|    Sep 24 Sun, 2017 2:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശശികലക്കെതിരേ പോലിസ് കേസെടുക്കാത്തത് വിവാദത്തില്‍

Published : 24th October 2016 | Posted By: SMR

കാസര്‍കോട്: വര്‍ഗീയ വിദ്വേഷം ഇളക്കിവിടുന്ന പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരേ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുക്കാന്‍ വൈകുന്നത് വിവാദമാവുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും ഇതില്‍ ആഭ്യന്തരവകുപ്പിന്റെ നിയമോപദേശം തേടുകയാണ് പോലിസ്.
സമാനമായ മറ്റൊരു സംഭവത്തില്‍ ഷുക്കൂറിന്റെ പരാതിയില്‍ മുജാഹിദ് നേതാവിനെതിരേ പോലിസ് കേസെടുക്കുകയും പിന്നീട് കോഴിക്കോട് കസബ സിഐ ഇയാള്‍ക്കെതിരേ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. സ്വമേധയാ കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ സഹിതമാണ് ശശികലക്കെതിരേ പരാതി നല്‍കിയത്. ഒരാഴ്ച കഴിഞ്ഞിട്ടും സംഭവത്തില്‍ നടപടി എടുത്തിട്ടില്ല.
2013ന് ശേഷം കേരളത്തിലെ വിവിധ ജില്ലകളില്‍ ശശികല നടത്തിയ വര്‍ഗീയ വിദ്വേഷം ഇളക്കിവിടുന്ന പ്രസംഗങ്ങളുടെ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരുന്നത്. സംഭവം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുമെന്നാണറിയുന്നത്. എന്നാല്‍ ആഭ്യന്തരവകുപ്പില്‍ നിന്ന് നിയമോപദേശം ലഭിക്കാത്തിനെ തുടര്‍ന്നാണ് കേസെടുക്കാത്തതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.
മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടി പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലക്കെതിരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ട മുഖം പുറത്തായിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാകമ്മിറ്റി ആരോപിച്ചു.
ഇത്തരം വിഷയങ്ങളില്‍ സ്വയം മതേതരവാദികളെന്ന് നടിക്കുന്ന ഡിവൈഎഫ്‌ഐ അടക്കമുള്ള ഇടത് യുവജന സംഘടനകളുടെ മൗനം സംശയാസ്പദമാണെന്നും കമ്മിറ്റി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക