|    Jul 21 Sat, 2018 1:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശശികലയെ അണ്ണാ ഡിഎംകെ പുറത്താക്കി

Published : 13th September 2017 | Posted By: fsq

 

ചെന്നൈ: വി കെ ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി ജനറല്‍ കൗണ്‍സില്‍ യോഗം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത എഐഎഡിഎംകെ ജനറല്‍ കൗണ്‍സിലിലാണ് തീരുമാനം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മരണയ്ക്കായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. ഇതോടെ പാര്‍ട്ടിയില്‍ ഇനി ജനറല്‍ സെക്രട്ടറി ഉണ്ടാവില്ല. ജയലളിത നിയമിച്ച ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടരും. ഒപിഎസ് അധ്യക്ഷനായ ഏകോപന സമിതിയായിരിക്കും പാര്‍ട്ടിയെ നയിക്കുക. എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍പക്ഷം നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതോടെയാണ് യോഗം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായത്. എന്നാല്‍, ശശികലയെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാവുമെന്ന് ദിനകരന്‍  മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം, ശശികല വിഭാഗത്തെ പുറത്താക്കിയ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ നടപടിക്കു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ടി ടി വി ദിനകരന്‍ രംഗത്തെത്തി.  തനിക്കൊപ്പം നിലവില്‍ 21 എംഎല്‍എമാരുണ്ട്. ഇവര്‍ പളനിസ്വാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടിയെടുക്കുന്നില്ലെന്നും ദിനകരന്‍ വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വം സംബന്ധിച്ച വിഷയം ഇപ്പോഴും കോടതി പരിഗണനയിലാണ്. അതിനാല്‍ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും ദിനകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss