|    Mar 25 Sat, 2017 3:37 am
FLASH NEWS

ശിവസേനാ അക്രമികളെ മുസ്‌ലിം, ദലിത്, സിഖ് വിഭാഗങ്ങള്‍ ചേര്‍ന്ന് തുരത്തി

Published : 25th July 2016 | Posted By: SMR

attack

ഫഗ്‌വാര: മുസ്‌ലിം വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി കശ്മീരികളുടെ കടകള്‍ തകര്‍ത്തും പള്ളിക്ക് കല്ലെറിഞ്ഞും സംഘര്‍ഷം സൃഷ്ടിച്ച ശിവസേന പ്രവര്‍ത്തകരെ സിഖുകാരും ദലിതുകളും ചേര്‍ന്ന് ചെറുത്തുതോല്‍പ്പിച്ചു. രണ്ടു ദിവസമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പഞ്ചാബിലെ ഫഗ്‌വാരയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിനു ശേഷം എസ്ഡിഎം ഓഫിസിലേക്കു മാര്‍ച്ച് നടത്തി നിവേദനം നല്‍കുമെന്ന് മുസ്‌ലിംകള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, മുസ്‌ലിംകള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഫഗ്‌വാര എസ്പി അജീന്ദര്‍ സിങ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഉച്ച സമയത്ത് സംഘടിച്ചെത്തിയ ശിവസേനക്കാര്‍ പള്ളിക്കു മുന്നില്‍ വച്ച് പാകിസ്താന്‍ പതാക കത്തിക്കുകയും മുസ്‌ലിംകള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ശേഷം നഗരത്തിലൂടെ പ്രകടനം നടത്തി തിരിച്ചെത്തിയ സേന പ്രവര്‍ത്തകര്‍ വീണ്ടും പള്ളിക്കു മുന്നില്‍വന്ന് സംഘര്‍ഷം സൃഷ്ടിച്ചു. പള്ളിയുടെ മുന്നില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പോലിസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല.
നഗരത്തിലെ കശ്മീരികളുടെ കടകള്‍ നശിപ്പിച്ചും പള്ളിക്ക് കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടയില്‍ പ്രദേശത്തെ സിഖ്-ദലിത് പ്രവര്‍ത്തകര്‍ ഒരുമിച്ചെത്തി ശിവസേന പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിലും കെട്ടിടങ്ങളിലും ഓടിക്കയറിയ ശിവസേനക്കാര്‍ സിഖ്-ദലിത് പ്രവര്‍ത്തകര്‍ക്കെതിരേ ഇഷ്ടിക എടുത്തെറിഞ്ഞു. സിഖ്-ദലിത് പ്രവര്‍ത്തകര്‍ തിരിച്ചും എറിയാന്‍ തുടങ്ങിയതോടെ പോലിസ് സമ്മര്‍ദ്ദത്തിലായി. കല്ലേറിനെ തുടര്‍ന്ന് ക്ഷേത്ര കവാടത്തിലെ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ സംഭവ സ്ഥലത്ത് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പള്ളി ഇമാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവസേന നേതാക്കളായ ഇന്ദര്‍ജി കര്‍വല്‍, കുല്‍ദീപ് ദാനി, ജിമ്മി കാര്‍വല്‍, ഹിന്ദു രക്ഷാ സമിതി പ്രസിഡന്റ് ദീപക് ഭര്‍ദ്വാജ്, കണ്ടാലറിയാവുന്ന എട്ടുപേര്‍ എന്നിവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ശിവസേനക്കാര്‍ ഫഗ്‌വാരയില്‍ ബന്ദ് ആചരിച്ചു. അതേസമയം മുസ്‌ലിം, സിഖ്, ദലിത് പ്രവര്‍ത്തകര്‍ പള്ളിയുടെ മുന്നില്‍ ഒരുമിച്ച് കൂടി വര്‍ഗീയ സംഘര്‍ഷത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രഖ്യാപിച്ചു.

(Visited 1,908 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക