|    Dec 12 Wed, 2018 7:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണം’

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഗുണനിലവാരം ശുഷ്‌കാന്തിയോടെ കൃത്യമായി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സര്‍ജിക്കല്‍ ഉപകരണങ്ങളും മറ്റും യാതൊരു മാനദണ്ഡവുമില്ലാതെ ആര്‍ക്കും വിറ്റഴിക്കാവുന്ന സാഹചര്യമാണുള്ളതെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നു വിശദീകരണം വാങ്ങിയിരുന്നു. ശരീരത്തില്‍ നിക്ഷേപിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് എല്ലുരോഗവിഭാഗത്തിന്റെയും ഹൃദ്രോഗവിഭാഗത്തിന്റെയും നിര്‍മാണ-വിതരണ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2018 ജനുവരി 1ന് നിലവില്‍ വന്ന മെഡിക്കല്‍ ഡിവൈസ് റൂള്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിര്‍മാണനിയന്ത്രണങ്ങള്‍ രോഗികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവുപ്രകാരം ശരീരത്തില്‍ നിക്ഷേപിക്കുന്ന ഇത്തരം ഉപകരണങ്ങളെ മരുന്നായാണ് കണക്കാക്കുന്നത്. ഡ്രഗ് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കാനാവില്ല. ആശുപത്രിയില്‍ നിന്നു വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് കൃത്യമായ ബില്ല് നല്‍കാറുണ്ട്. രജിസ്റ്ററില്‍ രേഖപ്പെടുത്താറുമുണ്ട്. പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആശുപത്രികള്‍ക്കു മുന്നിലെ പെട്ടിക്കടകളില്‍ നിന്നുപോലും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങാമെന്നും ഇതിനു പിന്നില്‍ വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിക്കാരന്‍ നല്‍കിയ ആക്ഷേപത്തില്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് ഉത്തരവു നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss