|    Jan 16 Mon, 2017 6:32 pm

ശിവസേനാ അക്രമത്തില്‍പ്രതിഷേധം

Published : 13th October 2015 | Posted By: RKN

ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് അഹമ്മദ് കസൂരിയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ സഹകരിച്ചതിനു ബി.ജെ.പി. മുന്‍ നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശിവസേനാ നടപടിയെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവര്‍ അപലപിച്ചു. വ്യത്യസ്ത നിലപാടുകള്‍ക്കെതിരായി രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കുല്‍ക്കര്‍ണിയുടെ മേല്‍ കരിഓയില്‍ ഒഴിച്ച നടപടിയെ അത് ആരു ചെയ്താലും അപലപിക്കുന്നുവെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍ കെ അഡ്വാനി പറഞ്ഞു.

വ്യത്യസ്ത ചിന്തകള്‍ക്കും അവ വച്ചുപുലര്‍ത്തുന്നവര്‍ക്കുമെതിരായ അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചുവരുന്നതിന്റെ ചിഹ്നങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി കാണാന്‍ കഴിയുന്നത്. ഇത് ഗൗരവപൂര്‍വം ചിന്തിക്കേണ്ട കാര്യമാണ്. ജനാധിപത്യം വ്യത്യസ്ത കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.കുല്‍ക്കര്‍ണിക്കെതിരായ ആക്രമണത്തെ അപലപിച്ച കോണ്‍ഗ്രസ്, ശിവസേനയെ ‘ദേശി താലിബാന്‍’ എന്നു വിളിച്ചു.

കസൂരിയുടെ പുസ്തകപ്രകാശനത്തെ പിന്തുണയ്ക്കുന്നതായും ശിവസേന നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ എല്ലാ സ്വതന്ത്ര ചിന്താഗതിക്കാരും നിലകൊള്ളണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ പറഞ്ഞു. സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കറുത്ത ചായമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്ത് കറുത്ത പാടാണ് പതിഞ്ഞതെന്നു കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ ട്വിറ്ററില്‍ പ്രതികരിച്ചു.കുല്‍ക്കര്‍ണിക്കെതിരായ ആക്രമണം അനീതിയാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ചില സംഘങ്ങള്‍ രാജ്യത്തു ഭരണഘടനയ്ക്കതീതമായ അധികാരം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുല്‍ക്കര്‍ണിയുടെ മുഖത്ത് ചായമൊഴിച്ച ശിവസേനാ നടപടി ശരിയായില്ലെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.എം. വ്യക്തമാക്കി. ബി.ജെ.പി. നേതാക്കള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയല്ല, ബ്രേക്കിങ് ഇന്ത്യ പദ്ധതിയാണു നടപ്പാക്കുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ട്വിറ്ററില്‍ പറഞ്ഞു.  ശിവേസന നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും ആക്രമികളെ പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ചലച്ചിത്ര പ്രവര്‍ത്തകരായ ശബാനാ ആസ്മി, മഹേഷ് ഭട്ട് തുടങ്ങി സാംസ്‌കാരിക രംഗത്തുള്ളവരും ശിവസേനാ നടപടിക്കെതിരേ വിമര്‍ശനമുന്നയിച്ചു. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം നടപടികള്‍ അപമാനകരമാണെന്ന് അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക