|    Oct 19 Thu, 2017 2:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യം : ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

Published : 14th July 2017 | Posted By: fsq

ബംഗളൂരു: അണ്ണാ ഡിഎംകെ (അമ്മ) നേതാവ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്നതായി മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ ആരോപിച്ചു. ഡിഐജി (ജയില്‍) ഡി രൂപയാണ് ആരോപണം ഉന്നയിച്ചത്. ജയില്‍ സന്ദര്‍ശിച്ചശേഷം രൂപ, ജയില്‍ ഡിജിപി എച്ച് എസ് സത്യനാരായണറാവുവിന് സമര്‍പ്പിച്ച നാല് പേജ് വരുന്ന റിപോര്‍ട്ടിലാണ് ആരോപണം.തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ക്കശ നപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ റായ്പൂര്‍ ജില്ലയിലുള്ള മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.  ശശികലയ്ക്കു വേണ്ടി ജയിലില്‍ ചട്ടം ലംഘിച്ച് പ്രത്യേക അടുക്കള ഒരുക്കിയതായും സൗകര്യം നല്‍കുന്നതിന് ജയിലധികൃതര്‍ രണ്ടുകോടി രൂപ കോഴ വാങ്ങിയതായി അഭ്യൂഹമുണ്ടെന്നും ഡി രൂപയുടെ റിപോര്‍ട്ടില്‍ പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആരോപണങ്ങള്‍ ജയില്‍ ഡിജിപിക്ക് എതിരാണ്. ശശികലയ്ക്ക് അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നിര്‍ദയമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അവര്‍ റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടു. വ്യാജ മുദ്രപത്ര കുംഭകോണക്കേസിലെ ആസൂത്രകന്‍ അബ്ദുല്‍ കരീം തെല്‍ഗിക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യവും റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം, രൂപയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു റാവു പറഞ്ഞു. ജയിലില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നും രൂപയ്‌ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബന്ധുക്കളായ വി എന്‍ സുധാകരന്‍, ഇളവരശി എന്നിവര്‍ക്കൊപ്പം നാലുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ് ശശികല. തെല്‍ഗി ചക്രക്കസേരയെ ആശ്രയിക്കുന്നതിനാല്‍ അദ്ദേഹത്തിനു സഹായികളെ അനുവദിക്കാന്‍ ആറുമാസം മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കാന്‍ പ്രയാസമില്ലാതിരുന്നിട്ടും മൂന്നോ നാലോ വിചാരണത്തടവുകാര്‍ തെല്‍ഗിയുടെ സഹായികളായി പ്രവര്‍ത്തിക്കുന്നു. ജയിലില്‍ തടവുകാര്‍ കഞ്ചാവും ഉപയോഗിക്കുന്നുണ്ട്. അവര്‍ ആരോപിച്ചു. റിപോര്‍ട്ട് സര്‍ക്കാരിന് അയച്ചതായി രൂപ അറിയിച്ചു. ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ലെന്നും മറ്റു തടവുകാരുമൊത്താണ് അവര്‍ ഭക്ഷണം കഴിക്കുന്നതെന്നുമാണു റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മാധ്യമങ്ങളെ സമീപിച്ചതിനും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതിനും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനും രൂപയ്ക്ക് താന്‍ രണ്ട് മെമ്മോ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക