|    Oct 24 Tue, 2017 2:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശിശുക്ഷേമ സമിതിയിലെ ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ക്രമക്കേടുകളില്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷണം നടത്തും. ഇതിനുള്ള അനുമതി ആഭ്യന്തരവകുപ്പ് ഡിജിപിക്കു കൈമാറി. സമീപകാലത്ത് ശിശുക്ഷേമ സമിതിയില്‍ നടന്ന വ്യാപക ക്രമക്കേടുകളിലെ പരാതികളില്‍ പൊതുഭരണ ജോയി ന്റ് സെക്രട്ടറി ഇ സഹീദ്, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ ഇന്‍ചാര്‍ജ് ബി എസ് അനിത ദീപ്തി എന്നിവര്‍ ഉള്‍പ്പെടെ അന്വേഷണസംഘം നേരത്തെ പ്രാഥമിക അന്വേഷണം നടത്തി തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെയും 2016 ജൂണ്‍ 9ലെ ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് സമിതിയുടെ പ്രത്യേക എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തീരുമാനിച്ചത്.
ഈ തീരുമാനം അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഒരു മാസത്തിനുള്ളില്‍ എല്ലാ അന്വേഷണ നടപടികളും പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 2010 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ കാലയളവില്‍ ശിശുക്ഷേമ സമിതിയില്‍ നടന്ന ക്രമക്കേടുകളാവും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍ വരുക. സമിതിയുടെ നിയമാവലിക്കു വിരുദ്ധമായി 868 പുതിയ അംഗങ്ങളെ ചേര്‍ത്തതിലും 37 പേരെ പൊതുനിയമന മാനദണ്ഡങ്ങള്‍ മറികടന്ന് പിന്‍വാതില്‍വഴി നിയമിച്ചതിലും മുന്‍ഗണനാക്രമം മറികടന്ന് ധനികരായ ദമ്പതികളെ തിരഞ്ഞുപിടിച്ച് ദത്ത് നല്‍കിയതിലും ക്രമക്കേടു നടന്നതായി പ്രാഥമിക അന്വേഷണം സ്ഥിരീകരിച്ചിരുന്നു.
868 പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറി സുനില്‍ സി കുര്യന്‍, ആജീവനാന്ത അംഗം ചെമ്പഴന്തി അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ സമിതി ഓഫിസില്‍ നിന്ന് അംഗത്വ രജിസ്റ്ററുകള്‍, മിനിറ്റ്‌സ് ബുക്കുകള്‍, കാഷ് രശീതികള്‍ തുടങ്ങിയ ഔദ്യോഗിക രേഖകള്‍ കടത്തിക്കൊണ്ടു പോയതായും പുതിയ അംഗങ്ങളുടെ വിവരം എഴുതിച്ചേര്‍ക്കാന്‍ സമിതിയുടെ അംഗത്വ രജിസ്റ്ററിനു സമാനമായി വ്യാജരജിസ്റ്ററുകള്‍ ഉണ്ടാക്കിയതും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ തുടരന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക