|    Sep 26 Wed, 2018 4:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശി തരൂരിന് വിദേശയാത്രക്ക് അനുമതി

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭര്‍ത്താവ് ശശി തരൂര്‍ എംപിക്ക് ഉപാധികളോടെ വിദേശത്തേക്കു പോവാന്‍ അനുമതി. കഴിഞ്ഞ ദിവസം അന്തരിച്ച ഐക്യരാഷ്ട്രസഭാ മുന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച് അനുശോചനം അറിയിക്കുന്നതിനായി ജനീവയില്‍ പോവാനാണ് ഐക്യരാഷ്ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ തരൂരിനു ഡല്‍ഹി പട്യാലാഹൗസ് കോടതി അനുമതി നല്‍കിയത്.
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജനീവയില്‍ എത്തുന്ന ശശി തരൂര്‍, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ലോകരാജ്യങ്ങളുടെ സാമ്പത്തിക സഹായവും ആവശ്യപ്പെടും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയായ തരൂരിന് അനുമതിയില്ലാതെ വിദേശത്തേക്കു പോവരുതെന്ന വ്യവസ്ഥയോടെ കഴിഞ്ഞ മാസമാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ഇതേത്തുടര്‍ന്നാണ് വിദേശയാത്രയ്ക്കായി അദ്ദേഹം കോടതിയെ സമീപിച്ചത്. ഒരു ദിവസത്തെ ജനീവ യാത്രയ്ക്കാണ് തരൂര്‍ കോടതിയുടെ അനുമതി തേടിയത്.
തിങ്കളാഴ്ച വൈകുന്നേരം യാത്ര തിരിക്കുന്ന തരൂര്‍ ചൊവ്വാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തും. യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ ജാമ്യത്തിലാണ് തരൂരിന് അനുമതി ലഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss