|    Mar 18 Sun, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം വേണം

Published : 12th October 2015 | Posted By: swapna en

ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നെന്ന ആരോപണത്തെ തുടര്‍ന്ന് അതേക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ക്കു പുറമെ കെ.പി.സി.സി. അധ്യക്ഷന്‍ വി എം സുധീരനും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആവശ്യമാണെന്നുകണ്ടാല്‍ പുനരന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തരമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.2002 ജൂലൈയിലാണ് സ്വാമി ശാശ്വതീകാനന്ദ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്. പെരിയാറില്‍ കുളിക്കാനിറങ്ങിയ അദ്ദേഹം മുങ്ങിമരിച്ചു എന്നായിരുന്നു പുറത്തുവന്ന വിവരം. ശിവഗിരിമഠം ഭരണസമിതിയുടെ യോഗം നടക്കുന്നതിന്റെ ഏതാനും മിനിറ്റുകള്‍ക്കു മുമ്പായിരുന്നു സംഭവം. നന്നായി നീന്തല്‍ വശമുണ്ടായിരുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ അന്നുതന്നെ വിവിധ കോണുകളില്‍നിന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒരുവര്‍ഷം കഴിഞ്ഞ് 2003 ജൂണില്‍ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് ശാശ്വതീകാനന്ദയുടെ മാതാവും സഹോദരിയും സഹോദരനും ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ശ്രീനാരായണദര്‍ശനങ്ങളുടെ അന്തസ്സത്തയില്‍ ശിവഗിരിമഠവും ശ്രീനാരായണപ്രസ്ഥാനങ്ങളും മുമ്പോട്ടുപോവണമെന്ന നിലപാടുണ്ടായിരുന്ന സ്വാമി ശാശ്വതീകാനന്ദ പിന്നാക്കവിഭാഗങ്ങള്‍ ഐക്യപ്പെടണമെന്ന് നിരന്തരം വാദിച്ച വ്യക്തിയായിരുന്നു. ശിവഗിരിയില്‍ സ്വാധീനമുറപ്പിക്കാനുള്ള സംഘപരിവാരത്തിന്റെ കുല്‍സിത നീക്കങ്ങള്‍ക്കു മുമ്പിലെ മാര്‍ഗതടസ്സമായി അദ്ദേഹം നിലകൊണ്ടു. അക്കാരണംകൊണ്ടുതന്നെ സ്വാമി പലരുടെയും കണ്ണിലെ കരടായി മാറുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനോടൊപ്പം ഗള്‍ഫ് നാടുകളില്‍ സൗഹൃദസന്ദര്‍ശനത്തിലായിരുന്ന ശാശ്വതീകാനന്ദ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയത്. ആ സന്ദര്‍ശനവേളയിലും പിന്നാക്ക ഐക്യത്തെക്കുറിച്ച് പല വേദികളിലും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. അതിനിടയില്‍ ദുബയില്‍ വച്ച് അദ്ദേഹവും വെള്ളാപ്പള്ളിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായതായും ശാശ്വതീകാനന്ദ കൈയേറ്റം ചെയ്യപ്പെട്ടതായും പറയപ്പെടുന്നു. ഏതായാലും യാത്ര കഴിഞ്ഞ് തനിച്ചാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയതെന്നാണ് റിപോര്‍ട്ടുകള്‍. നാട്ടിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ദാരുണമായ അന്ത്യം സംഭവിക്കുന്നത്. കേരളീയരെ ഏറെ ദുഃഖിപ്പിച്ച സംഭവമായിരുന്നു അത്. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സ്വാമിയുടെ കുടുംബാംഗങ്ങള്‍ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരേണ്ടത് അനിവാര്യമായിരിക്കുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നാണ് ഇപ്പോഴുണ്ടായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss