|    Mar 26 Sun, 2017 4:32 pm
FLASH NEWS

ശിയാവിരുദ്ധ പ്രസ്താവന; അംബാസഡറെ മാറ്റണമെന്ന് സൗദിയോട് ഇറാഖ്

Published : 30th August 2016 | Posted By: SMR

ബഗ്ദാദ്: ബഗ്ദാദിലെ സൗദി അറേബ്യന്‍ അംബാസഡര്‍ താമര്‍ അല്‍ സബ്ഹാനെ മാറ്റണമെന്ന് ഇറാഖ് ആവശ്യപ്പെട്ടു. ഇറാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിയാ സമാന്തര സൈന്യം ഇറാഖിലെ സുന്നി മുസ്‌ലിംകളെ ആക്രമിച്ച് മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായുള്ള സബ്ഹാന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു നടപടി. ഇറാഖ് വിദേശകാര്യമന്ത്രാലയമാണ് സൗദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സബ്ഹാന്‍ ഇറാഖിലെ ശിയാ നേതാക്കളുടെ സ്വാധീനം ക്ഷയിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു.
ഇറാഖും സൗദിയും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിലേക്ക് സബ്ഹാന്റെ സാന്നിധ്യം വഴിവയ്ക്കുമെന്ന് ഇറാഖ് വിദേശകാര്യമന്ത്രാലയ വക്താവ് അഹ്മദ് ജമാല്‍ പറഞ്ഞു. 1990നു ശേഷം അടച്ചിട്ടിരിക്കുന്ന ഇറാഖിലെ സൗദി എംബസി കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും തുറന്നത്. ഇതിനുശേഷം നിയോഗിച്ച ആദ്യ സൗദി അംബാസഡറാണ് സബ്ഹാന്‍. സുന്നികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനെന്നു ചൂണ്ടിക്കാട്ടി ഐഎസിനെതിരായുള്ള പോരാട്ടത്തില്‍നിന്നു ശിയാ സൈന്യത്തെ പുറത്താക്കണമെന്ന് സബ്ഹാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, നയതന്ത്രജ്ഞനെ കൊലപ്പെടുത്തുന്നത് ഒരു ബഹുമതിയാണെന്ന് ശിയാ സൈനിക നേതാവ് ഔസ് അല്‍ ഖഫാജി ഒരു പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിനുശേഷം തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായും സബ്ഹാന്‍ ആരോപിച്ചിരുന്നു. ആരോപണം ഇറാഖ് സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക