|    Dec 17 Mon, 2018 10:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശശിക്കെതിരേയുള്ള നടപടി കണ്ണില്‍ പൊടിയിടാന്‍: മുല്ലപ്പള്ളി

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പീഡനപരാതിയില്‍ പികെ ശശിയെ ആറു മാസം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള സിപിഎം നടപടി സമൂഹത്തിന്റെ കണ്ണില്‍പൊടിയിടാന്‍ മാത്രമാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സംഭവത്തില്‍ എംഎല്‍എ കുറ്റക്കാരനാണെന്നു പാര്‍ട്ടി കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് യുവതി നല്‍കിയ പരാതി പാര്‍ട്ടി ഉടനടി പോലിസിനു കൈമാറുകയും പീഡനത്തിനു കേസെടുക്കുകയുമാണു വേണ്ടത്. എംഎല്‍എയെ തല്‍സ്ഥാനത്തു നിന്നു നീക്കണം. അതിനു തയ്യാറല്ലെങ്കില്‍ ശശിക്കെതിരേ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുമെന്നു മുല്ലപ്പള്ളി പറഞ്ഞു. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍, നവോത്ഥാനമൂല്യങ്ങള്‍ക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് പാര്‍ട്ടിയിലെ സദാചാരമൂല്യങ്ങള്‍ പോലും ചീന്തിയെറിഞ്ഞ സംഭവം പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ശശി, എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ക്കെതിരേ ഗുരുതരമായ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും കണ്ണില്‍പൊടിയിടാനുള്ള നടപടികള്‍ സ്വീകരിച്ച് അവരെയെല്ലാം അതിവേഗം തിരിച്ചെടുക്കുകയും പരാതിക്കാരെ ഇല്ലാതാക്കുകയുമാണ് സിപിഎം ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, യുവതിയുടെ പീഡന പരാതിയില്‍ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി കെ ശശിക്കെതിരേ പോലിസ് സ്വമേധയാ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടത്, പോലിസും കോടതിയുമാണ്. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സംസ്ഥാനത്ത് അതാണ് നടക്കേണ്ടത്. പാര്‍ട്ടിയുടെ അന്വേഷണവും ശിക്ഷയും കൊണ്ടു മാത്രം പ്രശ്—നം അവസാനിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അതു നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കള്ളക്കടത്ത് നിരോധന കേസിലെ പ്രതിയെ വീട്ടുതടങ്കലിലാക്കരുതെന്നു കാണിച്ച് ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖും പി ടി എ റഹിമും ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത് ദേശീയ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss