|    Jun 28 Wed, 2017 12:34 pm
FLASH NEWS

ശാസ്താംകോട്ടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി

Published : 4th November 2016 | Posted By: SMR

ശാസ്താംകോട്ട: ശാസ്താംകോട്ട റെയില്‍വേസ്റ്റഷന് സമീപത്തായി പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള പരശുറാം എക്‌സ്പ്രസ് ഒരു മണിക്കൂറോളം വൈകിയാണ് ഓടിയത്. റെയില്‍വേ സ്‌റ്റേഷനിലെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് സിഗ്നല്‍ ടെക്‌നീഷ്യന്‍ രഞ്ജിത് ട്രാക്കില്‍ നടത്തിയ പരിശോധനയിലാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെ കാവല്‍പുര ജങ്ഷന്‍ ഭാഗത്ത് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സമയം എറണാകുളം ഭാഗത്തേക്ക് പോകാനുള്ള പരശൂറാം എക്‌സ്പ്രസ് ഇവിടെ പിടിച്ചിടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ എന്‍ജീനിയറിങ് വിഭാഗം ജീവനക്കാരെത്തി താല്‍ക്കാലികമായി തകരാര്‍ പരിഹരിച്ച് ട്രെയിന്‍ കടത്തിവിട്ടു. പിന്നീട് മാവേലിക്കരയില്‍ നിന്നും എന്‍ജിനീയറിങ് വിഭാഗം എത്തി വിള്ളല്‍ കണ്ട ഭാഗത്തെ പാളം പൂര്‍ണ്ണമായി മാറ്റി പുതിയത് സ്ഥാപിച്ചു. വൈകീട്ടോടെയാണ് പണികള്‍ പൂര്‍ത്തിയായത്. പണികള്‍ നടന്നതിനാല്‍ ഈ ഭാഗത്ത് ട്രെയിനുകള്‍ നിയന്ത്രണം പാലിച്ചാണ് കടത്തി വിട്ടത്. ഇന്നലെ വിള്ളല്‍ കണ്ട ഭാഗത്ത് ഒന്നര വര്‍ഷം മുമ്പും വിള്ളല്‍ ഉണ്ടായെങ്കിലും അവിടെ താല്‍കാലികമായി പരിഹരിച്ച് ട്രെയിനുകള്‍ കടത്തിവിടുകയായിരുന്നു. ഈ ഭാഗത്ത് നിന്നും അരമീറ്റര്‍ അകലെയാണ് ഇന്നലെ വീണ്ടും വിള്ളലുണ്ടായത്.അതേസമയം, കൊല്ലം-എറണാകുളം റെയില്‍വേ പാതയില്‍ വിള്ളലുണ്ടാകുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ മാസം 17ന് ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപം പുലരി നഗറില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. രാവിലെ വേണാട് എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെ12 സെന്റീമീറ്ററോളം നീളത്തില്‍ പാളത്തിന്റെ ഭാഗം ഇളകി തെറിക്കുകയായിരുന്നു. ഇവിടെ നിന്നും അല്‍പ്പം അകലെ സെപ്തംബര്‍ 30ന് രാവിലെ വിള്ളല്‍ കണ്ടെത്തിയിരുന്നു.  ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കല്ലുംതാഴത്ത് 2014 ഒക്ടോബര്‍ 27ന് റെയില്‍വേ പാളത്തില്‍ ഒന്നരമീറ്ററോളം ഭാഗം പൊട്ടി അടര്‍ന്നുമാറിയിരുന്നു.അപകടത്തില്‍ നിന്നും വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വേണാടിന്റെ അവസാനത്തെ ബോഗി കടന്നുപോയതോടെയാണ് പൊട്ടലുണ്ടായി പാളത്തിന്റെ ഒരു ഭാഗം ഇളകിതെറിച്ചത്. ഈഭാഗം ട്രെയിനില്‍ കുരുങ്ങി കുറെദൂരം പോകുകയും ചെയ്തു. കാലപ്പഴക്കത്താല്‍ തേയ്മാനം വന്നും കൂടുതല്‍ സമ്മര്‍ദം ഏറ്റുമാണ് പാളങ്ങളില്‍ വിള്ളലും പൊട്ടലും ഉണ്ടാകുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 202 സ്ഥലങ്ങളില്‍ പാളത്തില്‍ നേരത്തെ പ്രശ്‌നം കണ്ടെത്തിയിരുന്നു. പുതിയ പാളങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് ഇവ മാറ്റാത്തത്.  25 വര്‍ഷമാണ് റെയില്‍പാളത്തിന്റെ ശരാശരി ആയുസ്സെങ്കില്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് 40 വര്‍ഷമാണ്. തേയ്മാനം സംഭവിക്കുമ്പോള്‍ മുറിച്ചു മാറ്റി  വെല്‍ഡ് ചെയ്യുകയാണ് പതിവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക