|    Dec 10 Mon, 2018 4:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശിവസേനാ നേതാവ് സ്‌ഫോടന പദ്ധതികളുടെ സൂചന നല്‍കിയിരുന്നെന്ന് മന്ത്രി

Published : 22nd August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ അഞ്ചു പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതിന് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്ത ശിവസേന മുന്‍ കോര്‍പറേറ്റര്‍ സ്‌ഫോടന പദ്ധതികളെക്കുറിച്ച് തനിക്ക് മുമ്പുതന്നെ സൂചന നല്‍കിയിരുന്നുവെന്ന് സംസ്ഥാന മന്ത്രിയുടെ വെളിപ്പെടുത്തല്‍. യുക്തിവാദിയായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ സച്ചിന്‍ പ്രകാശ് റാവു ആന്ദുറെ എന്ന സംഘപരിവാര പ്രവര്‍ത്തകനെ സിബിഐ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് ശിവസേന മുന്‍ നഗരസഭാംഗമായ ശ്രീകാന്ത് പന്‍ഗാര്‍ക്കറുടെ ബന്ധം വ്യക്തമായത്. ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനില്‍ രണ്ടു തവണ ശിവസേന അംഗമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് പന്‍ഗാര്‍ക്കര്‍. സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാനും സൂക്ഷിക്കാനും സഹായിച്ചത് ഇദ്ദേഹമായിരുന്നുവെന്നാണ് ആന്ദുറെ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, പന്‍ഗാര്‍ക്കര്‍ക്ക് ഇപ്പോള്‍ ശിവസേനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെയാണ്, സംസ്ഥാനത്തെ പ്രമുഖ ശിവസേനാ നേതാവും സംസ്ഥാന ടെക്‌സ്്‌റ്റൈല്‍, മൃഗസംരക്ഷണ, ക്ഷീരവികസന, മല്‍സ്യബന്ധന സഹമന്ത്രിയുമായ അര്‍ജുന്‍ ഖോത്കറിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയിലെ പല നേതാക്കളും പന്‍ഗാര്‍ക്കറുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ സനാതന്‍ സന്‍സ്ഥയുമായുള്ള ബന്ധത്തെക്കുറിച്ചും സ്‌ഫോടനപദ്ധതികളെ കുറിച്ചും അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ രണ്ടോ മൂന്നോ തവണ താന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സനാതന്‍ സന്‍സ്ഥ എന്ന ഹിന്ദുത്വസംഘടനയുമായുള്ള ബന്ധവും ചില സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം തനിക്കു സൂചന നല്‍കിയിരുന്നു. അസം, ഗോവ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ സനാതന്‍ സന്‍സ്ഥയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണു താനെന്ന് അദ്ദേഹം സംസാരത്തിനിടെ തന്നോട് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് നടക്കുന്നതിന്റെ 10 ദിവസം മുമ്പ് ജല്‍ന സിറ്റി യൂനിറ്റ് ശിവസേനാ മുഖ്യനായ ഭാസ്‌കര്‍ അംബേദ്കറെ അദ്ദേഹം കണ്ടിരുന്നു. ഇവരുടെ സംസാരത്തിനിടെ നടത്താനിരിക്കുന്ന സ്‌ഫോടനങ്ങളെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ച കാര്യം ഭാസ്‌കര്‍ അംബേദ്കര്‍ തന്നോട് പിന്നീട് പറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, സ്‌ഫോടനങ്ങള്‍ എവിടെ, എങ്ങനെ നടപ്പാക്കുമെന്ന കാര്യം വ്യക്തമായി പറഞ്ഞിരുന്നില്ല. എന്നാല്‍, അദ്ദേഹം പറഞ്ഞത് സത്യമാണോ അല്ലയോ എന്ന കാര്യം ഞങ്ങള്‍ക്ക് അറിയില്ല. അക്കാര്യം കണ്ടെത്തേണ്ടത് പോലിസാണെന്നും സംസ്ഥാന മന്ത്രി കൂട്ടിച്ചേര്‍ത്തു. മുംബൈ, സോലാപൂര്‍, സതാര, പൂനെ, നലസോപാര എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പന്‍ഗാര്‍ക്കര്‍ അടക്കം മൂന്നുപേര്‍ മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. 22 ക്രൂഡ് ബോംബുകളും 21 നാടന്‍ നിര്‍മിതമായ ആയുധങ്ങളും എടിഎസ് പിടിച്ചെടുത്തിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുകയും നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തുകയും ചെയ്തത് സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss