|    Sep 21 Fri, 2018 10:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശശീന്ദ്രന്റെയും കുട്ടികളുടെയും ദുരൂഹ മരണത്തിന് 6 വയസ്സ്‌ : കൊലപാതക തെളിവുകളില്‍ മൗനം പൂണ്ട് സിബിഐ

Published : 24th January 2017 | Posted By: fsq

 

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി വി ശശീന്ദ്രനും രണ്ട് മക്കളും ദൂരൂഹമായ നിലയില്‍ മരണപ്പെട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും കുടുംബാംഗങ്ങള്‍  നല്‍കിയ കൊലപാതക തെളിവുകളില്‍ മൗനം പൂണ്ട് സിബിഐ. അഴിമതിക്കെതിരേ നിലകൊണ്ടതിന്റെ പേരില്‍ മൂന്ന്് ജീവന്‍ ബലി നല്‍കേണ്ടി വന്ന ശശീന്ദ്രന്റെ കുടുംബത്തിന് നീതി നിഷേധിക്കുക മാത്രമല്ല യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ സിബിഐ ബോധപൂര്‍വം വീഴ്ച വരുത്തുന്നതായും സഹോദരന്‍ ഡോ. വി സനല്‍കുമാര്‍ ആരോപിച്ചു.ശശീന്ദ്രന്‍ മുഖ്യ സാക്ഷിയായ മലബാര്‍ സിമന്റ്‌സിലെ മൂന്ന് അഴിമതി കേസുകളില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ മൂന്നാം ദിവസം, 2011 ജനുവരി 24ന് വൈകീട്ടാണ് ശശീന്ദ്രനും മക്കളും കഞ്ചിക്കോട് കുരുടിക്കാട്ടുള്ള വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മലബാര്‍ സിമന്റ്‌സ് അഴിമതി കേസുമായി മുന്നോട്ടു പോയാല്‍ രാഷ്ട്രീയ- ഐഎഎസ് സ്വാധീനമുപയോഗിച്ച് കുടുക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യവസായി വി എം രാധാകൃഷ്ണന്‍, ശശീന്ദ്രനെ വീട്ടില്‍ ചെന്നും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയില്‍ ശശീന്ദ്രന്റെ പേരില്ലെന്ന വിവരം മരണ ദിവസം വൈകീട്ട് ഭാര്യ ടിന ശശീന്ദ്രനെ ഫോണ്‍ മുഖാന്തരം വിളിച്ചറിയിച്ചിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ തന്നോടുള്ള വിരോധം അഴിമതി സംഘങ്ങള്‍ക്ക് കൂടുമെന്ന് ശശീന്ദ്രന്‍ ഭയപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് അര മണിക്കൂറിനകം കുരുടിക്കാട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ചന്ദ്ര നഗറില്‍ ചെന്ന് കയര്‍ വാങ്ങി രണ്ടു കുട്ടികളെ കൊന്ന് ആല്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സിബിഐയുടെ പ്രഥമ കുറ്റപത്രത്തിലുള്ളത്.ശശീന്ദ്രന്റെ ദേഹത്തുമാത്രം മര്‍മ പ്രധാനമായ സ്ഥാനങ്ങളില്‍ ഉണ്ടായ 13 മുറിവുകള്‍ എങ്ങിനെ ഉണ്ടായി, ഒരാള്‍ക്കു മാത്രമായി കുട്ടികളെ കൊന്ന് സ്റ്റീല്‍ ലാഡറില്‍ കയറ്റി കെട്ടിത്തൂക്കാന്‍ കഴിയില്ലെന്നു തെളിഞ്ഞ ഡെമ്മി ടെസ്റ്റ്, നിലത്തു നിന്ന് ലഭിച്ച നാലാമതു കുരുക്കിട്ട കയറിന്റെ വലുപ്പക്കുറവ്, ശശീന്ദ്രന്റെ കഴുത്തിലെ രണ്ടു കയറിന്റെ പാടുകള്‍, കുട്ടികളെ തൂക്കിയ രീതി, മൂന്ന് ശരീരത്തിലും തൂങ്ങി മരിക്കുന്നവരില്‍ കാണാവുന്ന മലമൂത്ര വിസര്‍ജനത്തിന്റെ അഭാവം, തൂക്കിയിട്ടിരിക്കുന്നതിലെ അപാകത, ലാന്റ് ഫോണ്‍ ഡിസ്‌ക്കണക്ട് ചെയ്തത് തുടങ്ങിയ വിവരങ്ങള്‍ ഒന്നും സിബിഐ അന്വേഷിക്കുകയോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ വസ്തുതയെല്ലാം ചൂണ്ടിക്കാട്ടി സഹോദരന്‍ സിബിഐ ഡയറക്ടര്‍ക്ക് നിവേദനം നല്‍കുകയും ഹൈക്കോടതിയില്‍ പുതിയ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ശശീന്ദ്രന്റെ പിതാവ് താമസിക്കുന്ന കൊല്ലങ്കോട് വിപുലമായ പരിപാടികളാണ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന്  ഒരുക്കിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss