|    Mar 24 Sat, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  azchavattam  >  

ശാശ്വത സത്യം

Published : 10th November 2015 | Posted By: G.A.G

SASWATHIKANANDA-BLURB

നിഷാദ്  എം  ബഷീര്‍

”അണ്ണന്‍ പോയതിന്റെ നഷ്ടം ഞങ്ങള്‍ക്കു മാത്രമാണ്, അതു പറഞ്ഞാല്‍ മറ്റാര്‍ക്കും മനസ്സിലാവില്ല. അണ്ണനു സഹോദരങ്ങളോടു വല്ലാത്ത സ്‌നേഹവും കരുതലുമായിരുന്നു. 13 വര്‍ഷം കഴിഞ്ഞിട്ടും അതിപ്പോഴും വല്ലാതെ നോവിക്കുന്നു. അണ്ണന്‍ വിവാഹം കഴിച്ചു കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നെങ്കില്‍ ഇത്ര സങ്കടമുണ്ടാവില്ലായിരുന്നു. ദുഃഖം പങ്കുവയ്ക്കാന്‍ അവരുമൊപ്പമുണ്ടാവുമല്ലോ. എന്നാലിപ്പോള്‍ അണ്ണന്റെ ദുരൂഹമരണത്തിലും കുടുംബമല്ലാതെ ചോദിക്കാനാരുമില്ലാത്ത സ്ഥിതിയാണ്. ഒപ്പമുണ്ടായിരുന്ന പലരുടെയും മനസ്സില്‍നിന്നു സ്വാമിയുടെ ഓര്‍മപോലും മാഞ്ഞുപോയി…” സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്തകുമാരിയുടെ വാക്കുകളില്‍ ദുഃഖം കനത്തു.
രണ്ടു ദിവസം സ്‌കൂളില്‍ പോവാതിരുന്നാല്‍ ലീവ് ലെറ്റര്‍ എഴുതിത്തരുന്നതുപോലും അണ്ണനാണെന്ന് ശാന്തകുമാരി ഓര്‍ക്കുന്നു. ”അന്നത്തെ കാലത്ത് ഇംഗ്ലീഷിലെ ലീവ് ലെറ്റര്‍ കാണുമ്പോള്‍ അധ്യാപകര്‍ അതിശയത്തോടെ ആരാണ് എഴുതിയതെന്നു ചോദിക്കും. അപ്പോള്‍ അഭിമാനം തോന്നും. ചെറുപ്പത്തിലേ അണ്ണന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. പഠിച്ച് ഒരു നിലയിലെത്തണമെന്നും ബുദ്ധിമുട്ടുകളെല്ലാം ഒരിക്കല്‍ മാറുമെന്നും എന്നെ എപ്പോഴും ഉപദേശിക്കും.” അണ്ണന്റെ വാക്കുകളാണ് തനിക്കു പ്രചോദനമായതെന്നു കൊല്ലം എസ്എന്‍ കോളജിലെ ലൈബ്രേറിയന്‍ കൂടിയായിരുന്ന ശാന്തകുമാരി പറയുന്നു.

നിയോഗം പോലെ  സന്ന്യാസത്തിലേക്ക്
1952ല്‍ തിരുവനന്തപുരത്തെ മണക്കാട്ട് പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും കൗസല്യയുടെയും മകനായി ജനിച്ച ശശിധരനാണ് ആറാം വയസ്സില്‍ അന്തേവാസിയായി ശിവഗിരിയിലെത്തി സ്വാമി ശാശ്വതീകാനന്ദയായത്. ആ പഴയകാലം സ്വാമിയുടെ സഹോദരന്‍ രാജേന്ദ്രന്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ”അഞ്ചുമക്കള്‍. വീട്ടില്‍ കൊടിയ ദാരിദ്ര്യം, അച്ഛന്‍ മരിച്ചു. ശശിധരന് തുടര്‍ന്നു പഠിക്കണമെന്ന ആഗ്രഹം. തിരുവനന്തപുരം കൊഞ്ചിറവിള എല്‍പി സ്‌കൂളിലാണ് പ്രാഥമികപഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, ഏഴാം ക്ലാസ്    വരെ തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍. അച്ഛന്റെ
മരണത്തോടെ ജീവിതം പ്രതിസന്ധിയിലായി. അമ്മ പച്ചക്കറിക്കച്ചവടം നടത്തിയാണ് വീടു പുലര്‍ത്തിയത്. അവസ്ഥ മനസ്സിലാക്കി പിതൃസഹോദരന്‍ സ്വാമി കുമാരാനന്ദയാണു ഞങ്ങളെ ശിവഗിരി മഠത്തിലാക്കുന്നത്.” സ്വാമിയോടൊപ്പം ശിവഗിരിയിലെത്തിയ രാജേന്ദ്രന്‍ പക്ഷേ, തിരികെപ്പോന്നു. സ്വാമി അവിടെത്തന്നെ തുടര്‍ന്നു.
സ്‌കൂള്‍, കോളജ് പഠനകാലത്ത് അണ്ണന്‍ ആത്മീയതയിലേക്കു തിരിയുമെന്ന യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നു ശാന്തകുമാരി പറയുന്നു. അണ്ണന്‍ സന്ന്യാസത്തിലേക്കു തിരിഞ്ഞത് ആദ്യം അമ്മയ്ക്ക് ഉള്‍ക്കൊള്ളാനായില്ല. മഠത്തില്‍പ്പോയി അമ്മ ബഹളം വയ്ക്കുകപോലുമുണ്ടായി. സന്ന്യാസിമാരാണ് അമ്മയെ ആശ്വസിപ്പിച്ച് തിരിച്ചയച്ചത്. ചെറുപ്രായത്തില്‍ത്തന്നെ സ്വാമി വായനയിലും പഠനത്തിലും പ്രത്യേക താല്‍പ്പര്യം പുലര്‍ത്തിയിരുന്നുവെന്ന് രാജേന്ദ്രന്‍ പറയുന്നു. നീന്തലിലും യോഗയിലും വിദഗ്ധനായിരുന്നു. കരമനയാറിന് കുറുകെ രാജേന്ദ്രനും സ്വാമിയും മല്‍സരിച്ചു നീന്തിയിട്ടുണ്ട്. വെള്ളത്തില്‍ യോഗാഭ്യാസം നടത്തുന്നതിലും അസാധാരണ കഴിവുണ്ടായിരുന്നു.
വര്‍ക്കല എസ്എന്‍ സ്‌കൂളില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ സ്വാമി എസ്എന്‍ കോളജിലാണ് ബിരുദപഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വേദപഠനത്തിനു ചേര്‍ന്നു. 1977ല്‍ സ്വാമി ബ്രഹ്മാനന്ദയില്‍നിന്നു സന്ന്യാസം സ്വീകരിച്ചു. തുടര്‍ന്ന്, സ്വാമി ശാശ്വതീകാനന്ദ ശിവഗിരി ധര്‍മസംഘം ബോര്‍ഡംഗമായി. സന്ന്യാസം സ്വീകരിച്ച ശേഷം കുടുംബവുമായി സ്വാമി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ അമ്മയെ കാണാന്‍ വീട്ടിലെത്തും. കുടുംബക്കാര്‍ ശിവഗിരി ആശ്രമത്തിലെത്തിയാല്‍ മറ്റു ഭക്തരെപ്പോലെ കാത്തിരുന്നു കാണേണ്ടിവരുന്നതില്‍ കുടുംബക്കാര്‍ക്കു യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. ജാതിമതഭേദചിന്തകള്‍ക്കതീതനായിരുന്നു സ്വാമി എന്നേ അവര്‍ കരുതിയുള്ളൂ. ശശിധരനില്‍നിന്ന് ശാശ്വതീകാനന്ദ സ്വാമിയിലേക്കുള്ള പരിണാമത്തെ ഒരു നിയോഗമായാണ് രാജേന്ദ്രന്‍ കാണുന്നത്.

ജലസമാധിയോ?
1979ല്‍ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതീകാനന്ദ പിന്നീട് ചവിട്ടിക്കയറിയത് വളര്‍ച്ചയുടെ കൊടുമുടിയായിരുന്നു. 1984ലെ തിരഞ്ഞെടുപ്പിലാണു സ്വാമി ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. അന്നത്തെ ജനറല്‍ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ
തുടര്‍ന്ന് സ്വാമി വിവാദങ്ങളുടെ കയത്തില്‍ വീണു. ഇതിനിടയിലും എല്ലാ വിഭാഗം ആളുകളുമായും സ്വാമി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. സന്ന്യാസജീവിതത്തിനു മുമ്പും പിമ്പും യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല. മഅ്ദനിയുമായും നല്ല ബന്ധം പുലര്‍ത്തി. മഅ്ദനി കാലു മുറിച്ചു കിടന്നപ്പോള്‍ ആദ്യം കാണാന്‍ പോയത് സ്വാമിയാണ്. മാധ്യമങ്ങള്‍ ഇതിനെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിച്ചുവെന്ന് രാജേന്ദ്രനും കുടുംബവും പറയുന്നു.
2002 ജൂലൈ ഒന്നിനാണ് ആലുവാപ്പുഴയില്‍ ശാശ്വതീകാനന്ദ മുങ്ങിമരിച്ചത്. പുഴക്കടവില്‍ കുളിക്കുകയായിരുന്ന സ്വാമി വെള്ളത്തില്‍ മുങ്ങുകയായിരുന്നുവെന്നാണ് പോലിസിന്റെ വിശദീകരണം. എന്നാല്‍, സ്വാമിക്ക് നീന്തലറിയാമെന്നും മുങ്ങിമരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാമിയുടെ മരണം കൊലപാതകമാണെന്ന് 13 വര്‍ഷം മുമ്പ് ഉയര്‍ന്ന ആരോപണം വീണ്ടും ഉന്നയിച്ചത് എസ്എന്‍ഡിപി ധര്‍മവേദി നേതാവുകൂടിയായ ബിജു രമേശ് ആണ്.
വിദേശത്തുവച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ മദ്യപിച്ച് മര്‍ദ്ദിച്ചിരുന്നുവെന്ന് മറ്റു പലരെയും പോലെ രാജേന്ദ്രനും വിശ്വസിക്കുന്നു. അടിയുടെ പാടുകള്‍ നാട്ടിലെത്തിയ ഉടന്‍ സ്വാമി ചിലരെ കാണിച്ചിരുന്നുവത്രെ. ഈ പ്രശ്‌നം വിവാദമായാല്‍ എസ്എന്‍ഡിപിയെ ഉപയോഗിച്ച് തന്റെ വ്യവസായസാമ്രാജ്യം വിപുലമാക്കുന്നത് തടസ്സമാവുമെന്ന് കണക്കുകൂട്ടിയാണ് സ്വാമിയെ കൊല്ലിച്ചതെന്നാണു ബിജു രമേശിന്റെ ആരോപണം. ഇതിനായി പ്രിയന്‍ എന്ന വാടകക്കൊലയാളിയെ നിയോഗിച്ചു. കൊല്ലത്തെ വിവാദമായ പ്രവീണ്‍ കൊലക്കേസില്‍ ഡിവൈഎസ്പി ഷാജിയുടെ കൂട്ടുപ്രതിയാണ് പ്രിയന്‍. ഷാജിയും പ്രിയനുമാണ് ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ തന്നോടു പറഞ്ഞതെന്നും ബിജു രമേശ് പറയുന്നു.

മുങ്ങിമരണമല്ല; കൊലപാതകം
സ്വാമി ശാശ്വതീകാനന്ദയുടെ മരണം  കൊലപാതകമാണെന്നാണു മറ്റു കുടുംബാംഗങ്ങളോടൊപ്പം രാജേന്ദ്രനും വിശ്വസിക്കുന്നത്. എന്നാല്‍, അതിന് തെളിവുകളില്ല എന്നുമദ്ദേഹം പറയുന്നു. ”പാലില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയെന്നു ചിലര്‍ പറഞ്ഞപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുക്കിക്കൊന്നെന്നായിരുന്നു മറ്റു ചിലരുടെ വാദം. എന്നാല്‍, മരണകാരണം ഇതുവരെ തെളിയിക്കാനായിട്ടില്ല. സംഭവദിവസം രാവിലെ 10 മണിക്കാണ്   മരിച്ച വിവരം അറിയുന്നത്. ഹൈക്കോടതി ജഡ്ജിയായിരുന്ന വല്യച്ഛന്റെ
മകള്‍ ലക്ഷ്മിക്കുട്ടിയാണ് ആദ്യം സംഭവസ്ഥലത്തേക്കു പോവുന്നത്. സ്വാഭാവികമരണമാണെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. പിന്നീട് കൊലപാതകമാണെന്ന് പറഞ്ഞു. സഹോദരന്റെ മൃതദേഹം കണ്ട് സമനില തെറ്റിയതിനാലാണ് ആദ്യം സ്വാഭാവികമരണമെന്നു പറഞ്ഞതെന്നായിരുന്നു ലക്ഷ്മിക്കുട്ടി പിന്നീട് പറഞ്ഞത്. തിരുവനന്തപുരം മാങ്കോട്ടുകോണം ആറില്‍ കൊച്ചുപ്രായത്തില്‍ അക്കരെയിക്കരെ നീന്തിയവരാണ് സ്വാമിയും ഞാനും. വെള്ളത്തില്‍ നല്ല പരിചയമാണ് സ്വാമിക്ക്. യോഗയുമറിയാം.” ഇതൊക്കെ വശമുള്ളയാള്‍ പെട്ടെന്നെങ്ങനെ മുങ്ങിമരിക്കുമെന്നതാണ് രാജേന്ദ്രന്റെ ചോദ്യം.

സാബു എന്തുകൊണ്ട് അപ്രത്യക്ഷനായി?
സത്യം പുറത്തുവരാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് രാജേന്ദ്രന്‍ ആരോപിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ അതാണു തെളിയിക്കുന്നത്. സ്വാമി മരണപ്പെട്ട് 12 വര്‍ഷത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്. കേസന്വേഷണം നീട്ടിക്കൊണ്ടുപോയതില്‍ത്തന്നെ ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാനാണിത്. ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമായിരുന്നില്ല. മരണം എങ്ങനെയാണ് നടന്നതെന്നു സ്വാമിയുടെ സഹായിയായ സാബുവിനു വ്യക്തമായറിയാം.

സ്വാമിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് സാബുവായിരുന്നു. ചെറുപ്രായത്തില്‍ സ്വാമിക്കൊപ്പം കൂടിയതാണ്. മരണസമയത്തും സാബു സ്വാമിയോടൊപ്പമുണ്ടായിരുന്നു. എന്നാല്‍, സ്വാമി മരിച്ച ശേഷം സാബു അപ്രത്യക്ഷനായി. ശിവഗിരിയില്‍ പോയെന്ന സാബുവിന്റെ മൊഴി രാജേന്ദ്രന്‍ അംഗീകരിക്കുന്നില്ല. സാബുവിനെ കസ്റ്റഡിയില്‍ വാങ്ങി പോലിസ് ചോദ്യം ചെയ്യാത്തതിനെ കുടുംബം സംശയത്തോടെയാണു കാണുന്നത്. ഇക്കാര്യത്തില്‍ പോലിസിനും വേണ്ടത്ര താല്‍പ്പര്യമില്ലായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് സാബുവിന്റേത്. സ്വാമിയാണ് സാബുവിനെ സഹായിച്ചിരുന്നത്. അങ്ങനെയുള്ളയാള്‍ക്ക് സുപ്രിംകോടതി വരെ അപ്പീലിന് പോവാന്‍ പണം ലഭിച്ചതെവിടെനിന്നാണെന്ന ചോദ്യമാണ് രാജേന്ദ്രന്‍ ഉയര്‍ത്തുന്നത്.

ബിജു രമേശിന്റേത് രാഷ്ട്രീയലക്ഷ്യം
13 വര്‍ഷത്തിനുശേഷം ബിജു രമേശ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് രാഷ്ട്രീയലക്ഷ്യത്തോടെയായിരിക്കാമെന്നാണു കുടുംബാംഗങ്ങള്‍ കരുതുന്നത്. ”സ്വാമിയുടെ മരണം കൊലപാതകമാണെന്നും വെള്ളാപ്പള്ളി നടേശനും മകനും പങ്കുണ്ടെന്നും ബിജു രമേശ് നേരത്തേയും ആരോപണമുന്നയിച്ചിട്ടുണ്ട്. ബിജു രമേശിന്റെ ആവശ്യപ്രകാരം ശ്രീനാരായണ ധര്‍മവേദി നടത്തിയ സമരത്തില്‍ സ്വാമിയുടെ കുടുംബം ഒന്നടങ്കം സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാരമിരുന്നു. തന്റെ കൈയില്‍ തെളിവുണ്ടെന്നും കേസുമായി മുന്നോട്ടുപോവുമെന്നുമായിരുന്നു അന്ന് ബിജു പറഞ്ഞത്. എന്നാല്‍, നിരാഹാരം അവസാനിപ്പിച്ച് ബിജു രമേശ് കേസില്‍നിന്നു പിന്‍വാങ്ങി. പിന്നെ ഇപ്പോഴാണ് ചാനലുകള്‍ക്കു മുന്നിലെത്തുന്നത്. സ്വാമിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതില്‍ ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ കേസന്വേഷണവുമായി അന്നേ മുന്നോട്ടുപോയേനെ.” രാജേന്ദ്രന്റെ ചോദ്യങ്ങള്‍ കുറിക്കുകൊള്ളുന്നവയാണ്.
സ്വാമിയുടെ മരണത്തെക്കുറിച്ച് സിബിഐ പോലുള്ള ഏജന്‍സിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടും ശിവഗിരി മഠം യാതൊരു താല്‍പ്പര്യവുമെടുക്കാത്തതില്‍ കുടുംബത്തിന് വല്ലാത്ത വേദനയുണ്ട്.  മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടിലായിരുന്നു മഠം. എന്നാല്‍, അന്നും ഇപ്പോഴത്തെ മഠാധിപതി പ്രകാശാനന്ദ സിബിഐ അന്വേഷണത്തെ അനുകൂലിച്ചിരുന്നു.

വെള്ളാപ്പള്ളിയെ കൊണ്ടുവന്നത് ശാശ്വതീകാനന്ദ
വെള്ളാപ്പള്ളി നടേശനെയും സി കെ വിദ്യാസാഗറിനെയും എസ്എന്‍ഡിപിയിലേക്ക് അടുപ്പിക്കുന്നത് ശാശ്വതീകാനന്ദ സ്വാമിയാണ്. എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു വെള്ളാപ്പള്ളി. വിദ്യാസാഗറിനെ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയാക്കാനായിരുന്നു സ്വാമിയുടെ തീരുമാനം. എന്നാല്‍, വിദ്യാസാഗര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളാപ്പള്ളിയെ പരിഗണിക്കേണ്ടിവന്നു. എസ്എന്‍ഡിപിയെ ശാക്തീകരിക്കാനാണ് വെള്ളാപ്പള്ളിയെയും കൂട്ടരെയും കൊണ്ടുവന്നത്. കേരളമൊട്ടാകെ സ്വാമി ജനത്തെ സംഘടിപ്പിച്ചു. അന്നത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന ഗോപിനാഥനെതിരെയായിരുന്നു ജനവികാരം. പ്രചാരണങ്ങള്‍ക്കൊടുവില്‍ എസ്എന്‍ഡിപിയുടെ ഭരണം പിടിച്ചെടുത്ത് വെള്ളാപ്പള്ളിയെ ജനറല്‍ സെക്രട്ടറിയാക്കി. ശാശ്വതീകാനന്ദ സ്വാമിയുടെ നിയന്ത്രണത്തിലായിരുന്നു സംഘടന പ്രവര്‍ത്തിച്ചത്. സ്വാമിയും വെള്ളാപ്പള്ളിയുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നത് ഒരു രഹസ്യമായിരുന്നില്ല. എതിര്‍ത്തിരുന്നുവെങ്കില്‍ അന്നേ വെള്ളാപ്പള്ളി പുറത്തുപോയേനെ. സ്വാമിയുടെ കാലം കഴിഞ്ഞപ്പോള്‍ വെള്ളാപ്പള്ളി അയാളുടേതായ കാര്യത്തിലേക്കു പോയി. വെള്ളാപ്പള്ളിയും ശിവഗിരി മഠവുമായി അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും ചെയ്തു. കേസുമായി മുന്നോട്ടുപോയതിന്റെ പേരില്‍ തനിക്കു വെള്ളാപ്പള്ളിയില്‍നിന്നു നിരന്തരം ഉപദ്രവമുണ്ടായിരുന്നതായി സഹോദരി ശാന്തകുമാരിക്കും പരാതിയുണ്ട്. എസ്എന്‍ കോളജിലെ ലൈബ്രേറിയനായിരുന്നു അവര്‍. ഉപദ്രവം സഹിക്കാതായപ്പോള്‍ വിആര്‍എസ് എടുത്തുപോവുകയായിരുന്നു.

ശിവഗിരിമഠം സവര്‍ണരുടെ കൈയില്‍
ശിവഗിരിമഠം സവര്‍ണര്‍മാരുടെയും വര്‍ഗീയവാദികളുടെയും കൈയില്‍ അകപ്പെടുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് മോചനത്തിനായി സ്വാമി എസ്എന്‍ഡിപിയെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. മഠത്തിന്റെ ഭരണം പിടിച്ചെടുക്കുന്നതിന് ആര്‍എസ്എസ് ബന്ധമുള്ള 11 സന്ന്യാസിമാരെ പുറത്തുനിന്നെത്തിക്കാനായിരുന്നു ചിലരുടെ ശ്രമം.  ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ ബോര്‍ഡില്‍ 56 സന്ന്യാസിമാരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ സമാധിയായി. നിലവിലുള്ള 53 സന്ന്യാസിമാരില്‍ 10 പേര്‍ നായര്‍ വിഭാഗക്കാരാണ്. ആര്‍എസ്എസ് ബന്ധമുള്ള 11 സന്ന്യാസിമാരും ബോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. മഠത്തിലുണ്ടായിരുന്ന ആരും ഇതിനെയൊന്നും എതിര്‍ക്കാന്‍ തയ്യാറായിരുന്നില്ല.
മരണം കൊലപാതകമാണെന്നതിനു വ്യക്തമായ തെളിവില്ലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിവായി സ്വീകരിക്കണമെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെടുന്നു. പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയനാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്നു വ്യക്തമാക്കി കൂട്ടുപ്രതി ഡിവൈഎസ്പി ഷാജി തനിക്കു കത്തുനല്‍കിയെന്നാണ് ബിജു പറയുന്നത്. ഇതിനെ അടിസ്ഥാനമാക്കി സര്‍ക്കാരിനു പുനരന്വേഷണം നടത്താം. ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നതില്‍ കുടുംബത്തിന് താല്‍പര്യമില്ല. സിബിഐ അന്വേഷണമാണ് അവര്‍ ആവശ്യപ്പെടുന്നത്. നേരത്തേ സിബിഐ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ നീതി ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ഇപ്പോഴത്തെ കാര്യത്തില്‍ ഇവര്‍ക്ക് അത്ര പ്രതീക്ഷയില്ല. വെള്ളാപ്പള്ളി കേന്ദ്രത്തില്‍പ്പോയി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയിരിക്കുമെന്നാണ് ഇവരുടെ സംശയം.

സഹോദരന്റെ വഴിയില്‍
ശിവഗിരിയിലും എസ്എന്‍ഡിപിയിലും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സ്വാമിയുമായി രാജേന്ദ്രന്‍ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. സഹോദരബന്ധം മാത്രമായിരുന്നില്ല കാരണം. സ്വാമി കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനായിരുന്നു രാജേന്ദ്രനും ആഗ്രഹം. അതുകൊണ്ടാണ് സ്വാമിയുടെ സമാധിക്കു ശേഷം അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ശാശ്വതീകാനന്ദസ്വാമി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉണ്ടാക്കിയത്. എല്ലാവരെയും ഒരുമിച്ചുനിര്‍ത്തുകയെന്നതുതന്നെയാണ് ഉദ്ദേശ്യം. അതുകൊണ്ടുതന്നെ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വേര്‍തിരിവില്ലാതെ സ്വാമിയെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗക്കാരെയും ട്രസ്റ്റില്‍ അംഗങ്ങളാക്കി. ഇനിയുള്ള കാലം ജീവകാരുണ്യപ്രവര്‍ത്തനം നടത്തി പാവങ്ങളെ സഹായിക്കണമെന്നാണ് രാജേന്ദ്രന്റെ ആഗ്രഹം.  സ്വാമിയുടെ പേരില്‍ ട്രസ്റ്റുണ്ടാക്കിയപ്പോള്‍ സഹായം വാഗ്ദാനം ചെയ്ത് പലരുമെത്തി. ഇതില്‍ വെള്ളാപ്പള്ളി നടേശന്റെ ആളുകളുമുണ്ടായിരുന്നു. പുറത്തുനിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കുന്നതോടെ സ്വാമിയുടെ പേര് കളങ്കപ്പെടുമെന്നു തോന്നിയ രാജേന്ദ്രന്‍ ഒന്നും സ്വീകരിച്ചില്ല. അതോടെ യഥാര്‍ഥ ലക്ഷ്യം മാറിയാലോ എന്നാണു പേടി. അതിനാല്‍ ട്രസ്റ്റിലെ അംഗങ്ങളില്‍നിന്നുള്ള സഹായം മാത്രമാണ് സ്വീകരിക്കുന്നത്. തുടക്കത്തിലുള്ള പലരും ലാഭേച്ഛയില്ലെന്നു കണ്ടതിനെത്തുടര്‍ന്ന് വഴിപിരിഞ്ഞതായും ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ രാജേന്ദ്രന്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക