|    Oct 20 Sat, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാവണം : മുഖ്യമന്ത്രി

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാവണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയക്കുന്നതെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്‌സിഇആര്‍ടി സംഘടിപ്പിച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും കുട്ടികളുടെ സംരക്ഷണവും ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ചില സ്വകാര്യ പ്രീ സ്‌കൂളുകളില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സുരക്ഷ ഇത്തരം കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം. പീഡനം നടത്തുന്ന കശ്മലന്‍മാര്‍ക്ക് കുഞ്ഞുങ്ങളെന്നോ പ്രായംചെന്നവരെന്നോ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെയും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ രീതിയെയും ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. അങ്കണവാടികളുടെ കെട്ടിലും മട്ടിലും മാറ്റമുണ്ടാവണമെന്നും ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചുവരുന്നതായും  ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. അതേസമയം,  തലസ്ഥാനത്തിനു പുറമെ കൊച്ചിയിലും കോഴിക്കോട്ടും സൈബര്‍ഡോമിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. കേരള പോലിസ് സൈബര്‍ഡോമിനു ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം, മൊബൈല്‍ ആപ്ലിക്കേഷന്റെയും വെബ്‌പോര്‍ട്ടലിന്റെയും ഉദ്ഘാടനം, മെഡല്‍ വിതരണം എന്നിവ  തിരുവനന്തപുരത്ത്  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഐടി മിഷന്‍, സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കേരള തുടങ്ങി പോലിസിനു പുറത്തുമുള്ള വിവിധ ഏജന്‍സികളുമായി കൂടുതല്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടൈന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കായി സൈബര്‍ഡോം വികസിപ്പിച്ച വെബ്‌പോര്‍ട്ടല്‍, കുട്ടികളുടെ സൈബര്‍സുരക്ഷയ്ക്കായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ സന്നദ്ധസേവനത്തിലൂടെ മികച്ച സേവനം സൈബര്‍ഡോമിനു നല്‍കിയ  വിദഗ്ധര്‍ക്ക് മുഖ്യമന്ത്രി മെഡലുകള്‍ നല്കി.  കോഴിക്കോട് കെഎപി കമാന്‍ഡന്റ് സഞ്ജയ്കുമാര്‍ ഗുരുഡിന്‍ രചിച്ച  നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss