|    Jan 22 Sun, 2017 7:52 pm
FLASH NEWS

ശിവഗിരി ട്രസ്റ്റ് തിരഞ്ഞെടുപ്പ്: സ്വാമി പ്രകാശാനന്ദയ്ക്ക് തോല്‍വി

Published : 13th October 2016 | Posted By: SMR

വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവില്‍ പ്രസിഡന്റായിരുന്ന സ്വാമി പ്രകാശാനന്ദയ്ക്ക് തോല്‍വി. 19 വോട്ടുകള്‍ മാത്രമാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ട്രസ്റ്റ് ബോര്‍ഡിലേക്ക് സ്വാമി ഋതംഭരാനന്ദ (വോട്ട്-35), സ്വാമി പരാനന്ദ (25), സ്വാമി വിശുദ്ധാനന്ദ (32), സ്വാമി സൂക്ഷ്മാനന്ദ (29), സ്വാമി സദ്രൂപാനന്ദ (33), സ്വാമി സാന്ദ്രാനന്ദപുരി (28), സ്വാമി വിശാലാനന്ദ (27), സ്വാമി ശാരദാനന്ദ (27), സ്വാമി ഗുരുപ്രസാദ് (30), സ്വാമി ശിവസ്വരൂപാനന്ദ (28), സ്വാമി ബോധിതീര്‍ഥ (26) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ നിലവിലുണ്ടായിരുന്ന ഭരണസമിതിയില്‍ നിന്ന് ആറുപേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാനന്ദ, ഖജാഞ്ചി സ്വാമി പരാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയും ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശുദ്ധാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ എന്നിവരാണു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
തോറ്റ പ്രമുഖരില്‍ സ്വാമി പ്രകാശാനന്ദയെ കൂടാതെ നിരവധി തവണ തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്ന സ്വാമി സച്ചിദാനന്ദ, ചെമ്പഴന്തി നാരായണ ഗുരുകുലം സെക്രട്ടറിയായിരുന്ന സ്വാമി ശുഭാംഗാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി മംഗള സ്വരൂപാനന്ദ എന്നിവര്‍ ഉള്‍പ്പെടുന്നു. 55 അംഗ വോട്ടര്‍ പട്ടികയില്‍ 53 പേരാണ് വോട്ട് ചെയ്തത്.
29 സന്ന്യാസിമാരാണ് ട്രസ്റ്റ് ബോര്‍ഡിലേക്ക് മല്‍സരിച്ചത്. നിലവില്‍ ഖജാഞ്ചിയായ സ്വാമി പരാനന്ദയ്ക്കും സ്വാമി ബ്രഹ്മസ്വരൂപാനന്ദയ്ക്കും 25 വോട്ടുകള്‍ വീതമാണു ലഭിച്ചത്. എന്നാല്‍ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പിന്‍മാറുന്നതായി വരണാധികാരിയെ അറിയിച്ചതോടെയാണ് സ്വാമി പരാനന്ദ ട്രസ്റ്റ് ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
സാധാരണഗതിയില്‍ രണ്ട് പാനലുകളായി തിരിഞ്ഞാണ് സന്ന്യാസിമാര്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി അങ്ങനെ ഉണ്ടായില്ല. ജനറല്‍ സെക്രട്ടറിയായ സ്വാമി ഋതംഭരാനന്ദയും സ്വാമി സൂക്ഷ്മാനന്ദയും തമ്മില്‍ തിരഞ്ഞെടുപ്പിനു മുമ്പേ തന്നെ ചില ധാരണകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പുതിയ മഠാധ്യക്ഷനെ ഒരാഴ്ചയ്ക്കകം തിരഞ്ഞെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക