍ജം ഉപയോഗപ്പെടുത്തുന്ന പദ്ധതിയിലും സഹകരണം ഉണ്ടാവും. പിഎസ്എല്‍വിസി 37ല്‍ അമേരിക്കയുടെ എണ്‍പതും ഇന്ത്യയുടെ മൂന്നും ഉപഗ്രഹങ്ങള്‍ക്കൊപ്പം ജര്‍മനി, യുഎഇ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങുടെ ഉപഗ്രങ്ങളുമുണ്ട്. 730 കിലോ ഭാരമുള്ള കാര്‍ടോസാറ്റ് 2, ഐഎന്‍എസ്1 എ, ഐഎന്‍എസ്1 ബി എന്നീ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന വിക്ഷേപണദൗത്യം 625 സെക്കന്‍ഡ്‌കൊണ്ട് പുര്‍ത്തിയാക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 366 times, 12 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക