|    Mar 30 Thu, 2017 2:27 pm
FLASH NEWS

ശാശ്വതീകാനന്ദയുടെ കൊലപാതകം: പ്രത്യേക അന്വേഷണസംഘം വേണമെന്ന് ശ്രീനാരായണ ധര്‍മവേദി

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന് ശ്രീനാരായണ ധര്‍മവേദി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയാവേണ്ട കേസ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു.
രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് െ്രെകംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ കാരണം. മൈക്രോഫിനാന്‍സ് ഇടപാടിലൂടെ കോടികള്‍ തട്ടിയ വെള്ളാപ്പള്ളിക്കെതിരായ കേസ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറണം. രണ്ടു കേസുകളിലും പ്രത്യേക അന്വേഷണസംഘം രൂപവല്‍കരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശാശ്വതീകാനന്ദയെ കൊന്നത് താനാണെന്നും തന്നെക്കൊണ്ടത് ചെയ്യിച്ചത് വെള്ളാപ്പള്ളിയാണെന്നും വാടകക്കൊലയാളി സജീഷ് വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ സംസ്ഥാന പൊലിസ് മേധാവി ടി പി സെന്‍കുമാറിനെ കാണാന്‍ ചെന്ന സ്വാമിയുടെ സഹോദരി ശകുന്തളയെ സെന്‍കുമാര്‍ അധിക്ഷേപിച്ചിറക്കിവിട്ടു.
യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്നിടത്തോളംകാലം തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ കേസില്‍ വഴിത്തിരിവുണ്ടാവുമെന്നാണ് കരുതുന്നത്. തങ്ങളുടെ പക്കലുള്ള തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ധര്‍മവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച വെള്ളാപ്പള്ളിക്കെതിരായ തെളിവുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് പറഞ്ഞു. പിന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ അധികൃതരുടെ ഒത്താശയോടെ വെള്ളാപ്പള്ളി നടത്തിയത് കൊടിയ അഴിമതിയാണ്. സര്‍ക്കാര്‍ പണം തട്ടിയെടുക്കാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനനടപടി വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. ശാശ്വതീകാനന്ദയുടെ സഹോദരി ശകുന്തള, ധര്‍മവേദി വൈസ് ചെയര്‍മാന്‍ കെ കെ പുഷ്പാംഗദന്‍, പ്രഫ. ജി മോഹന്‍ദാസ്, സൗത്ത് ഇന്ത്യന്‍ വിനോദ്, അജോയ് മാവേലിക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day