|    Apr 29 Sat, 2017 7:05 am
FLASH NEWS

ശസ്ത്രക്രിയക്കുശേഷം യുവതി മരിച്ച സംഭവം: മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സങ്കീര്‍ണമായ ഇഎന്‍ടി ശസ്ത്രക്രിയ കഴിഞ്ഞ് ചികില്‍സയിലായിരുന്ന രാജാജിനഗര്‍ സ്വദേശിനി നീതുവിന്റെ (24) മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്കുശേഷം രാത്രി 9 മണിക്കാണ് നീതു മരിച്ചത്. ചികില്‍സാപ്പിഴവുമൂലമാണ് മരണമെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. കര്‍ണപടത്തില്‍ ദ്വാരവും പഴുപ്പുമുണ്ടായതിനെത്തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് നീതു ഇഎന്‍ടി ഒപിയില്‍ ചികില്‍സയ്ക്കായെത്തിയത്. വിദഗ്ധപരിശോധനയില്‍ രോഗം ഭേദമാക്കാനായി ശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തി. എന്നാല്‍, ഹൃദ്രോഗസംബന്ധമായ അസുഖത്തിന് നീതു ചെറുപ്രായത്തില്‍ ചികില്‍സ തേടിയിരുന്നതായി അറിഞ്ഞു. 2002ല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍വച്ച് ഹൃദ്രോഹത്തിന് ശസ്ത്രക്രിയയും നടത്തിയിരുന്നു.  പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നിശ്ചയിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 9 മുതല്‍ 12 മണിവരെ സങ്കീര്‍ണമായ ശസ്ത്രക്രിയ നീണ്ടു. വിജയകരമായിരുന്നു ശസ്ത്രക്രിയ. ഉച്ചയ്ക്ക് മൂന്നരവരെ തിയേറ്ററിനോട് ചേര്‍ന്നുള്ള ഒബ്‌സര്‍വേഷന്‍ റൂമില്‍ നീതുവിനെ നിരീക്ഷിച്ചു. മറ്റുപ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. വൈകീട്ട് 6.30ന് ഡോക്ടര്‍മാര്‍ നീതുവിനെ പരിശോധിച്ചപ്പോള്‍ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍, അതിനുശേഷം നീതുവിന് 7.45 നോട് കൂടി വയറുവേദന അനുഭവപ്പെടുകയും ആരോഗ്യനില പെട്ടെന്ന് മോശമാവുകയും ചെയ്തു. സാധ്യമായ എല്ലാ അടിയന്തര ചികില്‍സകള്‍ നല്‍കിയിരുന്നെങ്കിലും നീതുവിന്റെ പള്‍സും ബിപിയും താഴുകയും രാത്രി 9ന് മരണപ്പെടുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷമായതിനാലും മുമ്പ് ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നതിനാലുമാണ് മരണകാരണം കണ്ടെത്താനായി നീതുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day