|    Jan 20 Fri, 2017 5:29 pm
FLASH NEWS

ശിരോവസ്ത്രത്തിനുമില്ലേ ചില സാംസ്‌കാരിക വിവക്ഷകള്‍?

Published : 16th April 2016 | Posted By: SMR

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയ്ക്ക് വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്ര നിരോധനമടക്കം വസ്ത്രനിയന്ത്രണം ഏര്‍പ്പെടുത്തിയ സിബിഎസ്ഇ സര്‍ക്കുലറിനെതിരേ പ്രതിഷേധം വ്യാപകമാവുകയാണ്. മെയ് ഒന്നിനാണ് പരീക്ഷ. കാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ ഭരണഘടനാവിരുദ്ധമായ ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുണ്ട്. ശിരോവസ്ത്ര നിരോധനം പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ആവശ്യപ്പെടുകയുണ്ടായി ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശത്തിന്റെ ലംഘനമാണ് അതെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ലയെയും കേന്ദ്ര ന്യൂനപക്ഷ കമ്മീഷനെയും അറിയിച്ചിരുന്നെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല എന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പറയുന്നത്. പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ അനങ്ങാപ്പാറനയം തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.
ശിരോവസ്ത്രമണിയുന്നതു തടയാനുള്ള നീക്കത്തെ കേവലം പരീക്ഷാനടത്തിപ്പിന്റെ വിഷയമായി മാത്രം കാണുന്നത് ശരിയല്ല. കോപ്പിയടി തടയാന്‍ നിയന്ത്രണങ്ങള്‍ വേണമെന്നതൊക്കെ ശരിതന്നെ. ഇപ്പോഴത്തെ നിലയില്‍ അതിന് സിസിടിവി നിരീക്ഷണം ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നു മാത്രമല്ല, പരീക്ഷ ആരംഭിക്കുന്നതിന് അല്‍പസമയം മുമ്പ് ശിരോവസ്ത്രമഴിപ്പിച്ച് പരിശോധന നടത്താവുന്നതുമാണ്. ഇത്തരം സാധ്യതകളെയെല്ലാം നിരാകരിച്ച് ശിരോവസ്ത്രം ഒരു കാരണവശാലും പാടില്ലെന്നു പറയുന്നത് ധാര്‍ഷ്ട്യമാണ്. ശിരോവസ്ത്രം ഒരു മുസ്‌ലിം പ്രശ്‌നമൊട്ടല്ലതാനും. കഴിഞ്ഞ തവണ കേരളത്തില്‍ നിരോധനംമൂലം പരീക്ഷയെഴുതാന്‍ കഴിയാതെ പോയവരില്‍ ഒരു കന്യാസ്ത്രീയും ഉള്‍പ്പെടും. ഏതു വസ്ത്രം ധരിക്കാമെന്നും എന്തെല്ലാം സാംസ്‌കാരിക ചിഹ്‌നങ്ങള്‍ കൊണ്ടുനടക്കാമെന്നും മറ്റുമുള്ള കാര്യങ്ങളില്‍ ഭരണഘടന പൗരന്‍മാര്‍ക്കു നല്‍കുന്ന പരിരക്ഷയെയാണ് സിബിഎസ്ഇയുടെ ദുര്‍വാശി ഹനിച്ചുകളയുന്നത്. അതേസമയം, സിഖുകാര്‍ക്ക് പരീക്ഷാഹാളില്‍ തലപ്പാവണിയാന്‍ അനുമതിയുണ്ടുതാനും. ഇത് ഇരട്ടത്താപ്പാണ്. സാംസ്‌കാരിക ചിഹ്‌നങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ സിഖ് ന്യൂനപക്ഷത്തിനു നല്‍കുന്ന അനുമതി എന്തുകൊണ്ട് ക്രിസ്ത്യന്‍-മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു നിഷേധിക്കുന്നു? കേവലമൊരു പരീക്ഷാവിഷയത്തിലധികം ന്യൂനപക്ഷാവകാശധ്വംസനത്തിന്റെ പ്രശ്‌നങ്ങള്‍ കൂടി ശിരോവസ്ത്ര നിരോധനത്തില്‍ അടങ്ങിയിട്ടുണ്ടെന്നു പറയുന്നത് അതുകൊണ്ടാണ്.
അതേസമയം, വ്യത്യസ്ത മതവിഭാഗക്കാര്‍ക്ക് അവരുടെ സാംസ്‌കാരികമുദ്രകള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ പല ഇളവുകളും കോടതികള്‍ അനുവദിക്കുന്നുണ്ടുതാനും. ജൈനമത വിഭാഗക്കാര്‍ക്ക് സന്താര എന്ന വിചിത്രമായ ആചാരം നിലനിര്‍ത്താന്‍ ഈയിടെ സുപ്രിംകോടതി അനുമതി നല്‍കി. നൂറിലധികം പേരുടെ അപമൃത്യുവിന് വഴിവച്ച പരവൂര്‍ വെടിക്കെട്ടിനുശേഷം പൊതുവികാരം എതിരായിട്ടുപോലും സാംസ്‌കാരികമുദ്രകളുടെ പേരുപറഞ്ഞ് തൃശൂര്‍പൂരം വെടിക്കെട്ട് നടത്താന്‍ കേരള ഹൈക്കോടതിയും സമ്മതിച്ചു. ശിരോവസ്ത്രത്തിന്റെ കാര്യത്തിലും ഇത്തരം പരിഗണനകള്‍ പ്രസക്തമല്ലേ?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 180 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക