|    Mar 23 Thu, 2017 1:53 pm
FLASH NEWS

ശാസ്ത്രത്തിലില്ലാത്ത മാസപ്പിറവി

Published : 22nd October 2015 | Posted By: SMR

ഇന്നു മുസ്‌ലിം പണ്ഡിതന്മാര്‍ ചാന്ദ്രനിരീക്ഷണം ഒഴിവാക്കി പ്രാദേശികമായ ചാന്ദ്രദര്‍ശനത്തെ അടിസ്ഥാനമാക്കി മാസാരംഭം കുറിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രഥമ ചന്ദ്രക്കല കാണുന്നതിന് അവര്‍ വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ പല ദിവസങ്ങളിലായി മാസം ആരംഭിക്കുകയും ആരാധനകളും ആഘോഷങ്ങളും ഭിന്നിക്കുകയും ഛിദ്രത ഉടലെടുക്കുകയും പുണ്യം നഷ്ടപ്പെടാന്‍ ഇടവരുകയും ചെയ്യുന്നു. ഇതിനുള്ള പ്രതിവിധിയെന്തെന്നു സമുദായനേതൃത്വവും അംഗങ്ങളും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ‘നിങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ ഖുര്‍ആനിലേക്കും എന്റെ ചര്യയിലേക്കും മടങ്ങുക’ എന്നു പ്രവാചകന്‍ അരുളിയിട്ടുണ്ട്. ആയതിനാല്‍ മാസനിര്‍ണയത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഖുര്‍ആന്‍ കല്‍പനകള്‍ക്കു വിധേയമായി ശരിപ്പെടുത്തുക എന്നത് മുസ്‌ലിംകളുടെ ബാധ്യതയാണ്. കേരളത്തില്‍ പലപ്പോഴും ന്യൂമൂണ്‍ (അമാവാസി) ദിവസം തന്നെ പ്രഥമ ചന്ദ്രക്കല കണ്ടെന്നു സാക്ഷികളുണ്ടാവാറുണ്ട്. മതനേതൃത്വം പ്രസ്തുത സാക്ഷ്യം സ്വീകരിക്കാറുമുണ്ട്. എന്നാല്‍, ഇതിന്റെ ശാസ്ത്രീയ വസ്തുത എന്തെന്ന് അവര്‍ ചിന്തിക്കാറില്ല. ന്യൂമൂണ്‍ അഥവാ അമാവാസി ശാസ്ത്രലോകം കൃത്യമായി ഗണിക്കുകയും ആയിരത്തിലധികം വര്‍ഷത്തേക്കുള്ളത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രഥമ ചന്ദ്രക്കല ഏതൊക്കെ നാട്ടില്‍ എപ്പോള്‍ കാണുമെന്നു പറയാന്‍ ശാസ്ത്രത്തിനു കഴിയില്ല. പക്ഷേ, അമാവാസി ദിവസം ചന്ദ്രനെ ഭൂമിയില്‍ നിന്നു കാണില്ലെന്നു ശാസ്ത്രം ഉറപ്പിച്ചുപറയുന്നു. പൂര്‍വകാല പണ്ഡിതന്മാര്‍ ഇക്കാര്യം നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയിരുന്നു.  കേരളത്തിലെ മുസ്‌ലിം സംഘടനാ നേതൃത്വവും ഖാസിമാരും മാസപ്പിറവി പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയത മനസ്സിലാക്കുകയും ഖുര്‍ആന്‍ കല്‍പനയും നബിചര്യയും ഗോളശാസ്ത്ര കണക്കുകളും അവലംബമാക്കി ഓരോ ദിവസത്തെയും കലയും അതിന്റെ സ്ഥാനവും നോക്കി തിയ്യതികള്‍ മനസ്സിലാക്കുകയും യാസീന്‍ 39ാം വചനപ്രകാരമുള്ള അവസാനത്തെ കല നോക്കുകയും ചന്ദ്രനെ കാണാതാവുന്ന അമാവാസിയോടുകൂടി പ്രസ്തുത മാസം അവസാനിപ്പിച്ച് അടുത്ത ദിവസം പുതുമാസം ആരംഭിക്കുകയും ചെയ്യണമെന്നും അപേക്ഷിക്കുന്നു. ഇത്തരത്തില്‍ ഹിജ്‌രി കലണ്ടര്‍ തയ്യാറാക്കുന്നതിനും മാസപ്പിറവി നിശ്ചയിക്കുന്നതിനുമായി എല്ലാ വിഭാഗത്തിലും പെട്ട ആളുകളെ ഉള്‍പ്പെടുത്തി സംവിധാനം ഉണ്ടാക്കുന്നതും അത്യന്താപേക്ഷിതമാണ്.

മുസ്തഫ മുഹമ്മദ് ജനറല്‍ സെക്രട്ടറി, ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ, കോഴിക്കോട്

(Visited 112 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക