|    Aug 20 Sun, 2017 12:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പേരില്‍ ലീഗ് നേതാക്കള്‍ പണം തട്ടിയതായി പരാതി

Published : 8th November 2016 | Posted By: SMR

 

മലപ്പുറം: അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് മുസ്‌ലിംലീഗ് നേതാക്കള്‍ തട്ടിപ്പ് നടത്തിയതായി പരാതി. ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് കെയര്‍ എല്‍എല്‍പി എന്ന പേരില്‍ പെരിന്തല്‍മണ്ണയില്‍ സ്ഥാപനം തുടങ്ങി ഓഹരി സമാഹരിച്ച മണ്ഡലം ലീഗ്-യൂത്ത്‌ലീഗ് ഭാരവാഹികളാണ് തട്ടിപ്പ് നടത്തിയത്.
നിരവധി പേരില്‍ നിന്ന് ഒരുലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയാണ് ഓഹരിയായി സമാഹരിച്ചത്. സമാഹരിച്ച ഒന്നരക്കോടിയോളം രൂപയ്ക്ക് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാതെയും ലാഭവിഹിതം നല്‍കാതെയും മൂന്നുവര്‍ഷമായി കബളിപ്പിക്കുകയാണെന്നു പണം മുടക്കിയവര്‍ ഇന്നലെ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി ലൈഫ് കെയര്‍ ഡയഗ്നോസിസ് സെന്റര്‍ എന്ന ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്നും ലാഭവിഹിതം കൃത്യമായി എത്തിക്കുമെന്നും വാഗ്ദാനം നല്‍കിയാണു പണം പിരിച്ചിരുന്നത്.
2013 മെയ് 27നാണ് ട്രസ്റ്റ് രൂപീകരിച്ചത്. മൂന്നുവര്‍ഷമായിട്ടും ട്രസ്റ്റ് യോഗം ചേരുകയോ വരുമാനത്തെക്കുറിച്ച് പണം നല്‍കിയവരെ അറിയിക്കുകയോ ചെയ്തിട്ടില്ല. പെരിന്തല്‍മണ്ണ നിയോജകമണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് നഹാസ് പാറക്കല്‍, ലീഗ് വര്‍ക്കിങ് പ്രസിഡന്റ് പി കെ മുഹമ്മദ് കോയ, വര്‍ക്കിങ് സെക്രട്ടറി പച്ചീരി ഫാറൂഖ് തുടങ്ങിയവരാണു പണം വാങ്ങിയതെന്നു തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണു രസീതി നല്‍കിയത്. പിന്നീട് ഓഹരി സര്‍ട്ടിഫിക്കറ്റും നല്‍കി. എല്‍എല്‍പിയായി രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് ഓഹരി വില്‍പന നടത്താന്‍ അധികാരമില്ലെന്നിരിക്കെയാണിത്. സ്ഥാപന നടത്തിപ്പ് ഇപ്പോള്‍ ഒരു ഗ്രൂപ്പിന് വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. നിര്‍ധന സ്ത്രീകളും വിദേശത്തു ജോലിചെയ്യുന്നവരുമടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്.  പണം ചെലവഴിച്ചതിന്റെ യാതൊരു രേഖകളും ഓഹരി ഉടമകളെ കാണിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. പണം തിരിച്ചുനല്‍കാന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പാണക്കാട് സാദിഖലി തങ്ങളെ സമീപിച്ചെങ്കിലും തനിക്ക് അങ്ങിനെയൊരു ട്രസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും തന്നോടു ചോദിച്ചിട്ടല്ലല്ലോ പണം നല്‍കിയതെന്നുമായിരുന്നത്രേ മറുപടി. മണ്ഡലം ലീഗ് നേതൃത്വവും കൈമലര്‍ത്തിയിരിക്കുകയാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് പരാതിനല്‍കി കാത്തിരിക്കുകയാണ് ഇരകള്‍. അഞ്ചുലക്ഷം നല്‍കി യ കെ ടി മൊയ്തീന്‍, ആറുലക്ഷം നല്‍കിയ എം കെ അബ്ദുസലാം, വി ഹംസ, എസ്ടിയു മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് അരീക്കല്‍, യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റി അംഗം കിനാത്തിയില്‍ സ്വാലിഹ്  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക