|    Jan 20 Fri, 2017 12:59 am
FLASH NEWS

ശിവാനിയും ഉമ്മന്‍ചാണ്ടിയും ചുവപ്പുനാടയും

Published : 9th July 2016 | Posted By: SMR

slug-madhyamargamമലബാറിലെ ആദ്യത്തെ അധ്യാപക പരിശീലനകേന്ദ്രമാണ് കോഴിക്കോട് നടക്കാവിലെ ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്. 100 വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തില്‍ ഒന്നുമുതല്‍ നാലാം ക്ലാസ് വരെയുള്ള മാതൃകാ എല്‍പി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂതിരി രാജാക്കന്മാര്‍ നിര്‍മിച്ച കൊട്ടാരസമാനമായ കെട്ടിടത്തിലാണ് വിദ്യാലയം. ഈ കോംപൗണ്ടില്‍ പുതിയൊരു കെട്ടിടത്തിനു തറക്കല്ലിടാന്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി. തിരക്കിട്ട പരിപാടികള്‍ക്കിടയിലായിരുന്നു വരവ്. പരിവാരസമേതനായി മുഖ്യമന്ത്രി വരുമ്പോള്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദൂരെ മാറിനിന്ന് അദ്ഭുതത്തോടെ നോക്കുകയായിരുന്നു. സ്‌കൂള്‍ കോംപൗണ്ടിലേക്ക് കാറില്‍ എത്തിയ മുഖ്യമന്ത്രി ഇറങ്ങുമ്പോള്‍ ചാനല്‍ കാമറക്കാരും ഫോട്ടോഗ്രാഫര്‍മാരും ചുറ്റും അണിനിരന്നു. ഇതിനിടയില്‍ പാര്‍ട്ടിനേതാക്കളും ഖദര്‍ധാരികളും മുഖ്യമന്ത്രിയെ തൊട്ടുരുമ്മിനില്‍ക്കാന്‍ പാടുപെട്ടു. ജനത്തിരക്കിനിടയിലൂടെ മുഖ്യമന്ത്രി നടന്നുനീങ്ങുമ്പോള്‍ പിന്നില്‍നിന്ന് ഒരു കുട്ടി നീട്ടി വിളിച്ചു: ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി തിരിഞ്ഞുനോക്കി. കുട്ടികള്‍ കൂട്ടംകൂടിനില്‍ക്കുന്നു. അവരുടെ ഇടയില്‍ ഒരു പെണ്‍കുട്ടി താനാണ് വിളിച്ചതെന്നു വെളിപ്പെടുത്തി കൈയുയര്‍ത്തി നില്‍ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അങ്ങോട്ടു ചെന്നു. എട്ടുംപൊട്ടും തിരിയാത്ത ആ കുട്ടിയെ വാരിയെടുത്തു. ഉമ്മന്‍ചാണ്ടി: മോളെ പേര് എന്താ?
കുട്ടി: ശിവാനി.
ഉമ്മന്‍ചാണ്ടി: ഏതു ക്ലാസില്‍ പഠിക്കുന്നു? ശിവാനി: രണ്ടാം ക്ലാസില്‍.
ഉമ്മന്‍ചാണ്ടി: എന്തിനാ എന്നെ വിളിച്ചത്? ശിവാനി: ഒരു സഹായം ചോദിക്കാന്‍.
ഉമ്മന്‍ചാണ്ടി: എന്തു സഹായം മോളെ?
ശിവാനി: എന്റെ ക്ലാസില്‍ പഠിക്കുന്ന അമല്‍കൃഷ്ണയുടെ അച്ഛനും അമ്മയ്ക്കും സുഖമില്ല. അവനു വീടില്ല. അവന് ഒരു വീടുവയ്ക്കണം. അതിനു പണം വേണം. അതിനു സഹായിക്കണം.
ഇത്രയും പറഞ്ഞ് തൊട്ടടുത്തുള്ള അമല്‍കൃഷ്ണയെ പിടിച്ച് ഉമ്മന്‍ചാണ്ടിയുടെ മുമ്പില്‍ നിര്‍ത്തി. ഉമ്മന്‍ചാണ്ടി ശിവാനിയെയും അമല്‍ കൃഷ്ണയെയും കൂട്ടിപ്പിടിച്ച് ഞാന്‍ സഹായിക്കാം എന്നു പ്രഖ്യാപിച്ചു. പ്രധാന അധ്യാപികയോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് അപേക്ഷ എഴുതിത്തരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അച്ഛനും അമ്മയും അസുഖബാധിതരായി കഴിയുന്ന അമല്‍കൃഷ്ണയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ മൂന്നുലക്ഷം രൂപ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഉത്തരവ്. മൂന്നുമാസം കഴിഞ്ഞ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അല്ലാതായ ഉമ്മന്‍ചാണ്ടി സ്‌കൂളിലേക്ക് ഫോണില്‍ വിളിച്ച് അമല്‍കൃഷ്ണയുടെ വീടിന്റെ കാര്യം അന്വേഷിച്ചു. സര്‍ക്കാരിന്റെ മൂന്നുലക്ഷം രൂപ ഇതുവരെ കിട്ടിയിട്ടില്ലെന്നും സ്‌കൂളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഒമ്പതരലക്ഷം രൂപ സമാഹരിച്ചിട്ടുണ്ടെന്നും അധികൃതര്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. സര്‍ക്കാര്‍സഹായത്തിനായി ചുരുങ്ങിയത് 10 തവണയെങ്കിലും ജില്ലാ കലക്ടറേറ്റില്‍ പോയിരുന്നുവെന്നും ഒരു ക്ലാര്‍ക്കിന്റെ മേശപ്പുറത്ത് ഫയല്‍ കിടക്കുകയാണെന്നും ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
രണ്ടുദിവസത്തിനകം ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെത്തി താന്‍ പ്രഖ്യാപിച്ച മൂന്നുലക്ഷം ഭവനനിര്‍മാണ കമ്മിറ്റിക്ക് കൈമാറി. പണം കിട്ടാതെ വീടുനിര്‍മാണം പൂര്‍ത്തിയാവാതെപോവരുതെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുക കൈമാറിയത്. കോഴിക്കോട്ടെ രണ്ട് സുഹൃത്തുക്കളില്‍നിന്നാണ് അദ്ദേഹം ഇതിനായി പണം വാങ്ങിയത്. ശിവാനിയും ഉമ്മന്‍ചാണ്ടിയും പ്രകടിപ്പിച്ച സ്‌നേഹവും കാരുണ്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിച്ചില്ല. ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കാനുള്ള ഫയല്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു. ശിവാനിയെയും ഉമ്മന്‍ചാണ്ടിയെയും നമുക്ക് അഭിനന്ദിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 138 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക