|    Jun 21 Thu, 2018 12:18 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

ശാരി എസ് നായര്‍ തൊട്ട് ജിഷ വരെ

Published : 8th May 2016 | Posted By: swapna en

എ ടി അഷ്‌റഫ്, കരുവാരക്കുണ്ട്‌

പെരുമ്പാവൂരിലെ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികളുടെ ഞരമ്പുരോഗത്തിനപ്പുറത്ത് ചില നിക്ഷിപ്ത അജണ്ടകള്‍ ഉണ്ടെന്ന് ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണത്തിലൂടെ വെളിവാക്കപ്പെടുന്നു. നിഷ്പക്ഷമായി കുറ്റാന്വേഷണം നടത്തുന്ന പോലിസ് സേനയും അവരെ നിയന്ത്രിക്കാന്‍ അധോലോകബന്ധമില്ലാത്ത ഭരണാധികാരികളും ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്തരം കൊലകള്‍ കേരളത്തില്‍ നടക്കില്ലായിരുന്നു. ജിഷയുടെ കൊലയാളിയെ നിയമത്തിന് വിട്ടുകൊടുക്കാതെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്ന് ഒരു സാധാരണ സ്ത്രീയായ സൗമ്യയുടെ മാതാവുപോലും പറയുമ്പോള്‍ നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ല എന്നാണു തെളിയുന്നത്. കൊലയാളിക്ക് വധശിക്ഷ നല്‍കിയേ തീരൂ എന്ന് രാഷ്ട്രീയലാഭം നോക്കി വിധിനല്‍കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ പരോക്ഷമായി അധികാരിവര്‍ഗത്തിന്റെ പരാജയമാണു വെളിപ്പെടുത്തുന്നത്. സ്ത്രീപീഡനവും കൊലയും നടന്നാലും കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവ് കേരള ജനതയ്ക്ക് ഉണ്ടായത് ശാരി എസ് നായരുടെ ദാരുണ മരണത്തോടെയാണ്. ‘വിഐപി’യുടെ ‘സന്ദര്‍ശന’ത്തിനു ശേഷം ഭയചകിതയായി തളര്‍ന്നുപോയ ആ കൗമാരക്കാരിയുടെ മരണം മാതാപിതാക്കള്‍ക്ക് തീരാദുഃഖവും വേദനയും ശാരിയുടെ മകള്‍ക്ക് അരക്ഷിത ഭാവിയുമാണു നല്‍കിയത്. എന്നാല്‍, അതിലൂടെ വിഎസിന് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചു. അതേ വിഎസ് തന്നെ വിഐപിയെ പറ്റി ഇന്നും മൗനംപാലിക്കുന്നു. ശാരി എസ് നായരുടെ കൊലയാളികളെ കണ്ടെത്താന്‍ വേണ്ടി സമരം ചെയ്ത ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായരെ വിഎസിന്റെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കവിയൂര്‍ കേസില്‍, മകള്‍ പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നു കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചു. സ്ത്രീപീഡനമെന്നു കേട്ടാല്‍ ചോര തിളച്ചിരുന്ന മഹിളാമണികള്‍ അനങ്ങിയില്ല.
ശാരിയെ മറവുചെയ്യുന്ന സമയത്ത് ‘കൊലയാളികളെ മാപ്പില്ല’ എന്ന് മുദ്രാവാക്യം വിളിച്ചുകൂവിയ ഡിവൈഎഫ്‌ഐക്കാര്‍ വിഐപിയെ തിരിച്ചറിഞ്ഞതുകൊണ്ടാവണം പിന്നീട് ഇതുവരെ മിണ്ടിയിട്ടില്ല! ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് പീഡനത്തില്‍ പങ്കാളിയാണെന്നറിഞ്ഞതോടെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിന്നീട് ശാരി എന്ന നാമംപോലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇടതു മന്ത്രിപുത്രന്മാരിലേക്ക് അന്വേഷണമെത്തിയതോടെ കലഹം അവസാനിച്ചു. ശാരിയുടെ പിതാവിന്റെ അവശത നിറഞ്ഞ അനുഭവങ്ങളും കേസന്വേഷണത്തിലെ തിരിമറികളും സംപ്രേഷണം ചെയ്യപ്പെട്ടപ്പോള്‍ കോടതി നിര്‍ദേശപ്രകാരം സംപ്രേഷണം തടയപ്പെട്ടു. സ്ത്രീപീഡകരെ കൈയാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്നു പറഞ്ഞ് മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം അടയിരുന്നിട്ടും ഒന്നും നടന്നില്ല. ശാരിയുടെ പിതാവ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹരജി നല്‍കിയെങ്കിലും തമസ്‌കരിക്കപ്പെട്ടു. ജിഷയുടെ കേസന്വേഷണത്തിന്റെ പരിസമാപ്തിയും ഇപ്രകാരമൊക്കെ തന്നെ ആയിരിക്കും. കാരണം, അനഘയെന്ന നമ്പൂതിരിക്കും ശാരിയെന്ന നായര്‍ക്കും കിട്ടാത്ത നീതി, കിടക്കാന്‍ കൂരമാത്രമുള്ള ഒരു ദലിത് പെണ്‍കുട്ടിക്ക് കിട്ടില്ലെന്നതു തന്നെ. തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ ജിഷയുടെ ഘാതകനെ അക്രമാസക്തരായേക്കാവുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ രക്ഷിക്കാം എന്നൊക്കെയായിരിക്കും ഭരണ-പ്രതിപക്ഷ മേലാളന്മാര്‍ കൂടിയിരുന്ന് ആലോചിക്കുന്നത്.
പതിവില്‍നിന്നു വിപരീതമായി ജിഷയ്ക്ക് നീതി ലഭിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു. അത് മഴയില്ലെങ്കില്‍ ഒരു പ്രകടനമാവാം എന്നു കരുതുന്ന മധ്യവര്‍ഗ കേരളീയ മനോഭാവം ക്രമേണ ദുര്‍ബലമാവുന്നതിന്റെ ലക്ഷണമാവാം. അല്ലെങ്കില്‍ പോളിങ് കഴിയുന്നതുവരെയുള്ള ഒരു കോലാഹലം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss