|    Feb 25 Sat, 2017 3:20 pm
FLASH NEWS

ശല്യക്കാരനായ കാട്ടുകൊമ്പനെ മയക്കുവെടിവച്ചു തളച്ചു

Published : 23rd November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ കര്‍ഷകനെ ആക്രമിക്കുകയും നിരന്തരമായി കൃഷിനാശം വരുത്തുകയും ചെയ്ത കാട്ടുകൊമ്പനെ മയക്കുവെടിവച്ച് തളച്ചു. ഇന്നലെ പുലര്‍ച്ചെ കല്ലൂര്‍ 67ന് സമീപം വനത്തില്‍ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയില്‍ പ്രത്യേകം തയ്യാറാക്കിയ ആനപ്പന്തിയില്‍ എത്തിച്ചു. പുലര്‍ച്ചെ അഞ്ചോടെ കല്ലൂര്‍ 67ല്‍ വനഭാഗത്ത് ആനയെ ലൊക്കേറ്റ് ചെയ്തു. തുടര്‍ന്ന്്് 6.45ഓടെ വനം വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ മയക്കുവെടി വച്ചു. വെടിയേറ്റ കാട്ടാന അരമണിക്കൂറിനകം മയങ്ങി. പിന്നീടാണ് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ മരത്തടികള്‍ വച്ചുകെട്ടി നിര്‍മിച്ച കൂട്ടിലെത്തിച്ചത്. മുത്തങ്ങ ആനപ്പന്തിയിലെ കുഞ്ചു, പ്രമുഖ, തമിഴ്‌നാട്ടിലെ മുതുമല വന്യജീവിസങ്കേത്തില്‍ നിന്നെത്തിച്ച മുതുമലൈ, വിജയ്് എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ വരുതിയിലാക്കി ലോറിയില്‍ കയറ്റിയത്. മുത്തങ്ങങ്ങയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തിക്കുമുന്നില്‍ പാപ്പാന്‍മാര്‍ പൂജ നടത്തി. തുടര്‍ന്ന്് ലോറിയില്‍ വച്ചുതന്നെ ആനയുടെ ദേഹത്ത് വെള്ളമൊഴിച്ചു. പിന്നീട് ലോറിയിലെ കൂട്ടില്‍ നിന്ന് ഇരുകാലുകളിലും വടംകെട്ടി കുങ്കിയാനകളുടെ സഹായത്തോടെ പുറത്തിറക്കി പന്തിയില്‍ കയറ്റി. കൊമ്പനെ ഒരുമാസം ഈ പന്തിയില്‍ തന്നെ നീരിക്ഷിക്കും. ഇതിനുശേഷം എന്തുചെയ്യണമെന്ന കാര്യം ആലോചിക്കുമെന്നു വയനാട് വൈല്‍ഡ്് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കാട്ടാന കല്ലൂര്‍ പ്രദേശത്തെ കര്‍ഷകരുടെ സ്വത്തിനും ജീവനുഭീഷണി സൃഷ്ടിച്ച് വിലസുകയായിരുന്നു. ഇരുട്ടുന്നതോടെ കൃഷിയിടത്തില്‍ ഇറങ്ങുന്ന ആന നേരം പുലരുവോളം അവിടെ നിലയുറപ്പിക്കും. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ് ഉള്‍പ്പടെയുള്ള കൃഷികള്‍ ഇതിനകം നശിപ്പിച്ചു. കൃഷി നശിപ്പിക്കുന്നതു പതിവായതോടെ ഫെബ്രുവരിയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുമ്പ്് മറ്റൊരു കൊമ്പനുമായുണ്ടായ ഏറ്റുമുട്ടലില്‍ നഷ്ടമായി. വീണ്ടും കോളര്‍ ഐഡി ഘടിപ്പിച്ചു. തുടര്‍ന്നാണ്് കഴിഞ്ഞ ഏതാനും ദിവസം മുമ്പ്് രാവിലെ എട്ടോടെ കല്ലൂര്‍ രാജീവ്ഗാന്ധി സ്‌കൂളിന് മുന്നിലൂടെയുള്ള റോഡിലെത്തിയ ആന കര്‍ഷകനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ആനയെ വെടിവച്ചു പിടികൂടണമെന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ വനംമന്ത്രി ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ നിര്‍ദേശം നല്‍കി. ഇതോടെ മുത്തങ്ങയില്‍ നിര്‍മിച്ച പന്തിയുടെ അറ്റകുറ്റപ്പണികള്‍ വേഗം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ശ്രമം തുടങ്ങിയത്. ദൗത്യത്തിന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, വൈല്‍ഡ് ലൈഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ കെ ആര്‍ കൃഷ്ണദാസ്, ഹീരാലാല്‍, അജയ്‌ഘോഷ്്, സി കെ ആസിഫ്, ആര്‍ആര്‍ടി റേഞ്ചര്‍ വിനോദ്് എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക