|    Nov 21 Wed, 2018 11:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശിവദാസന്റെ മരണം: ബിജെപിയുടെ നുണ പ്രചാരണം പൊളിഞ്ഞു

Published : 3rd November 2018 | Posted By: kasim kzm

പത്തനംതിട്ട: അയ്യപ്പഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാര സംഘടനകളും നടത്തിയ നുണപ്രചാരണം പൊളിഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ പന്തളം മുളമ്പുഴ ശരത്ഭവനത്തില്‍ ശിവദാസ(60)ന്റെ മരണം രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.
വലത് തുടയെല്ല് രണ്ടായി പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അമിതരക്തസ്രാവമാണു മരണകാരണം. ഉയര്‍ന്ന സ്ഥലത്തുനിന്നു താഴ്ചയിലേക്കു വീണതോ വാഹനാപകടംമൂലമോ ആവാം തുടയെല്ല് പൊട്ടിയതെന്നാണു നിഗമനം. വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടില്ല. ആന്തരികാവയവങ്ങള്‍ക്ക് തകരാറില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ 11നു പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുള്ളതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി ശിവദാസന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് തുലാമാസ പൂജയ്ക്ക് ദര്‍ശനത്തിനു പോയ ശിവദാസന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംവളവിലെ റോഡിനോട് ചേര്‍ന്ന താഴ്ചയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബിജെപി ഇന്നലെ പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ശിവദാസന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലിസ് നടപടിക്കിടെയാണ് അപകടം സംഭവിച്ചതെന്നും ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്.
ശബരിമലയിലേക്കു പോവുമ്പോള്‍ ശിവദാസനെ പോലിസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഘപരിവാര സംഘടനകളുടെ അവകാശവാദത്തിനു തിരിച്ചടിയായി മരിച്ച ശിവദാസന്റെ മകന്‍ ശരത് പോലിസിനു നല്‍കിയ മൊഴി പുറത്തായി. എല്ലാ മലയാളമാസവും ഒന്നിന് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനു പോവാറുണ്ട്. കഴിഞ്ഞ 18നു വീട്ടില്‍ നിന്നു പോയ അച്ഛന്‍ 19ന് അമ്മയെ വിളിച്ചു സംസാരിച്ചിരുന്നുവെന്ന് പോലിസിനു നല്‍കിയ മൊഴിയില്‍ മകന്‍ പറയുന്നു. ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് നടപടികള്‍ അവസാനിക്കുന്നത് കഴിഞ്ഞ 17നാണ്. അതിനു പിറ്റേന്ന് 18നാണ് ശിവദാസന്‍ ശബരിമലയ്ക്കു പോയതെന്നാണ് മൊഴി. 19നു രാവിലെ ഒരു തമിഴ്‌നാട്ടുകാരന്റെ മൊബൈലില്‍ നിന്നു ശിവദാസന്‍ വീട്ടിലേക്കു വിളിച്ച് അമ്മയോട് താന്‍ തൊഴുതുകഴിഞ്ഞ് നില്‍ക്കുകയാണെന്ന് അറിയിച്ചെന്നും പോലിസിനു നല്‍കിയ മൊഴിയില്‍ മകന്‍ പറയുന്നു. കെഎല്‍-26 ബി 4905 എന്ന ലൂന എക്‌സല്‍ വാഹനത്തിലാണ് അച്ഛന്‍ ശബരിമലയിലേക്കു പോയതെന്നും പോലിസിന് മൊഴി നല്‍കിയിട്ടുണ്ടണ്ട്.
ഈ വാഹനം മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നു ലഭിച്ചിട്ടുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ ബിജെപിയും ആര്‍എസ്എസും കുപ്രചാരണം പ്രചരിപ്പിച്ച് നടത്തിയ ഹര്‍ത്താലിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും പോലിസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss