|    Jan 18 Wed, 2017 1:36 pm
FLASH NEWS

ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ് ഇന്ന്: വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈക്കോടതി തടഞ്ഞു

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ഭരണസമിതിയിലേക്ക് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈക്കോടതി തടഞ്ഞു. 868 ആജീവനാന്ത അംഗത്വത്തെക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കെ ഇവരെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തി ഫലപ്രഖ്യാപനം നടത്തണമെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച, ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
തര്‍ക്കമുള്ളതും അല്ലാത്തതുമായ അംഗങ്ങളുടെ വോട്ട് വെവ്വേറെ പെട്ടികളിലാക്കി സീല്‍ ചെയ്ത് ജില്ലാ ജഡ്ജിയുടെ കസ്റ്റഡിയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ സൂക്ഷിക്കണം. വ്യാജ മെംബര്‍ഷിപ്പിനെക്കുറിച്ചും മറ്റു ക്രമക്കേടുകളെക്കുറിച്ചും സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി നല്‍കുന്ന റിപോര്‍ട്ട് ഹൈക്കോടതി പിന്നീട് പരിഗണിക്കും.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയമാവലിക്ക് വിരുദ്ധമായി 868 അംഗങ്ങളെ ഒറ്റയടിക്ക് ചേര്‍ത്തതും 37 പേരെ പിന്‍വാതില്‍ വഴി നിയമിച്ച് സ്ഥിരപ്പെടുത്തിയതും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുന്‍ഗണനാക്രമം മറികടന്ന് ദത്ത് നല്‍കിയതും ശിശുദിന സ്റ്റാമ്പ് അച്ചടി, വിതരണം, പണപ്പിരിവ് ഇവയില്‍ നടന്ന ക്രമക്കേടുകളും നിയമലംഘനങ്ങളും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. വിശദമായ തുടര്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്താനും അന്വേഷണസംഘം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ഇതിനെത്തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റുകൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയുടെ പ്രത്യേക യോഗം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണ നടപടികള്‍ ആരംഭിച്ചിരിക്കെയാണ് വിവാദ അംഗങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്താനും ഫലപ്രഖ്യാപനം നടത്താനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കേസ് വീണ്ടും ഈമാസം 26ന് പരിഗണിക്കും. ഇന്നത്തെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക