|    Dec 12 Tue, 2017 12:14 pm
FLASH NEWS

ശാസ്താംപാറ ഭൂമി കൈയേറ്റം വ്യാപകം; റവന്യൂ അധികൃതര്‍ക്കു മൗനം

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: വിളപ്പില്‍ ഗ്രാമപ്പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡിലുള്‍പ്പെട്ട വിനോദകേന്ദ്രമായ ശാസ്താംപാറയുടെ താഴ്ഭാഗം സ്വകാര്യവ്യക്തികള്‍ കൈയേറുമ്പോഴും റവന്യൂ അധികൃതര്‍ക്കു മൗനം.  സ്വകാര്യവ്യക്തികളുടെ പ്രേരണയില്‍ മാഫിയാ സംഘങ്ങളാണ് ഏക്കറുകളുള്ള ശാസ്താംപാറയിലെ ഭൂമി വെട്ടിപ്പിടിച്ചും കൃഷിയിറക്കിയും കൈയേറുന്നത്. ടൂറിസ്റ്റ്് കേന്ദ്രമായ ശാസ്താംപാറ ഉള്‍പ്പെടുന്ന പ്രദേശം അളന്നു തിട്ടപ്പെടുത്താന്‍ റവന്യൂ അധികൃതര്‍ തയ്യാറാവുന്നില്ലെന്നു വിളപ്പില്‍ പഞ്ചായത്ത് ആരോപിച്ചു. അനവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. രണ്ടു തവണ കലക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു ശാസ്താംപാറയുടെ ഭൂനിര്‍ണയം നടത്താന്‍ നിര്‍ദേശവും നല്‍കി. എന്നാല്‍, റവന്യൂ ഉ—ദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതു പോലുമില്ലെന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ടൂറിസം പദ്ധതിയെ തുരങ്കംവയ്ക്കാനുള്ള ഒരു വിഭാഗം ആളുകളുടെ ശ്രമമാവാം പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്ന് ആരോപണമുണ്ട്. കരുവിലാഞ്ചി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ശാസ്താംപാറയുടെ അടിവാരത്തെ നാലു വശങ്ങളിലും കൈയേറ്റക്കാര്‍ കൃഷിയിറക്കിയിട്ടുണ്ട്. പുറമ്പോക്കു സ്ഥലത്തിന്റെ വിസ്തൃതിയും അതിരുകളും കൃത്യമല്ലാത്തതിനാല്‍ കൈയേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പഞ്ചായത്തിനുമാവുന്നില്ല. സര്‍വേരേഖയില്‍ 25 ഏക്കറാണ് ശാസ്താംപാറയുടെ വിസ്തൃതി. എന്നാല്‍ റവന്യൂ അധികൃതര്‍ നടപടിയെടുത്തിരുന്നെങ്കില്‍ വിനോദകേന്ദ്രമുള്‍പ്പെട്ട സ്ഥലം സംരക്ഷിക്കാന്‍ പഞ്ചായത്തിനു കഴിയുമായിരുന്നു.സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ക്കായി ഗ്രാമപ്പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിരുന്നു. പദ്ധതിയുടെ നടത്തിപ്പിനു ഭരണാനുമതി ലഭിച്ചെന്ന് പ്രസിഡന്റ് എല്‍ വിജയരാജും വാര്‍ഡ് അംഗം ജയകുമാറും പറയുന്നു. സംരക്ഷണ വേലികെട്ടല്‍, പടവുകള്‍, റോഡ് നവീകരണം എന്നിവയ്ക്കു പദ്ധതി പ്രദേശത്തിന്റെ അതിരുകള്‍ തിരിക്കണം. സര്‍ക്കാരിന്റെ ഓണം വാരാഘോഷവും ശാസ്താംപാറയിലുണ്ടായിരുന്നു. തുടര്‍ന്നും ശാസ്താംപാറയില്‍ ഓണാഘോഷമുണ്ടാവുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കലക്ടര്‍ ഇടപെട്ടു ശാസ്താംപാറ വിനോദകേന്ദ്രത്തിന്റെ സ്ഥലം അളന്നുതിട്ടപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നാണു ഗ്രാമപ്പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക